സ്ഥാനാര്‍ഥികള്‍ സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ വെളിപ്പെടുത്തണം

Posted on: December 16, 2016 9:38 am | Last updated: December 16, 2016 at 11:34 am

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ വെളിപ്പെടുത്തണമെന്ന് നിബന്ധന കൊണ്ടുവരുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി. പഞ്ചാബില്‍ അടുത്തവര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുതലാണ് ഇത് നടപ്പാക്കുക. ഇതാദ്യമായാണ് സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ വെളിപ്പെടുത്തണമെന്ന് നിബന്ധന കൊണ്ടുവരുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയോ പരസ്യം നല്‍കുകയോ ചെയ്താല്‍ അതിന്റെ ചിലവ് കൂടി ഉള്‍പ്പെടുത്തേണ്ടി വരും. രാഷ്ട്രീയ കക്ഷികള്‍ നല്‍കുന്ന പരസ്യങ്ങളും അവരുടെ എക്കൗണ്ടില്‍ കാണിക്കേണ്ടി വരും. പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി ഏതെങ്കിലും പരസ്യം സോഷ്യല്‍ മീഡിയയില്‍ വന്നാല്‍ നടപടിയെടുക്കും. എല്ലാ സോഷ്യല്‍ മീഡിയയും നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സംവിധാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് തിരഞ്ഞെടുപ്പ് മുതല്‍ കമ്മീഷന്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കുന്ന ഫ്‌ളൈയിംഗ് സ്‌ക്വാഡുകളുടെ നിയോഗിക്കുമെന്നും നസീം സെയ്ദി പറഞ്ഞു. വോട്ടര്‍മാര്‍ക്ക് പണം, മദ്യം തുടങ്ങിയവ നല്‍കാന്‍ ശ്രമിച്ചാല്‍ അത് ഉടന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ റഡാറിലെത്തും.