Connect with us

Editorial

ഇരകള്‍ മുസ്‌ലിംകള്‍ എങ്കില്‍ സൂക്കിക്കും ആലസ്യം

Published

|

Last Updated

ലോകത്തെ ഏറ്റവും ക്രൂരമായ ആട്ടിയോടിക്കലിന് വിധേയമാകുന്ന റോഹിംഗ്യന്‍ മുസ്‌ലിംകളുടെ വേദന ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. വംശഹത്യക്ക് സമാനമായ ആക്രമണമാണ് മ്യാന്‍മറില്‍ മുസ്‌ലിം സമൂഹത്തിന് നേരെ നടക്കുന്നത്. റാഖിനെ പ്രവിശ്യയില്‍ ബുദ്ധതീവ്രവാദികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് എക്കാലത്തും ഭരണകൂടത്തിന്റെയും സുരക്ഷാസംവിധാനങ്ങളുടെയും പിന്തുണയുണ്ടായിട്ടുണ്ട്. ഇത്തവണ അത് തികച്ചും പ്രത്യക്ഷവും കണക്കുകൂട്ടിയുള്ളതുമായിരുന്നുവെന്ന് മാത്രം. വംശശുദ്ധീകരണം സമ്പൂര്‍ണമാക്കാനുള്ള അന്തിമദൗത്യത്തിലാണ് അഷിന്‍ വിരാതുവിന്റെ നേതൃത്വത്തിലുള്ള ഭീകരസംഘടനയും സര്‍ക്കാറും. ഇതേതുടര്‍ന്ന് മുസ്‌ലിംകള്‍ കൂട്ടമായി ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചക്കിടെ 25,000ത്തിലധികം മുസ്‌ലിംകള്‍ പലായനം ചെയ്തുവെന്നാണ് ഇന്റര്‍നാഷനല്‍ ഓര്‍ഗനൈേസഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐ ഒ എം) പുറത്തുവിട്ട കണക്ക്. സന്നദ്ധ സംഘടനകള്‍ക്ക് വിവരം ശേഖരിക്കാന്‍ സാധിക്കാത്ത സ്ഥിതിയുള്ളതിനാല്‍, പുറപ്പെട്ടുപോയവരുടെ യഥാര്‍ഥ കണക്കാണിതെന്ന് പറയാനാകില്ല. ഒക്‌ടോബറില്‍ റാഖിനെയില്‍ മ്യാന്‍മര്‍ സുരക്ഷാസേന നടത്തിയ അടിച്ചമര്‍ത്തലിനു പിന്നാലെയുണ്ടായ അഭയാര്‍ഥി പ്രവാഹം തടയുന്നതിനായി അതിര്‍ത്തി പ്രദേശങ്ങളില്‍ ബംഗ്ലാദേശ് പട്രോളിംഗ് ശക്തമാക്കിയത് സ്ഥിതി സങ്കീര്‍ണമാക്കുന്നു.

മാനവചരിത്രത്തിലെ ഏറ്റവും ഭീകരമായ ക്രൂരതകളുടെ ചിത്രമാണ് അഭയാര്‍ഥികള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ചത്. തീവ്രവാദികള്‍ സ്ത്രീകളെ ആക്രമിക്കുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയുമാണ്. ക്രൂരമായ മര്‍ദനത്തിനും കൊലപാതകത്തിനും സൈനികര്‍ തന്നെയാണ് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. റോഹിംഗ്യന്‍ വംശജര്‍ കൂട്ടമായി താമസിച്ചിരുന്ന ഗ്രാമങ്ങളിലെ കെട്ടിടങ്ങള്‍ തകര്‍ത്തതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ മനുഷ്യാവകാശ സംഘടനകളുടെ പക്കലുണ്ട്. ഇക്കാര്യങ്ങള്‍ നിഷേധിക്കുന്ന മ്യാന്‍മര്‍ ഭരണകൂടം വിദേശ മാധ്യമ പ്രവര്‍ത്തകരെയും സ്വതന്ത്ര അന്വേഷകരെയും ഈ പ്രദേശങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കിയിരിക്കുന്നു. നാഫ് നദി വഴി ബംഗ്ലാദേശിലേക്കുള്ള അഭയാര്‍ഥിപ്രവാഹം തടയുന്നതിന് ബംഗ്ലാദേശ് തീരദേശസേന പട്രോളിംഗ് ശക്തമാക്കിയതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുമായി എത്തിയ നൂറുകണക്കിന് ബോട്ടുകളാണ് രണ്ട് മാസത്തിനിടെ തിരിച്ചയച്ചത്. തിരിച്ച് ചെല്ലാനാകില്ല. അവിടെ സന്യാസി വേഷമിട്ട തീവ്രവാദികള്‍ ആയുധങ്ങളുമായി കാത്തിരിക്കുന്നുണ്ട്. വെള്ളത്തില്‍ അലയുക തന്നെ. കടല്‍ വഴി തായ്‌ലാന്‍ഡിലേക്ക് കടക്കാമെന്ന് വെച്ചാല്‍ ബോട്ടിന് ബലമില്ല. എങ്ങനെയെങ്കിലും എത്തിച്ചേര്‍ന്നാല്‍ അവരും ആട്ടിയോടിക്കും. ബോട്ട് പീപ്പിള്‍ (തോണി മനുഷ്യര്‍) എന്ന് ഇവരെ വിളിക്കുന്നത് അങ്ങനെ അന്വര്‍ഥമാകും.
മ്യാന്‍മര്‍ ജനാധിപത്യരാജ്യമായി കഴിഞ്ഞുവെന്ന് പാശ്ചാത്യ മേലാളന്‍മാര്‍ തീര്‍പ്പിലെത്തുകയും അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ സാമ്പത്തിക പാക്കേജുകള്‍ പുനരാരംഭിക്കുകയും ചെയ്ത ഘട്ടത്തിലാണ് പിറന്ന നാട്ടില്‍ കാലൂന്നി നില്‍ക്കാനാകാതെ സര്‍വസ്വവും ഉപേക്ഷിച്ച് ഈ മനുഷ്യര്‍ ഇങ്ങനെ അലയുന്നെതന്നോര്‍ക്കണം. പട്ടാള ഭരണകൂടത്തിന്റെ സമ്മതപ്രകാരം, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറാണ് ഭരിക്കുന്നത്. മ്യാന്‍മറിന്റെ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആംഗ്‌സാന്‍ സൂക്കിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടിയാണ് അധികാരം കൈയാളുന്നത്. മകന് വിദേശ പൗരത്വമുള്ളതിനാല്‍ പ്രധാനമന്ത്രിയാകാന്‍ സാധിച്ചില്ലെങ്കിലും പ്രധാനമന്ത്രിയോളം അധികാരമുള്ള പദവിയാണ് സൂക്കി വഹിക്കുന്നത്. പട്ടാളഭരണകൂടം മുസ്‌ലിംകളെ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തി, ശുദ്ധീകരണത്തിന് ബുദ്ധ തീവ്രവാദികളെ ഇളക്കിവിട്ടത് എങ്ങനെയാണോ അതിനേക്കാള്‍ മാരകമായ നിലപാടാണ് അധികാരം കൈവന്നതോടെ സൂക്കി കൈക്കൊള്ളുന്നത്. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് പൗരത്വത്തിന് അര്‍ഹതയില്ലെന്ന് അവര്‍ യു എന്നിനെ അറിയിച്ചിരിക്കുന്നു.

ഏഴാം നൂറ്റാണ്ടില്‍ ബര്‍മയില്‍ എത്തിയ സമൂഹമാണ് റോഹിംഗ്യകള്‍ എന്നാണ് ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇവരുടെ പൂര്‍വികര്‍ അറബി വംശജരാണ്. ഇന്നത്തെ റാഖിനെ പ്രവിശ്യ കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്നു റോഹിംഗ്യന്‍ രാജാക്കന്‍മാര്‍. ഈ ചരിത്രത്തെ മുഴുവന്‍ തമസ്‌കരിച്ച് ബ്രിട്ടീഷ് അധിനിവേശഘട്ടത്തിലാണ് ബുദ്ധ തീവ്രവാദികള്‍ ശുദ്ധീകരണം തുടങ്ങിയത്. 1982ലെ പൗരത്വ നിയമം ഇവരെ പൂര്‍ണമായി ബഹിഷ്‌കൃതരാക്കി. പിന്നെ അതിക്രമങ്ങളുടെ നാളുകളായിരുന്നു. നിരവധി പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്തു. റോഹിംഗ്യാ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ബംഗ്ലാദേശിനും മലേഷ്യക്കും തായ്‌ലാന്‍ഡിനും യു എന്‍ വന്‍ തുക സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. 30,000 റോഹിംഗ്യാകള്‍ ബംഗ്ലാദേശിലെ ക്യാമ്പിലുണ്ടെന്നാണ് കണക്ക്. പാക്കിസ്ഥാനില്‍ രണ്ട് ലക്ഷം പേരും തായ്‌ലാന്‍ഡില്‍ 20,000 പേരും മലേഷ്യയില്‍ 15,000 പേരുമുണ്ട്. ദുരിതപൂര്‍ണമാണ് ഇവരുടെ ജീവിതം. പുതിയ അഭയാര്‍ഥികളെ സ്വീകരിക്കാനാകില്ലെന്ന് ബംഗ്ലാദേശ് തീര്‍ത്ത് പറഞ്ഞിരിക്കുന്നു. മലേഷ്യയും തായ്‌ലാന്‍ഡും ഇതേ നിലപാടിലാണ്. അധികാരം കൈവന്നപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ നടത്തിപ്പുകാരിയായി കഴിഞ്ഞ നൊബേല്‍ സമ്മാന ജേതാവില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. ലോകത്താകെ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി കണ്ണുരുട്ടുന്ന അന്താരാഷ്ട്ര സമൂഹം അഥവാ വന്‍ശക്തികള്‍ ഉണ്ടല്ലോ. അവര്‍ എന്ത് നിലപാടെടുക്കും എന്നതാണ് ചോദ്യം. ഇരകള്‍ മുസ്‌ലിംകളായതിനാല്‍ അവരും അലംഭാവം കൈവെടിയുമെന്ന് തോന്നുന്നില്ല.

---- facebook comment plugin here -----

Latest