നോട്ട് മാറ്റം: മമ്പുറംപാലം ഉദ്ഘാടനം ഇനിയും വൈകും

Posted on: December 11, 2016 3:04 pm | Last updated: December 11, 2016 at 3:04 pm

തിരൂരങ്ങാടി: ഈമാസം അവസാനം നടക്കുമെന്ന് പറഞ്ഞിരുന്ന മമ്പുറം പാലത്തിന്റെ ഉദ്ഘാടനം ഇനിയും വൈകുമെന്നുറപ്പായി. രാജ്യത്ത് ഉണ്ടായിട്ടുള്ള നോട്ട് നിരോധനമാണ് പാലത്തിന്റെ ഉദ്ഘാടനം നീളാന്‍ കാരണമായിട്ടുള്ളത്.
തുടക്കംതൊട്ട് ഒരുമാസം മുമ്പ് വരെ വളരെ വേഗത്തിലാണ് പണി നടന്നിരുന്നത്.എന്നാല്‍ നോട്ട് മാറ്റത്തിലൂടെ പാലത്തിന്റെ പ്രവൃത്തി എല്ലാ അര്‍ഥത്തിലും മന്ദീഭവിച്ചിരിക്കുകയാണ്. നോട്ട്മാറ്റം കാരണം ജോലിക്കാര്‍ക്ക് കൂലിനല്‍കാനോ വസ്തുക്കള്‍ എടുക്കാനോ സാധിക്കുന്നില്ലെന്ന് എഇ പറഞ്ഞു. അന്യ സംസ്ഥാനക്കാരായ തൊഴിലാളികളാണ് പണി എടുക്കുന്നത്.ഇവരില്‍ അധികം പേര്‍ക്കും ബാങ്ക് അക്കൗണ്ടോ മറ്റോ ഇല്ലാത്തത് കാരണം പണംനല്‍കാന്‍ കഴിയുന്നില്ലത്രെ. കൈവരിയുടെ പണി തന്നെ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഇനി അല്‍പം ഭാഗത്തെ കൈവരിയുടേയും മമ്പുറം ഭാഗത്തെ അപ്രോച്ച് റോഡിന്റെ പ്രവൃത്തിയും മാത്രമാണ് ബാക്കിയുള്ളത്.

എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ തുടരുന്ന പക്ഷം അടുത്ത ഫെബ്രുവരിയിലോ മാര്‍ച്ചിലോ മാത്രമേ പാലത്തിന്റെ ഉദ്ഘാടനം സാധ്യമാക്കുകയുള്ളു എന്നാണ് എ ഇ പറയുന്നത്. ഈമാസം അവസാനം ഉദ്ഘാടനം ചെയ്യുന്നതിന്നായി സ്ഥലം എം എല്‍ എ പി കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയുടെ തീയതി ആവശ്യപ്പെട്ടതായിരുന്നു. എന്നാല്‍ നോട്ട് മാറ്റത്തിലൂടെ അതെല്ലാം താളംതെറ്റിയിരിക്കുകയാണ്.പാലം പ്രവൃത്തിക്കായി കൊണ്ടുവന്ന യന്ത്ര സാമഗ്രികളെല്ലാം ക്രെയിന്‍ ഉപയോഗിച്ച് ലോറി മുഖേനെ കൊണ്ടു പോകുകയാണിപ്പോള്‍.