മാത്യുവിന്റെ മൃതദേഹം ഒളിപ്പിച്ചത് ബഹുനില കെട്ടിടത്തിനടിയില്‍; എട്ടടി താഴ്ത്തിയിട്ടും അവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല

Posted on: December 15, 2016 6:26 am | Last updated: December 15, 2016 at 12:34 am
മാത്യുവിന്റെ മൃതദേഹം ഒളിപ്പിച്ചിരിക്കുന്നുവെന്ന് പറയപ്പെടുന്ന ബഹുനില കെട്ടിടം

തലയോലപ്പറമ്പ്: എട്ട് വര്‍ഷം മുമ്പ് കാണാതായ ഗൃഹനാഥനെ കൊലപ്പെടുത്തി കെട്ടിടത്തിന്റെ ഉള്ളില്‍ കുഴിച്ചിട്ട സംഭവത്തില്‍ ബഹുനില കെട്ടിടത്തിന്റെ ഉള്‍വശം പോലീസിന്റെ നിയന്ത്രണത്തില്‍ പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു. ജാക്ക് ഹാമര്‍ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ താഴത്തെ നിലയുടെ തറ പൊളിക്കുന്നത്. ഗൃഹനാഥന്റെ കൊലക്കു പിന്നില്‍ മാസങ്ങള്‍ക്കു മുമ്പ് കള്ളനോട്ടുകേസില്‍ പ്രതിയായ അനീഷും സുഹൃത്തുക്കളുമാണെന്ന് പോലിസ് കണ്ടെത്തി.

എട്ട് വര്‍ഷം മുമ്പ് കാണാതായ തലയോലപ്പറമ്പ് കാലായില്‍ മാത്യു(53)വിന്റെ തിരോധാനമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. 2008 നവംമ്പര്‍ 25ന് വൈകുന്നേരം 4.30ന് മക്കളെ സ്‌കൂളില്‍ നിന്ന് വീട്ടില്‍കൊണ്ടു വിട്ടശേഷം സ്വന്തം കാറുമായി പുറത്തേക്കിറങ്ങിയ ഇദ്ദേഹം പിന്നീട് മടങ്ങിയെത്തിയിട്ടില്ല. ഏറെ വൈകിയും കാണാതെ വന്നതോടെ നാട്ടുകാരും ബന്ധുക്കളും പോലിസും നടത്തിയ തിരച്ചിലില്‍ പള്ളികവലക്കു സമീപം ഉപേഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും മാത്യുവിനെ കണ്ടെത്താനായില്ല. സാമ്പത്തിക ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നതിനാല്‍ ഇദ്ദേഹം ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു എന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്നത്. പിതാവ് മടങ്ങിവരുമെന്ന പ്രതീക്ഷയോടെ കഴിയുകയായിരുന്നു മാത്യുവിന്റെ ഭാര്യ എല്‍സിയും മക്കളായ നൈസി, ലൈജി, ചിന്നു എന്നിവരടങ്ങിയ നിര്‍ധന കുടുംബം.

കഴിഞ്ഞ നാലിന് മാത്യുവിന്റെ മൂത്തമകള്‍ നൈസിയെ കാണാനായി പിതാവിന്റെ സുഹൃത്തും കള്ളനോട്ടു കേസില്‍ പ്രതിയുമായിരുന്ന അനീഷിന്റെ പിതാവ് വീട്ടിലെത്തി. മാത്യുവിന്റെ തിരോധാനം കൊലപാതകമാണെന്ന് ഇയാളാണ് നൈസിയോട് വെളിപ്പെടുത്തിയത്. സമീപകാലത്ത് തലയോലപ്പറമ്പില്‍ കള്ളനോട്ടുകേസില്‍ പിടിയിലായി ജയിലില്‍ കഴിയുന്ന അനീഷും ഇയാളുടെ പഴയകാലത്തെ ചില സുഹൃത്തുക്കള്‍ക്കും ബന്ധമുള്ളതായും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നൈസി തലയോലപ്പറമ്പ് പോലിസില്‍ വീണ്ടും പരാതി നല്‍കി. തുടര്‍ന്ന് പ്രതിയെന്നു സംശയിക്കുന്ന അനീഷിനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
അനീഷ് പള്ളികവലക്കു സമീപം സ്റ്റിക്കര്‍വര്‍ക്ക് നടത്തിയിരുന്ന സ്ഥാപനത്തിലേക്ക് മാത്യുവിനെ വിളിച്ചുവരുത്തി കൈയില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തി കടയുടെ പിന്നില്‍ കുഴിച്ചുമൂടിയതായാണ് അനീഷ് പോലിസിനു നല്‍കിയ മൊഴി. പഴയ കെട്ടിടം പൊളിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബഹുനില കെട്ടിടം പണികഴിപ്പിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ പഴയ കെട്ടിടത്തിനു പുറത്തായിരുന്നു മൃതദേഹം താഴ്ത്തിയത്.

രാവിലെ ഏഴിന് തുടങ്ങിയ പരിശോധന തുടരുകയാണ്. എട്ടടിയോളം താഴ്ത്തിയിട്ടും മൃതദേഹത്തിന്റെ ഒരംശം പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രതി പറഞ്ഞ സ്ഥലം ആദ്യം മെഷിനുപയോഗിച്ച് കോണ്‍ക്രീറ്റ് പൊളിച്ചതിനുശേഷം അന്യസംസ്ഥാന തൊഴിലാളികളെക്കൊണ്ട് പിക്കാസിനു താഴ്ത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കെട്ടിടത്തിന്റെ പരിസരം താഴ്ന്നായിരുന്നെങ്കില്‍ പുതിയ കെട്ടിടം പണിയുന്ന സമയത്ത് ഇതു മണ്ണിട്ടുയര്‍ത്തിയിരുന്നു. ഇന്നലെ പോലിസിനെ കുഴപ്പിച്ചതും ഇതുതന്നെയാണ്. കാരണം അക്കാലത്ത് കുഴിയുടെ ആഴം നാല് അടി ആയിരുന്നെങ്കില്‍ ഒമ്പത് അടി താഴ്ത്തിയിട്ടുപോലും മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കോട്ടയം എസ് പി (ഇന്‍ ചാര്‍ജ്) സൈമണ്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ജിനദേവന്‍, വിരലടയാള വിദഗ്ധരായ ശ്രീജ എസ് നായര്‍, ജാന്‍സി ജോര്‍ജ്, വൈക്കം സിഐ വി എസ് നവാസ്, തലയോലപ്പറമ്പ് എസ്‌ഐ ഫിറോസ്, വൈക്കം എസ്‌ഐ എം സാഹില്‍ എന്നിവരാണ് നടപടികള്‍ക്കു നേതൃത്വം നല്‍കിയത്.