സോഷ്യലിസ്റ്റ് നേതാവും മുന്‍ എം.പിയുമായ പി. വിശ്വംഭരന്‍ അന്തരിച്ചു

Posted on: December 9, 2016 4:16 pm | Last updated: December 10, 2016 at 9:42 am

തിരുവനന്തപുരം; സോഷ്യലിസ്റ്റ് നേതാവും മുന്‍ എം.പിയുമായ പി. വിശ്വംഭരന്‍ അന്തരിച്ചു. 91 വയസായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിച്ച വിശ്വംഭരന്‍, തിരുക്കൊച്ചി നിയമസഭയിലും കേരള നിയമസഭയിലും അംഗമായിരുന്നു. 1964ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1973ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍.ഡി.എഫ്) രൂപീകൃതമായപ്പോള്‍ ആദ്യ കണ്‍വീനറായി.

1945ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂനിയന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, 1946ല്‍ തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് കേന്ദ്ര ഓഫീസ് സെക്രട്ടറി, 1949ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗം, 1950ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം, 1956ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന ജോയിന്റ് സെക്രട്ടറി, 1964ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പി.എസ്.പി) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് പി.എസ്.പിയും ഡോ.റാം മനോഹര്‍ ലോഹ്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയും ലയിച്ച് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി (എസ്.എസ്.പി) രൂപീകൃതമായപ്പോള്‍ ജനറല്‍ സെക്രട്ടറിയായി. 1971ല്‍ വിവിധ സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ ലയിച്ച് അഖിലേന്ത്യ തലത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയായി മാറിയപ്പോള്‍ സംസ്ഥാന ചെയര്‍മാനായി.

1975-77 കാലഘട്ടത്തില്‍ അടിയന്തിരാവസ്ഥയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം 42ാം ഭരണഘടനാ ഭേദഗതിക്കെതിരെ സംസ്ഥാനത്തുടനീളം പ്രചരണം നടത്തി. അടിയന്തിരാവസ്ഥക്കാലത്ത് രൂപീകൃതമായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ സംസ്ഥാന സെക്രട്ടറിയായി. ഈ കാലയളവില്‍ ദേശീയതലത്തില്‍ നടന്ന ജനതാ പാര്‍ട്ടി രൂപീകരണത്തില്‍ സജീവ പങ്കാളിയുമായിരുന്നു. 1980നു ശേഷം ജനതാ പാര്‍ട്ടിയുടെയും ജനതാദളിന്റെയും സംസ്ഥാന പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചു. 2003ല്‍ സോഷ്യലിസ്റ്റുകളുടെ ഏകീകരണം ലക്ഷ്യമാക്കി അഖിലേന്ത്യാതലത്തില്‍ രൂപീകൃതമായ സോഷ്യലിസ്റ്റ് ഫ്രണ്ട് സംസ്ഥാന കണ്‍വീനര്‍, ദേശീയ സമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പി.എസ്.പി, എസ്.എസ്.പി, എസ്.പി എന്നിവയുടെ ദേശീയ നിര്‍വാഹക സമിതിയിലും എസ്.എസ്.പിയുടെ കേന്ദ്രപാര്‍ലമെന്ററി ബോര്‍ഡിലും അംഗമായിരുന്ന പി.വിശ്വംഭരന്‍ ജനതാ പാര്‍ട്ടി, ജനതാദള്‍ എന്നിവയുടെ ദേശീയ നിര്‍വാഹകസമിതിയില്‍ ദീര്‍ഘകാലം പ്രത്യേക ക്ഷണിതാവുമായിരുന്നു.

1954ല്‍ തിരുവിതാംകൂര്‍കൊച്ചി നിയമസഭാംഗം, 1960ല്‍ കേരളാ നിയമസഭാംഗം, 1967ല്‍ പാര്‍ലമെന്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പാര്‍ലമെന്റിലും നിയമസഭയിലും പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി ഉള്‍പ്പെടെ പല സമിതികളിലും അംഗമായിരുന്നു.