Connect with us

Ongoing News

കേരള ബ്ലാസ്റ്റേഴ്‌സ്- ഡല്‍ഹി ഡൈനാമോസ് ആദ്യ പാദ സെമി ഇന്ന്‌

Published

|

Last Updated

ബ്ലാസ്റ്റേഴ്‌സ് ടീം
പരിശീലനത്തില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫൈനല്‍ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു. കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ പാദ സെമി പോരാട്ടത്തില്‍ ഡല്‍ഹി ഡൈനാമോസാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ശരാശരി അന്‍പത്തിഅയ്യായിരം കാണികള്‍ ഓരോ മത്സരത്തിനുമെത്തുന്ന കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ കഴിഞ്ഞ അഞ്ച് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് സെമി പോരാട്ടത്തിനിറങ്ങുന്നത്.

ആര്‍ത്തിരമ്പുന്ന കാണികളുടെ കരുത്തില്‍ വിജയിക്കാമെന്ന മോഹം ഉപേക്ഷിക്കണമെന്നും ഡല്‍ഹിയുടെ വെല്ലുവിളി നേരിടാന്‍ വേണ്ടി തയ്യാറാകണമെന്നും കോച്ച് സ്റ്റീവ് കോപ്പല്‍ ടീമംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഗ്യാലറിയുടെ പൂര്‍ണ പിന്തുണയുണ്ടെങ്കിലും ടീം നല്ല ഉണര്‍വോടെ മത്സരത്തിനൊരുങ്ങണമെന്നും കോപ്പല്‍ വ്യക്തമാക്കി. മുമ്പ് നടന്ന മത്സരങ്ങളെ ഇനി വരാനിരിക്കുന്ന മത്സരങ്ങളെയും ഒരു പോലെ കാണരുത്. കഠിനമായി അധ്വാനിക്കുകയും അതോടൊപ്പം ശരിയായ സമയത്ത് ഗോള്‍ നേടാനും സാധിച്ചതാണ് മത്സരങ്ങള്‍ വിജയിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ മത്സരങ്ങളില്‍ സംഭവിച്ചതുപോലെ ഇനിയും സംഭവിക്കുമെന്നു കരുതരുതെന്നും ഇക്കാര്യത്തില്‍ ഒരു ഗ്യാരണ്ടിയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചിയില്‍ ഡല്‍ഹി ഡൈനാമോസിനെ ഇതുവരെ തോല്‍പ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല എന്നതും കേരളത്തെ ചിന്തിപ്പിക്കുന്നുണ്ട്.
ഡല്‍ഹി ഡൈനാമോസും കേരള ബ്ലാസ്റ്റേഴ്‌സും ഇതുവരെ ആറ് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണ ഡല്‍ഹി ജയിച്ചു. ഒരു തവണ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത്. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
ഈ സീസണില്‍ കൊച്ചിയില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. എന്നാല്‍ ഡല്‍ഹിയില്‍ ആതിഥേയര്‍ 2- 0നു ജയിച്ചു. ഇത്തവണ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് വിജയം നേടുമെന്ന് ആരാധകര്‍ കരുതുന്നു. സ്വന്തം ഗ്രൗണ്ടില്‍ തുടര്‍ച്ചയായി അഞ്ച് വിജയങ്ങള്‍ കുറിച്ചെങ്കിലും ഈ സീസണിലെ ഏറ്റവും കുറവ് ഗോളുകള്‍ നേടിയ ടീമാണ് ബ്ലാസ്റ്റേഴ്‌സ്. അടിച്ച ഗോളുകളേക്കാള്‍ വഴങ്ങിയ ഗോളുകളാണ് കൂടുതല്‍.

മറുവശത്ത് ഈ സീസണിലെ ഏറ്റവും മികച്ച ടീമാണ് ഡല്‍ഹി. എവേ മ്ത്സരങ്ങളില്‍ മൂന്ന് ക്ലീന്‍ഷീറ്റുകളും ഡല്‍ഹിയുടെ പേരിലുണ്ട്. നാല് ക്ലീന്‍ ഷീറ്റുകളോടെ മുംബൈ സിറ്റിയാണ് ഒന്നാമത്.
കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരം വളരെ കടുപ്പമേറിയതാണെന്ന് ഡല്‍ഹി പരിശീലകന്‍ ജിയാന്‍ ലൂക്ക സാംബ്രോട്ട പറഞ്ഞു. ഗ്യാലറി തിങ്ങിനിറയുന്ന ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിന്റെപ്രധാന കരുത്ത്. എന്നാല്‍ ടീം എന്ന നിലയില്‍ ഏറ്റവും നന്നായി ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുമെന്നും സാംബ്രോട്ട പറഞ്ഞു. അതേപോലെ രണ്ടാം പാദം ഡല്‍ഹിയിലാണ് കളിക്കുന്നതെന്ന നേട്ടവും ടീമിനുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇരു ടീമുകളെയും പരുക്ക് വലക്കുന്നില്ല എന്നത് ഫുട്‌ബോള്‍ പ്രേമികള്‍ക്കു ആഹ്ലാദകരമായ വാര്‍ത്തയാണ്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിര താരമായ ഹോസു പരുക്കില്‍ നിന്ന് മുക്തനായി കളത്തിലിറങ്ങും. ഹോസു മടങ്ങിയെത്തുന്നതോടെ ആരോണ്‍ ഹ്യൂസ്, സെഡ്രിക് ഹെംഗ്ബര്‍ട്ട്, സന്ദേശ് ജിങ്കാന്‍ എന്നിവരടങ്ങുന്ന കേരള പ്രതിരോധ നിര കൂടുതല്‍ ശക്തമാകും. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഇന്ത്യന്‍ താരമായ സി കെ വിനീത്, ബെല്‍ഫോര്‍ട്ട് എന്നിവരടങ്ങുന്ന മുന്നേറ്റ നിരയും മികച്ച ഫോമിലാണെന്നത് മഞ്ഞപ്പടയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
മാഴ്‌സലിഞ്ഞ്യോയുടെ പ്രഭാവമാണ് ഡല്‍ഹിയുടെ കരുത്ത്. മധ്യനിരയും താരസമ്പന്നം. മുന്‍നിരയില്‍ റിച്ചാര്‍ഡ് ഗാഡ്‌സെയും സൂപ്പര്‍ സബ് ബാദ്രെ ബാജിയും വരുന്നു. മധ്യനിരയില്‍ എണ്ണയിട്ടയന്ത്രം പോലെ ഗ്രൗണ്ടിന്റെ ഏത് മൂലയിലും എത്തുന്ന ഫ്‌ളോറന്റ് മലൂദ ആണ് കളി മെനയുന്നതിലെ വിദഗ്ധന്‍. പ്രതിരോധ നിരയുടെ ചുമതല കൂടി ഏറ്റെടുക്കുന്ന സൗവിക് ചക്രവര്‍ത്തി, കീന്‍ ലൂയീസ്, മാര്‍കോസ് ടെബാര്‍, മിലന്‍ സിംഗ്, മെമോ, ബ്രൂണോ പെല്ലിസാരി എന്നിങ്ങനെ പോകുന്നു ഡല്‍ഹിയുടെ മിഡ്ഫീല്‍ഡ് ലൈനപ്പ്.

Latest