റാഗിംഗിനിരയായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി വിഷംകഴിച്ച് ഗുരുതരാവസ്ഥയില്‍

Posted on: December 15, 2016 12:38 am | Last updated: December 15, 2016 at 12:38 am

തൃക്കരിപ്പൂര്‍: സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിംഗിനിരയായ ഒന്നാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി വിഷം കഴിച്ച് ഗുരുതര നിലയില്‍ ആശുപത്രിയിലായി. കൊച്ചി മറൈന്‍ എന്‍ജിനീയര്‍ കോളജിലെ മറൈന്‍ ബി ടെക് വിദ്യാര്‍ഥി തൃക്കരിപ്പൂര്‍ ഈയ്യക്കാട്ടെ ആശിഷ് തമ്പാനെയാണ് (18 )മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പീഡനത്തെ തുടര്‍ന്ന് മാനസികനില തെറ്റിയ വിദ്യാര്‍ഥി ജീവനൊടുക്കാനായി വിഷം കഴിക്കുകയായിരുന്നു.

കഴിഞ്ഞ ആഗസ്റ്റിലാണ് ആശിഷ് കൊച്ചിയിലെ കോളജില്‍ ചേര്‍ന്നത്. സെപ്തംബര്‍ മുതല്‍ അഞ്ച് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ആശിഷിനെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങി. കോളജ് മെസില്‍ വെച്ച് ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാവുകയും യൂനിവേഴ്‌സിറ്റിക്ക് അടുത്തുള്ള കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. രക്ഷിതാക്കള്‍ സംഭവം അറിയുകയും എറണാകുളത്ത് എത്തി ചികിത്സിച്ച ഡോക്ടറുമായി സംസാരിക്കുകയും ചെയ്തതോടെയാണ് ആശിഷ് മൃഗീയമായി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്.

കോഴ്‌സ് തുടര്‍ന്ന് പൂര്‍ത്തിയാക്കണമെന്ന താത്പര്യത്താല്‍ പരാതി കൊടുക്കാന്‍ തയ്യാറായില്ല. റാഗിംഗ് ചെയ്ത അഞ്ച് വിദ്യാര്‍ഥികളില്‍ നിന്ന് തുടര്‍ന്ന് പ്രതികാര നടപടികള്‍ ഉണ്ടാകുമെന്ന ഭയത്തെ തുടര്‍ന്നാണ് പരാതി നല്‍കാതിരുന്നത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായി നാട്ടിലെത്തിയ വിദ്യാര്‍ഥിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ വീട്ടുകാര്‍ വിദ്യാര്‍ഥിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് തിരിച്ച് കോളജിലേക്ക് പോകാനായി തയ്യാറെടുക്കുന്നതിനിടിയിലാണ് ഈ വിദ്യാര്‍ഥി വിഷം കഴിച്ചത്. ആശിഷിനെ ആദ്യം പരിയാരം മെഡിക്കല്‍ കോളജിലും തുടര്‍ന്ന് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തന്നെ പീഡിപ്പിച്ച അഞ്ച് വിദ്യാര്‍ഥികളുടെ പേര് വിവരങ്ങളും അനുബന്ധ സംഭവങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് ഈ വിദ്യാര്‍ഥി ആത്മഹത്യാ ശ്രമം നടത്തിയത്. സംഭവത്തില്‍ പിതാവ് പി വി തമ്പാന്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. മംഗളൂരുവിലെ ആശുപത്രി അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചന്തേര പോലീസും അന്വേഷണം ആരംഭിച്ചു.