ഡല്‍ഹി ശരീഅത്ത് കൗണ്‍സില്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും

Posted on: December 15, 2016 6:13 am | Last updated: December 15, 2016 at 1:16 am

ന്യൂഡല്‍ഹി: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ശരീഅത്ത് കൗണ്‍സില്‍ ഈ മാസം 17 ന് നടക്കും. ഏക സിവില്‍ കോഡ്, മുത്വലാഖ് , ന്യൂനപക്ഷ വിദ്യാഭ്യാസം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൗണ്‍സില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

ഇന്ത്യാ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന കൗണ്‍സില്‍ ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കും. ആള്‍ ഇന്ത്യാ ഉലമാ മശായിഖ് ബോര്‍ഡ്, ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ആള്‍ ഇന്ത്യാ ഇസ്‌ലാമിക് എജ്യുക്കേഷനല്‍ ബോര്‍ഡ്, ആള്‍ ഇന്ത്യാ സുന്നി ഉലമാ കൗണ്‍സില്‍, ആള്‍ ഇന്ത്യാ മസ്ജിദ് ഇമാം കൗണ്‍സില്‍, ആള്‍ ഇന്ത്യാ റസാ അക്കാദമി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സുന്നി പണ്ഡിത പ്രമുഖരും ഉള്‍പ്പെടെ പ്രത്യേകം തിരഞ്ഞെടുത്ത പ്രതിനിധികളായിരിക്കും പങ്കെടുക്കുക.
തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് അന്താരാഷ്ട്ര പ്രതിനിധിള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ സഊദി അറേബ്യയിലെ ഡോ. അബ്ദു യമാനി പുരസ്‌കാരം കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍ക്ക് സമ്മാനിക്കും. അലിഫിന്റെ ആഭിമുഖ്യത്തിലാണ് പുരസ്‌കാര ദാന ചടങ്ങ് നടക്കുന്നത്. ശരീഅത്ത് കൗണ്‍സിലിനോടനുബന്ധിച്ച് ജാമിഅ മര്‍കസുസ്സഖാഫത്തി സ്സുന്നിയ്യ, ജാമിഅ സഅദിയ്യ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദ-ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ ഉത്തരേന്ത്യന്‍ സഖാഫി, സഅദി പണ്ഡിതന്‍മാരുടെ സംയുക്ത സംഗമം രാവിലെ ഒമ്പതിന് നടക്കും.
സഅദിയ്യ പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൂമ്പോല്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഉത്തരേന്ത്യന്‍ പ്രബോധനത്തിന്റെ ചരിത്രവും വര്‍ത്തമാനവും ചര്‍ച്ച ചെയ്യുന്ന സംഗമം ഭാവിയിലെ പ്രബോധന മുന്നേറ്റങ്ങളുടെ നൂതന വഴികള്‍ക്ക് രൂപം നല്‍കും.