അഴിമതി കൂടുതല്‍ നടന്നത് യുപിഎ സര്‍ക്കാറിന്റെ കാലത്തെന്ന് ജയ്റ്റ്‌ലി

Posted on: December 13, 2016 3:11 pm | Last updated: December 13, 2016 at 7:56 pm

മുംബൈ: നോട്ട് പിന്‍വലിക്കല്‍ അഴിമതിയാണെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തിന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ മറുപടി. അഴിമതി കൂടുതല്‍ നടന്നത് യുപിഎ സര്‍ക്കാറിന്റെ ഭരണക്കാലത്താണെന്ന് ധനമന്ത്രി തിരിച്ചടിച്ചു. കള്ളപണത്തിനെതിരെ ഒരു നടപടിയും എടുക്കാത്ത സര്‍ക്കാറാണ് യുപിഎ സര്‍ക്കാര്‍. അതുകൊണ്ട് തന്നെ മോദി സര്‍ക്കാര്‍ അഴിമതിക്കെതിരെയും കള്ളപ്പണത്തിനെതിരെയും നടപടികള്‍ എടുക്കുേമ്പാള്‍ ഇവര്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാവുന്നതാണെന്നും ജയ്റ്റ്‌ലി പറഞ്ഞു.

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട നടപടികള്‍ പെട്ടന്ന് തന്നെ പൂര്‍ത്തിയാക്കും. ഭാവിയിലെ ഇടപാടുകള്‍ മുഴുവന്‍ ഡിജിറ്റല്‍ രീതിയിലായിരിക്കുമെന്നും ഇത് പൂര്‍ണ്ണമായും നികുതി വിധേയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണ്. സര്‍ക്കാറിന്റെ മുദ്രവാക്യങ്ങള്‍ക്കൊപ്പം പ്രതിപക്ഷവുമുണ്ടാകണമെന്നും ജയ്റ്റ്‌ലി അഭ്യര്‍ത്ഥിച്ചു. ഇനി കള്ളപണം ശേഖരിച്ച് വെക്കുന്നവര്‍ കര്‍ശനമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.