തൊഴിലില്ലായ്മ: ഇന്ത്യയിലെ യുവാക്കള്‍ നിരാശരെന്ന് രാഷ്ട്രപതി

Posted on: December 15, 2016 6:42 am | Last updated: December 15, 2016 at 12:43 am

ചിണ്ടാവാര: തൊഴിലില്ലായ്മ കാരണം ഇന്ത്യയിലെ യുവാക്കള്‍ അസ്വസ്ഥരും നിരാശരുമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇന്ത്യയിലെ മുഴുവന്‍ യുവാക്കള്‍ക്കും തൊഴില്‍ ലഭിക്കുകയാണെങ്കില്‍ അത് ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്നും എന്നാല്‍ ഇവിടെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ രാജ്യത്തിനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി ഐ ഐ സകില്‍ ട്രെയിനിംഗ് സെന്ററിന്റെ വാര്‍ഷികാഘോഷത്തില്‍ വിദ്യാര്‍ഥികളെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടാതെ, മറ്റു തൊഴിലുകള്‍ അന്വേഷിക്കുന്നത് കൊണ്ട് തങ്ങളുടെ യഥാര്‍ഥ കഴിവുകള്‍ അവര്‍ ഇല്ലാതാക്കുകയാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കോളേജുകളില്‍ നിന്നും സര്‍വ്വകലാശാലകളില്‍ നിന്നും പുറത്ത് വരുന്ന വിദ്യര്‍ഥികള്‍ മിക്കവരും തൊഴിലില്ലായ്മ അഭിമുഖീകരിക്കുകയാണ്. ജനസംഖ്യയില്‍ രണ്ടാമതുള്ള രാജ്യമായത് കൊണ്ട് തന്നെ വരുന്ന വര്‍ഷങ്ങളില്‍ ഇന്ത്യ നേരിടേണ്ടി വരുന്ന വെല്ലുവിളി തൊഴിലില്ലായ്മ ആയിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ വികസനം സാധ്യമാകുകയുള്ളു. പരീക്ഷകളില്‍ ലഭിക്കുന്ന മാര്‍ക്കിലൂടെ മാത്രം യുവാക്കളിലെ കഴിവുകള്‍ പൂര്‍ണമാവില്ലെന്നും അവരുടെ കഴിവുകള്‍ കണ്ടെത്തി പരമാവധി പ്രോത്സാഹനം അവര്‍ക്കു നല്‍കണമെന്നും രാഷ്ട്രപതി പറഞ്ഞു.