നോട്ട് അസാധുവാക്കല്‍ ഇന്ത്യയെ 10 വര്‍ഷം പിറകോട്ടടിച്ചു: ചെന്നിത്തല

Posted on: December 11, 2016 3:24 pm | Last updated: December 11, 2016 at 3:24 pm

ദുബൈ: നോട്ട് അസാധുവാക്കല്‍ ഇന്ത്യയെ 10 വര്‍ഷം പിന്നോട്ടു കൊണ്ടുപോയെന്ന് കേരള നിയമസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു. ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഗ്രാമീണ മേഖല സ്തംഭിച്ചിരിക്കുകയാണ്. അടിയന്തരാവശ്യങ്ങള്‍ക്കുപോലും പണം ലഭ്യമല്ലാതെ ആളുകള്‍ വലിയ ദുരിതമനുഭവിക്കുകയാണ്. എന്തിനുവേണ്ടിയാണ് നോട്ട് അസാധുവാക്കലെന്ന് പരമോന്നത കോടതി തന്നെ ചോദിക്കുന്നു. കേരളം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കേരളത്തിലെ സഹകരണ ബേങ്കുകള്‍ നാശത്തിന്റെ വക്കിലാണ്. ജില്ലാ ബേങ്കുകള്‍ക്ക് പോലും പരിഗണന ലഭിച്ചില്ല.

അതേസമയം കേരളത്തിനുള്ള റേഷനരി കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നു. സഹകരണ മേഖലയിലും മറ്റും കേരളം നേരിടുന്ന പ്രതിസന്ധി അറിയിക്കാന്‍ യു ഡി എഫ് എം എല്‍ എമാര്‍ ഈ മാസം 13ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. പിറ്റേന്ന് ജന്തര്‍ മന്ദറില്‍ സത്യാഗ്രഹമിരിക്കും.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ എന്നിവരെ പ്രതിനിധികള്‍ സന്ദര്‍ശിക്കും. കേന്ദ്രത്തില്‍ നരേന്ദ്രമോദി പരാജയമാണെങ്കില്‍ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അരി പിന്‍വലിച്ച് മറ്റൊരു പരാജയമായിരിക്കുന്നു. കേരളത്തില്‍ ബി പി എല്ലുകാര്‍ക്കുപോലും പൂര്‍ണതോതില്‍ റേഷനരി ലഭ്യമാകുന്നില്ല. ഇതിനെതിരെയും പ്രക്ഷോഭമുയരും.
പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിനെ ഭയപ്പെടുകയാണ്. പ്രതിപക്ഷനേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ചക്ക് തയ്യാറാകണം. പാര്‍ലമെന്റില്‍ വോട്ടെടുപ്പോടുകൂടിയുള്ള ചര്‍ച്ച വേണം. നരേന്ദ്രമോദി ഏകാധിപത്യ ഭരണമാണ് നടത്തുന്നത്. ഇനി പ്ലാസ്റ്റിക് മണി ഇറക്കുമെന്നാണ് പറയുന്നത്. ഇന്ത്യയില്‍ ബേങ്കിടപാടില്ലാത്ത ആളുകള്‍ 47 ശതമാനമാണെന്ന് ഓര്‍ക്കണം. പ്രവാസികള്‍ ഇന്ത്യയിലേക്ക് പണമയക്കാന്‍ ഇപ്പോള്‍ ഭയപ്പെടുകയാണ്. ഇന്ത്യയിലെ ആഭ്യന്തരോല്‍പാദനം രണ്ട് ശതമാനം കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്തിനു വേണ്ടിയാണോ നോട്ട് നിരോധം ഏര്‍പെടുത്തിയത് അത് ഫലവത്തായില്ല. ബേങ്കില്‍ ഒന്‍പത് ലക്ഷം കോടി മാത്രമേ തിരിച്ചെത്തൂ എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ 12 ലക്ഷം കോടി ഇതിനകംതന്നെ എത്തിയിരിക്കുന്നു. അതിനര്‍ഥം കള്ളപ്പണം വെളിച്ചത്തായില്ല എന്നാണ്. തീവ്രവാദം തടയാനും കഴിഞ്ഞിട്ടില്ല. ഭ്രാന്തന്‍ നടപടിയാണ് നരേന്ദ്രമോദി കൈകൊണ്ടിരിക്കുന്നത്. 130 കോടി ജനങ്ങള്‍ പ്രതിസന്ധി നേരിടുമ്പോള്‍ പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നു. ഇതിനകം 70ഓളം ആളുകള്‍ മരിച്ചത് കാണാതിരിക്കുന്നു.
കേരളം പ്രവാസികാര്യ വകുപ്പ് കാര്യക്ഷമമായി കൊണ്ടുപോകുന്നില്ല. സാന്ത്വനം പദ്ധതി അവതാളത്തിലാണ്. പ്രവാസി കമ്മീഷന്‍ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുന്നു. പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്യാന്‍ തിരക്കുമൂലം മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കില്‍ മറ്റേതെങ്കിലും മന്ത്രിയെ ഏല്‍പിക്കണം.

ഡി സി സി പ്രസിഡന്റുമാരുടെ നാമനിര്‍ദേശം സ്വാഗതാര്‍ഹമാണ്. കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നു. ഇത് തലമുറ മാറ്റമാണ്. എല്ലാവരും ഈ മാറ്റത്തെ ഉള്‍കൊള്ളുന്നുണ്ട്. വിവിധ തലങ്ങളില്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച ചെയ്താണ് ഡി സി സി പ്രസിഡന്റുമാരെ തീരുമാനിച്ചത്. ജി സി സിയില്‍ കോണ്‍ഗ്രസ് അനുഭാവ സംഘടനകളുടെ യോജിപ്പിന് നടപടി കൈകൊള്ളേണ്ടത് കെ പി സി സി പ്രസിഡന്റാണ്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ താന്‍ ആര്‍ക്കുവേണ്ടിയും രംഗത്തില്ലെന്ന് ഒരു ചോദ്യത്തിനുത്തരമായി രമേശ് ചെന്നിത്തല പറഞ്ഞു.