അലെപ്പോയില്‍ താത്കാലിക വെടിനിര്‍ത്തല്‍

Posted on: December 10, 2016 8:50 am | Last updated: December 9, 2016 at 9:28 pm
അലെപ്പോയിലെ സംഘര്‍ഷ ബാധിത പ്രദേശത്ത് നിന്ന് പലായനം ചെയ്യുന്ന സിറിയന്‍ കുടുംബം

അലെപ്പോ: വിമത സൈനികര്‍ കൈയടക്കിവെച്ച വടക്കന്‍ സിറിയയിലെ അലെപ്പോയില്‍ താത്കാലിക വെടിനിര്‍ത്തല്‍. 8,000 ഓളം സാധാരണക്കാര്‍ക്ക് സുരക്ഷിത ഇടങ്ങളിലേക്ക് പോകാനുള്ള സാഹചര്യം ഒരുക്കുന്നതിന് വേണ്ടിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. നിരവധി പേര്‍ ഇതിനകം യു എന്നിന്റെയും മറ്റും അഭയാര്‍ഥി കേന്ദ്രങ്ങളിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2012 മുതല്‍ വിമതരുടെ നിയന്ത്രണത്തിലായിരുന്ന കിഴക്കന്‍ അലെപ്പോയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് റഷ്യയുടെ പിന്തുണയുള്ള സിറിയന്‍ സൈന്യം.

കിഴക്കന്‍ അലെപ്പോയുടെ 75 ശതമാനവും സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ അലെപ്പോയുടെ നിയന്ത്രണം നേരത്തെ സിറിയന്‍ സര്‍ക്കാറിനുണ്ടായിരുന്നു. കിഴക്കന്‍ അലെപ്പോ കൂടെ തിരിച്ചുപിടിക്കാന്‍ സാധിച്ചാല്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട് വാണിജ്യ നഗരത്തില്‍ നിന്ന് വിമതരെ തുരത്തിയെന്ന് പറയാം. കൂടാതെ അലെപ്പോയിലെ വിവിധ ഭാഗങ്ങളില്‍ ശക്തി ഉറപ്പിച്ച ഇസില്‍ ഭീകരര്‍ക്കെതിരായ സൈനിക നടപടിയും സിറിയക്ക് നടത്തേണ്ടതുണ്ട്.
അതിനിടെ, അലെപ്പോയില്‍ നിന്ന് നൂറ് കണക്കിനാളുകളെ കാണാതായിട്ടുണ്ടെന്ന് യു എന്‍ വക്താക്കള്‍ അറിയിച്ചു. അലെപ്പോയിലെ ഏറ്റുമുട്ടല്‍ പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിത ഇടങ്ങളിലേക്ക് നീങ്ങുന്നതില്‍ നിന്ന് വിമതര്‍ ജനങ്ങളെ വിലക്കുന്നുണ്ട്. വിമതരുടെയും സൈന്യത്തിന്റെയും പീഡനത്തിന് ഇരയാകുന്നവരാണ് അലെപ്പോയിലെ ജനങ്ങളെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

കനത്ത അഭയാര്‍ഥി പ്രതിസന്ധിയാണ് അലെപ്പോയില്‍ ഉണ്ടായിരിക്കുന്നതെന്നും ഭക്ഷണമടക്കമുള്ള അവശ്യ വസ്തുക്കള്‍ ലഭിക്കാതെ പതിനായിരങ്ങള്‍ വലയുന്നുണ്ടെന്നും യു എന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച അലെപ്പോയിലെ കിഴക്കന്‍ മേഖലയില്‍ റഷ്യയുടെ
വ്യോമാക്രമണം ശക്തമാണെന്ന ആരോപണവുമായി വിമതര്‍ രംഗത്തെത്തി. സാധാരണക്കാരുടെയും വിമതരുടെയും മേഖലകളില്‍ വ്യോമാക്രമണം നടക്കുന്നുണ്ടെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ജനങ്ങളെ പരിഹസിക്കുകയാണ് സൈന്യമെന്ന് വിമതര്‍ ആരോപിച്ചു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണം ഒന്നും വന്നില്ല.
രണ്ട് ദിവസത്തിനിടെ അലെപ്പോയിലുണ്ടായ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടെന്ന് സന്നദ്ധ സംഘമായ വൈറ്റ്‌ഹെല്‍മെറ്റ്‌സ് വക്താക്കള്‍ അറിയിച്ചു.