തലസ്ഥാനത്ത് സി പി എമ്മും സി പി ഐയും പരസ്യ പോരിലേക്ക്

Posted on: December 15, 2016 6:00 am | Last updated: December 15, 2016 at 12:36 am

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ സി പി എമ്മും സി പി ഐയും പരസ്യ പോരിലേക്ക്. അടുത്തിടെയായി ജില്ലയുടെ പല ഭാഗങ്ങളിലും ഇരു വിഭാഗവും പരസ്പരം ഏറ്റുമുട്ടി. പ്രാദേശിക തലത്തിലുള്ള അഭിപ്രായഭിന്നത സംഘര്‍ഷത്തിലേക്കും ആക്രമണത്തിലേക്കും വഴിമാറി. വാമനപുരം മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ കാലങ്ങളായി ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഇതിനിടെ, ഇപ്പോള്‍ കഴക്കൂട്ടത്തും ഇരു പാര്‍ട്ടികളുടെയും ട്രേഡ് യൂനിയന്‍ സംഘടനകള്‍ പരസ്പരം ഏറ്റുമുട്ടി.

കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ ആറ്റിപ്ര- കുളത്തൂര്‍ മേഖലയില്‍ ഇരു വിഭാഗവും തമ്മിലുള്ള അഭിപ്രായഭിന്നത അതിരുവിട്ടതോടെ അക്രമത്തിലേക്ക് നീങ്ങിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സി പി എം വിട്ട് ഒരുവിഭാഗം സി പി ഐയിലേക്ക് ചേക്കേറിയതിനെ തുടര്‍ന്നാണ് ഈ മേഖലയില്‍ ഭിന്നത ഉടലെടുത്തത്. കഴിഞ്ഞ ഞായറാഴ്ച ആറ്റിപ്രയിലെ സി പി ഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തിരുന്നു. ആയുധധാരികളായ ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നായിരുന്നു സി പി ഐ ആരോപണം. ഇതിനുപിന്നാലെ തുമ്പയ്ക്ക് സമീപം കരിമണല്‍ തമ്പുരാന്‍മുക്കില്‍ എ ഐ ടി യു സി ഓഫീസ് തകര്‍ത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി ഐ ടി യുവില്‍ നിന്ന് സമീപകാലത്ത് എ ഐ ടി യു സിയിലേക്കുപോയ സുരേഷ് കുമാര്‍, സി ഐ ടി യു പ്രവര്‍ത്തകന്‍ ഷാജി എന്നിവര്‍ക്കാണ് പരുക്കേറ്റത്. സുരേഷിനെ മെഡിക്കല്‍ കോളജിലും ഷാജിയെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അണികളെ നിയന്ത്രിക്കുന്നതില്‍ പ്രാദേശിക നേതൃത്വം പരാജയപ്പെട്ടതോടെ പ്രശ്‌നപരിഹാരത്തിനായി ഇരു പാര്‍ട്ടികളുടെയും ജില്ലാനേതൃത്വം നേരിട്ട് ഇടപെട്ടു.

അതിനിടെ, സി പി എമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി സി പി ഐ ജില്ലാ നേതൃത്വം രംഗത്തുവന്നു. ആറ്റിപ്രയില്‍ സി പി എം നിരന്തരമായി സി പി ഐ പ്രവര്‍ത്തകര്‍ക്കുനേരെ നടത്തുന്ന അക്രമത്തിന്റെ ഭാഗമായി എ ഐ ടി യു സി പ്രവര്‍ത്തകനായ സുരേഷ് കുമാറിനെ വധിക്കാന്‍ നടത്തിയ ശ്രമം അങ്ങേയറ്റം അപലപനീയമാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആര്‍ അനില്‍ പറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി സി പി എം ഈ മേഖലയില്‍ സി പി ഐ-എ ഐ ടി യു സി-എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ക്കു നേരെ കടന്നാക്രമണം നടത്തി പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുകയാണ്. അരുവിക്കര മണ്ഡലത്തിലെ അഴീക്കോട് കുറുങ്കോണത്തു സി പി ഐ പ്രവര്‍ത്തകനെയും സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങളെയും മര്‍ദിച്ച സംഭവവുമുണ്ടായി. ഇടതുപക്ഷ ഐക്യം തകര്‍ക്കാന്‍ സി പി എം നേതൃത്വം തന്നെ പരിശ്രമിക്കുന്നത് മുതിര്‍ന്ന നേതാക്കള്‍ ഗൗരവമായി കാണണമെന്നും അനില്‍ പറഞ്ഞു.