യൂറോപ ലീഗ് : മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നോക്കൗട്ടില്‍

Posted on: December 10, 2016 11:38 am | Last updated: December 10, 2016 at 11:38 am

ലണ്ടന്‍: ഉക്രൈന്‍ ക്ലബ്ബ് സോറിയ ലുഹാന്‍സ്‌കിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യൂറോപ ലീഗ് ഫുട്‌ബോളിന്റെ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. നാല്‍പ്പത്തെട്ടാം മിനുട്ടില്‍ മഹിതരിയാനും എണ്‍പത്തെട്ടാം മിനുട്ടില്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചും യുനൈറ്റഡിനായി ലക്ഷ്യം കണ്ടു.

ഗ്രൂപ്പ് എയില്‍ ആറ് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റ് നേടി രണ്ടാം സ്ഥാനക്കാരായാണ് മാഞ്ചസ്റ്റര്‍ ക്ലബ്ബിന്റെ നോക്കൗട്ട് പ്രവേശം. പതിമൂന്ന് പോയിന്റുള്ള തുര്‍ക്കി ക്ലബ്ബ് ഫെനര്‍ബഷെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. മറ്റൊരു പ്രീമിയര്‍ ലീഗ് ടീം സതംപ്ടണ്‍ 1-1ന് ഹപോയലിനോട് സമനിലയായതോടെ നോക്കൗട്ട് കാണാതെ പുറത്തായി.

നോക്കൗട്ടില്‍ 32 ടീമുകളാണ് കളിക്കുക. സീഡിംഗോടെ അയാക്‌സ്, അപോയല്‍, ബെസിക്താസ്, ഫെനര്‍ബഷെ, ഫിയോറന്റീന, കോബന്‍ഹാംന്‍, ലിയോണ്‍, ഒസ്മാലിസ്പര്‍, റോമ, ഷാല്‍ക്കെ, ഷാക്തര്‍, സ്പാര്‍ട്ട പ്രാഹ്, സെയിന്റ് എറ്റിനെ, ടോട്ടനം, സെനിത് ടീമുകള്‍ യോഗ്യത നേടി.
സീഡിംഗ് ഇല്ലാത്തവരുടെ കൂട്ടത്തിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡും വിയ്യാറയലും.