കുളിമുറിയില്‍ സൂക്ഷിച്ച 5.7 കോടി രൂപയും 32 കിലോ സ്വര്‍ണവും പിടികൂടി

Posted on: December 11, 2016 6:47 am | Last updated: December 11, 2016 at 8:47 am
പിടിയിലായ പണവും സ്വര്‍ണവും

ബെംഗളൂരു: കുളിമുറിയില്‍ സൂക്ഷിച്ച 5.7 കോടി രൂപയുടെ പുതിയ നോട്ടുകളും 32 കിലോയുടെ സ്വര്‍ണവും ആദായനികുതി വകുപ്പ് പിടികൂടി. പഞ്ചി ഡയരക്ടറേറ്റ് ഓഫ് ഡയരക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റാണ് റെയ്ഡ് നടത്തിയത്. 90 ലക്ഷത്തിന്റെ പഴയ നോട്ടുകളും പിടിച്ചെടുത്തു. നിരവധി സ്വത്ത് രേഖകളും പിടിച്ചെടുത്തതില്‍ പെടും. കര്‍ണാടക ചിത്രദുര്‍ഗ ചല്ലാകേറിലെ അറിയപ്പെടുന്ന ഹവാല ഇടപാടുകാരനായ വ്യവസായിയുടെ വീട്ടിലെ കുളിമുറിയില്‍ നിന്നാണ് പണവും സ്വര്‍ണവും പിടികൂടിയത്. കാസിനോ മുതലാളിയാണ് ഇയാളെന്ന് അധികൃതര്‍ അറിയിച്ചു.
കള്ളപ്പണം കണ്ടുകെട്ടുന്നതിന് വേണ്ടി ആദായനികുതി വകുപ്പ് നടത്തുന്ന റെയ്ഡിനിടയിലാണ് പുതിയ നോട്ടുകള്‍ കണ്ടെത്തിയത്. നിലത്ത് പതച്ച ടൈല്‍സിനുള്ളിലും വാഷ്‌ബേസിന് മുകളിലുമായിട്ടാണ് പണം ഒളിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 32 കിലോ സ്വര്‍ണത്തില്‍ 28 കിലോയുടെ സ്വര്‍ണ ബിസ്‌ക്കറ്റായും നാല് കിലോ ആഭരണങ്ങളുമാണ്.

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ആദായനികുതി നടത്തിയ പരിശോധനയില്‍ 24 കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. വെല്ലൂര്‍ ടൗണിന് സമീപം ഒരു കാറില്‍ സൂക്ഷിച്ചിരുന്ന പണമാണ് അധികൃതര്‍ പിടിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് കര്‍ണാടകയിലും പുതിയ നോട്ടുകള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കര്‍ണാടകയിലെയും ഗോവയിലെയും 15 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി.
അസാധുവാക്കിയ നോട്ടുകള്‍ പുതിയ നോട്ടുകളായി മാറ്റി വാങ്ങുന്ന റാക്കറ്റില്‍ ഈ ഹവാല ഇടപാടുകാരന് പ്രധാന പങ്കുള്ളതായി ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ ദിശയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കൂടാതെ ഹാസന്‍ മാര്‍ക്കറ്റ് യാര്‍ഡിന് സമീപത്തെ റോഡരികില്‍ അസാധുവാക്കിയ നോട്ടുകള്‍ ഇന്നലെ കത്തിച്ച നിലയിലും കണ്ടെത്തി. 500 രൂപയുടെ നോട്ടുകളാണ് കത്തിച്ചവയില്‍ അധികവും. മൂന്ന് ലക്ഷത്തോളം രൂപ അഗ്നിക്കിരയാക്കിയവയില്‍ പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മാലിന്യങ്ങളില്‍ നിന്ന് പ്ലാസ്റ്റിക്കുകളും മറ്റും പെറുക്കിയെടുത്ത് വില്‍പ്പന നടത്തി ജീവിക്കുന്ന സംഘത്തിന്റെ കൈയില്‍ 500 രൂപയുടെ കരിഞ്ഞ നോട്ടുകള്‍ കണ്ടെത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാലിന്യ നിക്ഷേപ സ്ഥലത്ത് നോട്ടുകള്‍ കത്തി കണ്ടെത്തിയത്. ഹാസന്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

കള്ളപ്പണ ലോബി തന്നെയായിരിക്കാം ഇതിന് പിന്നിലെന്നാണ് പോലീസ് നിഗമനം. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ വേട്ട നടന്നതോടെ തികച്ചും പരിഭ്രാന്തിയിലാണ് കര്‍ണാടക ജനത. നോട്ട് നിരോധനം നിലവില്‍ വന്ന ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കള്ളപ്പണം പിടികൂടിയത് കര്‍ണാടകയില്‍ നിന്നാണെന്നത് സംസ്ഥാന സര്‍ക്കാറിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ്.
152 കോടി രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയത് സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീട്ടില്‍ നിന്നാണെന്നത് സര്‍ക്കാറിന് കനത്ത ആഘാതമാണ്. പൊതുമരാമത്ത് വകുപ്പ് ചീഫ് പ്രൊജക്ട് ഓഫീസര്‍ എസ് സി ജയചന്ദ്ര, കാവേരി നിഗം ലിമിറ്റഡ് മാനേജിംഗ് ഡയരക്ടര്‍ ചി എന്‍ ചിക്കരായപ്പ എന്നിവരുടെ വീട്ടില്‍ നിന്നാണ അനധികൃത സമ്പാദ്യം കണ്ടെത്തിയത്. നോട്ട് നിരോധനത്തിന് ശേഷം ആദായ നികുതി രാജ്യ വ്യാപകമായി 30 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 18 എണ്ണവും കര്‍ണാടകത്തിലാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.