Connect with us

Kannur

സ്‌കൂള്‍ കലോത്സവം: സംഘാടക സമിതിയായി

Published

|

Last Updated

കണ്ണൂര്‍: ജനുവരി 16 മുതല്‍ 22 വരെ കണ്ണൂരില്‍ നടക്കുന്ന 57ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. കണ്ണൂര്‍ പോലിസ് മൈതാനം ഉള്‍പ്പെടെ 20 വേദികളിലായി നടക്കുന്ന മേളയില്‍ 232 ഇനങ്ങളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ നിന്നുള്ള പന്ത്രണ്ടായിരത്തിലേറെ കുട്ടികള്‍ മാറ്റുരയ്ക്കും. അറബിക്-സംസ്‌കൃത കലോല്‍സവങ്ങളും ഇതോടനുബന്ധിച്ച് നടക്കും. ഓരോ ദിവസവും സാംസ്‌ക്കാരിക സായാഹ്നം സംഘടിപ്പിക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രീപവത്കരണയോഗം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.മേയര്‍ ഇ.പി ലത അധ്യക്ഷത വഹിച്ചു. കണ്ണൂരിന്റെ പാരമ്പര്യത്തിനനുസരിച്ച് ആതിഥ്യമര്യാദയും സ്‌നേഹവും പകര്‍ന്നുനല്‍കാന്‍ കഴിയുന്ന വിധം ഉന്നത നിലവാരത്തിലുള്ള സംഘാടനം സാധ്യമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മേള കണ്ണൂരിലെ ജനങ്ങള്‍ ഏറ്റെടുത്തുവിജയിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
എം എല്‍ എമാരായ ജെയിംസ് മാത്യു, ടി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, മുന്‍ മന്ത്രി കെ പി മോഹനന്‍, മുന്‍ എം എല്‍ എ പി ജയരാജന്‍, കണ്ണൂര്‍ ബിഷപ്പ് അലക്‌സ് വടക്കുന്തല, ഡി പി ഐ കെ വി മോഹന്‍ കുമാര്‍, ഹയര്‍ സെക്കന്ററി ഡയരക്ടര്‍ എം എസ് ജയ, അഡീഷനല്‍ ഡി പി ഐ ജെസ്സി ജോസഫ്, ഡി ഡി ഇ എം ബാബുരാജ് എന്നിവര്‍ സംസാരിച്ചു. മേളയുടെ ലോഗോ പ്രകാശനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. തിരൂര്‍ എ എല്‍ പി സ്‌കൂള്‍ അറബിക് അധ്യാപകനായ അസ്‌ലം ജെസിം ആണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി (ചെയര്‍മാന്‍), പി കെ ശ്രീമതി ടീച്ചര്‍ എം പി, മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് (വൈസ് ചെയര്‍മാന്‍മാര്‍), ഡി പി ഐ കെ വി മോഹന്‍ കുമാര്‍ (ജനറല്‍ കോ-ഓഡിനേറ്റര്‍), ഹയര്‍ സെക്കന്ററി ഡയരക്ടര്‍ എം എസ് ജയ, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി (ജോ. ജനറല്‍ കോ-ഓഡിനേറ്റര്‍മാര്‍), അഡീഷനല്‍ ഡി പി ഐ ജെസ്സി ജോസഫ് (ജനറല്‍ കണ്‍വീനര്‍) എന്നിവരുള്‍പ്പെടുന്നതാണ് സംഘാടകസമിതി. മേളയുടെ സംഘാടനത്തിനായി 20 സബ് കമ്മിറ്റികളാണ് രൂപീകരിക്കുക.