Connect with us

International

അലെപ്പോയില്‍ വെടിനിര്‍ത്തല്‍ലംഘനം; പലായനം പോലും പാതിവഴിയില്‍

Published

|

Last Updated

അലെപ്പോയിലെ സംഘര്‍ഷ ഭൂമിയില്‍ നിന്ന് കൈ കുഞ്ഞുങ്ങളുമായി രക്ഷപ്പെടുന്നവര്‍

അലെപ്പോ: വിമതര്‍ക്കെതിരെ സൈനിക മുന്നേറ്റം ശക്തമായ വടക്കന്‍ സിറിയയിലെ അലെപ്പോയില്‍ ഷെല്ലാക്രമണം രൂക്ഷം. കിഴക്കന്‍ അലെപ്പോയിലെ വിമത കേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് നടക്കുന്ന ആക്രമണം പതിനായിരക്കണക്കിന് വരുന്ന സാധാരണക്കാരെ ബാധിച്ചിരിക്കുകയാണ്. ഇവിടെ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിക്കാനായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അസ്ഥാനത്താക്കിയാണ് വ്യോമാക്രമണം നടക്കുന്നത്. ആക്രമണ ഭീതിയില്‍ നൂറ് കണക്കിന് വരുന്ന ജനങ്ങള്‍ പലായനം ചെയ്യാനാകതെ കുടുങ്ങിയിരിക്കുകയാണ്. അഭയാര്‍ഥികളെ കയറ്റിയ ബസുകള്‍ നിര്‍ത്തിയിട്ട അവസ്ഥയിലാണ്. ഷെല്ലാക്രമണം അവസാനിക്കാതെ ബസുകള്‍ നീങ്ങുകയില്ലെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം സിറിയന്‍ സൈന്യം തിരിച്ചുപിടിച്ച ബുസ്താന്‍ അല്‍ ഖസ്‌റിലാണ് ഷെല്ലാക്രമണം ശക്തമായത്.

അഞ്ച് വര്‍ഷക്കാലത്തെ വിമത പ്രക്ഷോഭത്തിന് ശേഷം സിറിയന്‍ സൈന്യം ഏറ്റവും ശക്തമായ തിരിച്ചുവരവ് നടത്തിയ സൈനിക മുന്നേറ്റമാണ് അലെപ്പോയിലേത്. എന്നാല്‍, സൈന്യത്തിന്റെ ആക്രമണം കൂടുതല്‍ മനുഷ്യവകാശ ധ്വംസനങ്ങള്‍ക്ക് വഴിവെക്കുന്നുണ്ടെന്നാണ് യു എന്‍ അടക്കമുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. വീടുകള്‍ കയറിയുള്ള ആക്രമണവും റഷ്യയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണവും അലെപ്പോയെ കൊടിയ നശീകരണത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.
ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ കിഴക്കന്‍ അലെപ്പോയില്‍ നിന്ന് ജനങ്ങള്‍ സര്‍ക്കാര്‍ അധീന പ്രദേശമായ പടിഞ്ഞാറന്‍ അലെപ്പോയിലേക്ക് വ്യപകമായി പലായനം ചെയ്യുകയാണ്. ഇങ്ങനെ പലായനം ചെയ്യാനിരിക്കുന്നവരാണ് ഇപ്പോള്‍ ബുസ്താന്‍ അല്‍ ഖസ്‌റിന് സമീപം കുടുങ്ങിക്കിടക്കുന്നത്. റഷ്യയുടെയും സിറിയയുടെയും സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്ന് വിമതര്‍ ആരോപിച്ചു.
അതിനിടെ, വിമതര്‍ക്ക് സ്വാധീനമുള്ള ശേഷിക്കുന്ന കിഴക്കന്‍ അലെപ്പോയിലെ പ്രദേശങ്ങളില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഗുരുതരമായ പരുക്കേറ്റ് പലരും ഇവിടെ നിന്ന് അഭയാര്‍ഥി ക്യാമ്പുകളിലും മറ്റും എത്തിയിട്ടുണ്ട്.
സൈന്യത്തിനെതിരെ വിമത വിഭാഗത്തെ പിന്തുണക്കുന്ന തുര്‍ക്കിയും അലെപ്പോയില്‍ ആക്രമണം അഴിച്ചുവിടുന്നുണ്ട്. അമേരിക്കയുടെ ആയുധ, സാമ്പത്തിക സഹായം ഇവര്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.