കൊച്ചിക്കും വരും പ്ലാസ്റ്റിക് കറന്‍സി

Posted on: December 9, 2016 9:24 pm | Last updated: December 9, 2016 at 9:24 pm

കൊച്ചി: രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സികളിറക്കി പരീക്ഷിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ കേരളത്തില്‍ നിന്ന് കൊച്ചിയും. സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനാകാതെ വന്നതോടെയാണ് പേപ്പറിന് പകരം പ്ലാസ്റ്റിക്കോ, പോളിമറോ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ നോട്ട് അച്ചടിച്ച് ഇറക്കാന്‍ കേന്ദ്രം നടപടികള്‍ തുടങ്ങിയത്. ഇതിനായുള്ള അസംസ്‌കൃത വസ്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ചു തുടങ്ങി.

ഇത്തരത്തില്‍ അച്ചടിക്കുന്ന നോട്ടുകള്‍ ആദ്യം രാജ്യത്തെ അഞ്ച് പ്രധാനപ്പെട്ട നഗരങ്ങളിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ വിതരണം ചെയ്യുക. രാജ്യത്തെ പ്രമുഖ നഗരങ്ങളായ ഒറീസ്സയിലെ ഭുവനേശ്വര്‍, ഹിമാചല്‍ പ്രദേശിലെ ഷിംല, കര്‍ണാടകത്തിലെ മൈസൂരു, രാജസ്ഥാനിലെ ജയ്പൂര്‍ എന്നീ നഗരങ്ങള്‍ക്ക് പുറമെ കൊച്ചിയിലുമാണ് നോട്ട് വിതരണം ചെയ്യുക. പത്ത് രൂപയുടെ ഒരു ബില്യന്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത ഈ അഞ്ച് നഗരങ്ങളില്‍ വിതരണം ചെയ്യാനാണ് പദ്ധതി. പേപ്പര്‍ നോട്ടുകളെ അപേക്ഷിച്ച് പ്ലാസ്റ്റിക് നോട്ടുകളെ അനുകരിച്ച് കള്ളനോട്ടുകള്‍ അടിക്കാന്‍ പ്രയാസകരമാണെന്നാണ് ആര്‍ ബി ഐയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്ലാസ്റ്റിക് കറന്‍സികള്‍ പേപ്പര്‍ കറന്‍സികളെ അപേക്ഷിച്ച് കൂടുതല്‍ വൃത്തിയുള്ളതാണെന്ന പ്രത്യേകതയുമുണ്ട്.

കള്ളനോട്ട് വ്യാപനത്തിന് തടയിടുക എന്ന ഉദ്ദേശത്തോടെ ഓസ്‌ട്രേലിയയാണ് ഇത്തരം നോട്ടുകള്‍ ആദ്യമായി പരീക്ഷിച്ചത്. ഒരു പ്ലാസ്റ്റിക് നോട്ടിന് ശരാശരി അഞ്ചു വര്‍ഷമാണ് ആയുസ് കണക്കാക്കുന്നത്.