ജലമോഷണം തടയാന്‍ കര്‍ശന നടപടി വരുന്നു

Posted on: December 16, 2016 6:59 am | Last updated: December 16, 2016 at 12:01 am

കണ്ണൂര്‍: കണ്ണൂര്‍: വരള്‍ച്ച ഇക്കുറി ശക്തമാകുമെന്നുറപ്പായതോടെ ജലദുരുപയോഗവും ജലമോഷണവും തടയാന്‍ ജലവിഭവവകുപ്പ് കര്‍ശന നടപടിക്കൊരുങ്ങുന്നു.വാട്ടര്‍ അതോറിറ്റിയുടെ എല്ലാ ഡിവിഷനുകളിലും ആന്റ് തെഫ്റ്റ് സ്‌ക്വാഡ് രൂപവത്കരിച്ച് പ്രവര്‍ത്തനം ശക്തമാക്കുന്നതിനുള്ള നിര്‍ദേശം ജലഅതോറിറ്റി നല്‍കി. അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ മേല്‍നോട്ടത്തിലായിരിക്കും ഫീല്‍ഡ് ജീവനക്കാരെയടക്കം ചേര്‍ത്ത് സ്‌ക്വാഡ് രൂപവത്കരിക്കുക. മാസത്തില്‍ നാല് തവണയെങ്കിലും ഡിവിഷന്‍ പരിധിയിലെ എല്ലായിടത്തും സന്ദര്‍ശനം നടത്തി ജലചൂഷണം തടയാന്‍ നടപടിയെടുക്കണമെന്നാണ് പ്രധാന നിര്‍ദേശം.

എല്ലാ കാലങ്ങളിലും ജലഅതോറിറ്റിയുടെ കീഴില്‍ ഇത്തരം പരിശോധനകള്‍ നടക്കാറുണ്ടെങ്കിലും അത് വെറും വഴിപാടായി മാറുകയാണ് പതിവ്.എന്നാല്‍ ഇത്തവണത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലായിടത്തും പ്രത്യേക നിരീക്ഷണം വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.മീറ്റര്‍ ഇല്ലാതെ വെള്ളം എടുക്കല്‍, മീറ്ററിന് മുന്‍പായി ജലം ചോര്‍ത്തല്‍, മോേട്ടാര്‍ ഉപയോഗിച്ച് ജലം എടുക്കല്‍, പൊതുടാപ്പുകളില്‍ നിന്ന് ഹോസ് ഉപയോഗിച്ച് വെള്ളം എടുക്കല്‍ തുടങ്ങിയവയൊക്കെ എല്ലാ കാലത്തും പതിവാണ്.എന്നാല്‍ ഇത്തവണ അത്തരം നടപടികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തന്നെയാണ് വകുപ്പ് തല നിര്‍ദ്ദേശം.ജലമോഷണം നടത്താന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നേരത്തെ കണ്ടെത്തി അവിടങ്ങളില്‍ നിരീക്ഷണമേര്‍പ്പെടുത്തുന്നതുള്‍പ്പടെയുള്ള നടപടികളും ഇതിന്റെ ഭാഗമായി നടത്തും. കുടിവെള്ള ചൂഷണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നുള്ള പരാതികള്‍ക്കും അപ്പപ്പോള്‍ നടപടിയുണ്ടാകും.

പൈപ്പുകളില്‍ അറ്റകുറ്റപ്പണി നടത്തിയതിന്റെ ഭാഗമായി പൊട്ടലുണ്ടാകുകയും അത്തരത്തില്‍ ജലനഷ്ടം സംഭവിക്കുകയും ചെയ്താല്‍ അതിന്റെ കേടുപാടുകള്‍ നിശ്ചിതസമയത്ത് തീര്‍ക്കാതിരിക്കുന്ന കരാറുകാരില്‍ പിഴയീടാക്കുന്നതടക്കമുള്ള നടപടികളും ഇനി സ്വീകരിക്കും.വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍,സ്വകാര്യആശുപത്രികള്‍,ഫ്‌ലാറ്റുകള്‍ എന്നിവയെല്ലാം ജലമോഷണം നടത്തുണ്ടോയെന്നത് പരിശോധിക്കാനും ആന്റ്ിതെഫ്റ്റ് സ്‌ക്വാഡ് സംവിധാനമുണ്ടാക്കും.ജലമോഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ വാട്ടര്‍കണക്ഷന്‍ വിച്ഛേദിക്കല്‍, പിഴ ഈടാക്കല്‍, മറ്റ് നിയമനടപടികള്‍ എന്നിവയാണ് സ്വീകരിക്കുക.കഴിഞ്ഞ ജനുവരി മുതല്‍ ഒക്ടോബര്‍വരെയുള്ള മാസങ്ങളില്‍ ഗാര്‍ഹികവും ഗാര്‍ഹികേതരവുമായ കണക്ഷനുകളില്‍ മോട്ടോര്‍ ഘടിപ്പിച്ച് ജലമോഷണം നടത്തിയതിന് സംസ്ഥാനത്ത് 73 കേസുകളിലാണ് നടപടി സ്വീകരിച്ചത്. ഫ്‌ളാറ്റുകളില്‍ ജലം മോഷ്ടിച്ചതിന് ഒരു കേസിലും നടപടി സ്വീകരിച്ചിട്ടുണ്ട്.ഡിവിഷന്‍ തലങ്ങളിലെ ആന്റിതെഫ്റ്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ മാസവും വിശകലനം ചെയ്യുന്നതിന് പ്രത്യേക യോഗങ്ങളും ചേരും.