അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി മലപ്പുറം കേന്ദ്രം പ്രതിസന്ധി : പ്രശ്‌ന പരിഹാരത്തിന് ജനപ്രതിനിധികള്‍ രംഗത്ത്

Posted on: December 11, 2016 3:06 pm | Last updated: December 11, 2016 at 3:06 pm

പെരിന്തല്‍മണ്ണ: അലിഗഢ് മലപ്പുറം കേന്ദ്രത്തോട് എല്ലാമേഖലകളില്‍ നിന്നുള്ള കടുത്ത അവഗണനയെ മറികടക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച പ്രാദേശിക ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
കേന്ദ്രസര്‍ക്കാര്‍ അനുകുലമായ രീതിയില്‍ പ്രതികരിക്കാത്തതും അലിഗഢ് യൂനിവേഴ്‌സിറ്റി ആസ്ഥാനത്തു നിന്നും മതിയായ പിന്തുണയില്ലാത്തതുമാണ് മലപ്പുറം കേന്ദ്രത്തിന്റെ വളര്‍ച്ചക്ക് തടസമെന്ന് ജനപ്രതിനിധികള്‍ ചുണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 2013 ഏപ്രില്‍ 18ന് യു പി എ സര്‍ക്കാര്‍ അംഗീകരിച്ച കേന്ദ്രത്തിന്റെ ഡി പി ആര്‍ പ്രകാരം അനുദിച്ച 140 കോടി രൂപയില്‍കേവലം 60 കോടി രൂപ മാത്രമാണ് ഇതുവരെ യൂണിവേഴ്‌സിറ്റി കൈപ്പറ്റിയിട്ടുളളത്. ബാക്കി വരുന്ന 80 കോടി ഇനിയും നേടിയെടുക്കാന്‍ യൂണിവേഴിസിറ്റിക്കായിട്ടില്ല. അനുവദിച്ച 140 കോടിയില്‍ കൈമാറിയ 60 കോടിയുടെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഏറെ വൈകിയാണ്.

അതിലും ചില അപാകതകളുള്ളതായാണ് ആക്ഷേപം. യൂണിവേഴ്‌സിറ്റി ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കാതെയും അനുവദിച്ച തുക വാങ്ങാതെ സാങ്കേതികത്വങ്ങള്‍ പറഞ്ഞ് ക്യാമ്പസിനെ ഇല്ലാതാക്കാനുളള ഗൂഢ നീക്കമാണ്‌നടത്തുന്നത്. 12ാം പഞ്ചവത്സര പദ്ധതിയില്‍ അനുവദിച്ചിട്ടുളള തുക അടുത്ത മാര്‍ച്ചിനകം ഉപയോഗിക്കാത്ത പക്ഷം ലാപ്‌സാകും. ഇത് നേടിയെടുക്കാന്‍ കൂട്ടായ പരിശ്രമം ആദ്യം നടത്തണമെന്നും ഇതിനായി വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സംസ്ഥാന ഭരണകൂടം എം എല്‍ എ മാര്‍, എം പി മാര്‍ എന്നിവരുടെ കുട്ടായ്മക്ക് രൂപം കൊടുക്കണമെന്ന ആവശ്യവും ഉയര്‍ന്നു. സ്ഥാപിച്ച് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നേരത്തെ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാനായില്ല. 2017ആകുമ്പോള്‍ 6000 വിദ്യാര്‍ഥികളുണ്ടാകുമെന്നതായിരുന്നു പ്രഖ്യപനം. എന്നാല്‍ 300ല്‍ പരം വിദ്യാര്‍ഥികളും 60 അധ്യാപക അനധ്യാപകരുമായി കേവലം മൂന്ന് കോഴ്‌സുമായി തുടങ്ങിയടത്തുതന്നെ നില്‍ക്കുന്ന കേന്ദ്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മാറ്റി യെടുക്കണമെന്ന കൂട്ടായതീരുമാനത്തിലാണ് ജനപ്രതിനിധിയോഗം സമാപിച്ചത്.
ചേലാമല അലിഗഢ് ഡവലപ്‌മെന്റ് സൊസൈറ്റി (കാഡ്‌സ്) ‘അലിഗഢിനായി കൈകോര്‍ക്കാം’ എന്ന തലക്കെട്ടില്‍ ഇതിനകം പ്രാദേശിക തലത്തില്‍ നിരവധി യോഗങ്ങള്‍ വിളിച്ചതിന്റെ തുടര്‍ച്ചയാണ് നഗരസഭ പഞ്ചായത്ത് ജന പ്രതിനിധികളുടെ യോഗം വിളിച്ച് ചേര്‍ത്തത്. ഇത്തരത്തില്‍ വിവധ സംഘടനകളുടെ യോഗവും സംഘടിപ്പിക്കും. തുടര്‍ന്ന് കേന്ദ്രത്തിന്റെ വികസനത്തിനാവശ്യമായ നിര്‍ദേശങ്ങളടങ്ങിയ ധവള പത്രം ഇറക്കാനും ലക്ഷ്യം വെക്കുന്നുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ, വൈസ് പ്രസിഡന്റ് സദഖ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം വി സിനി (ആലിപ്പറമ്പ്), കെ ആയിഷ (ഏലംകുളം), നഗരസഭ പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കാഡ്‌സ് പ്രസിഡന്റ് ഷംസാദ് അലി, സെക്രട്ടറി അഫ്‌സല്‍ ബാബു, മുഹമ്മദ് റാഷിദ്, മുന്‍സെക്ഷന്‍ ഓഫീസര്‍ വി എസ് മജീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.