Connect with us

Ongoing News

അഞ്ചാം ടെസ്റ്റ് ഇന്ന് ചെന്നൈയില്‍; ആന്‍ഡേഴ്‌സന്‍ ഇല്ല; റെക്കോര്‍ഡ് ലക്ഷ്യമിട്ട് കോഹ്‌ലി

Published

|

Last Updated

ചെന്നൈ: ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇന്ന് ചെന്നൈയില്‍ അവസാന ടെസ്റ്റും സ്വന്തമാക്കി 2016 അവിസ്മരണീയമാക്കാന്‍ ഇറങ്ങുന്നു. മാനം കാക്കുക എന്ന അവസാന ശ്രമം മാത്രമാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്. സമനില പോലും അലിസ്റ്റര്‍ കുക്കിനും സംഘത്തിനും ആശ്വാസമേകില്ല. വര്‍ദ ചുഴലി ആഞ്ഞടിച്ച ചെന്നൈയില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടാകും ടെസ്റ്റ് ആരംഭിക്കുക. പരമ്പരയില്‍ 3-0ന് ഇന്ത്യ മുന്നിലാണ്.

ചെന്നൈ ടെസ്റ്റ് ജയിച്ചാല്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ എക്കാലത്തേയും വലിയ പരമ്പര ജയമായി മാറും. 1992-93 കാലത്ത് മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ 3-0ന് ജയിച്ചതിന്റെ റെക്കോര്‍ഡിനൊപ്പമാണ് വിരാട് കോഹ്‌ലിയുടെ ടീം.
വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് മികവിനെ ചോദ്യം ചെയ്ത് വിവാദത്തിന് തിരി കൊളുത്തിയ ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ പരുക്ക് കാരണം അവസാന ടെസ്റ്റില്‍ കളിക്കുന്നില്ല. ഇത് മത്സരത്തിന്റെ ആവേശത്തെ ബാധിക്കും. ഇന്ത്യയിലെ പിച്ചുകളില്‍ മാത്രമാണ് കോഹ്‌ലിക്ക് റണ്‍സൊഴുക്കാന്‍ സാധിക്കുക എന്നും ഇംഗ്ലണ്ടിലെ പിച്ചില്‍ വലിയ പരാജയമാണെന്നുമായിരുന്നു ആന്‍ഡേഴ്‌സന്റെ പരാമര്‍ശം. ഇതേ ചൊല്ലി അശ്വിനും ആന്‍ഡേഴ്‌സനും തമ്മില്‍ വാക്ക് തര്‍ക്കം വരെയുണ്ടായി. ചെന്നൈയിലെ പിച്ചില്‍ കോഹ്‌ലിക്കെതിരെ ആന്‍ഡേഴ്‌സന്‍ പന്തെറിയുന്നത് കാണാന്‍ കൊതിച്ച ക്രിക്കറ്റ് പ്രേമികള്‍ക്ക് നിരാശയാണ് പേസറുടെ പിന്‍മാറ്റം. ഇന്ത്യന്‍ പര്യടനത്തിലെ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് ആകെ നാല് വിക്കറ്റുകള്‍ മാത്രമാണ് ആന്‍ഡേഴ്‌സന് വീഴ്ത്താന്‍ സാധിച്ചത്. തോള്‍ വേദന കാരണം ആഗസ്റ്റ് മുതല്‍ വിശ്രമത്തിലായിരുന്നു ആന്‍ഡേഴ്‌സന്‍. രാജ്‌കോട്ടിലെ ആദ്യ ടെസ്റ്റിന് ശേഷമാണ് ആന്‍ഡേഴ്‌സന്‍ ഇംഗ്ലണ്ട് ടീമിനൊപ്പം ചേര്‍ന്നത്. അവസാന ടെസ്റ്റിന് ഇറങ്ങുമ്പോള്‍ പരമ്പര 1-1 എന്ന നിലയിലായിരുന്നെങ്കില്‍ സാഹസം കാണിച്ചും ആന്‍ഡേഴ്‌സനെ ടീമിലുള്‍പ്പെടുത്തുമായിരുന്നു. ഇതിപ്പോള്‍ സാഹചര്യം വ്യത്യസ്തമാണ്. അടുത്ത പതിനെട്ട് മാസം ആന്‍ഡേഴ്‌സന്റെ സേവനം ഇംഗ്ലണ്ട് ടീമിന് നിര്‍ണായകമാണ്. വിശ്രമമാണ് ഇപ്പോള്‍ ആവശ്യം – ക്യാപ്റ്റന്‍ കുക്ക് പറഞ്ഞു.

 

Latest