Connect with us

Wayanad

കൊമ്പനാനയെ പന്തിയിലാക്കിയ സംഭവം: ഭിന്നാഭിപ്രായവുമായി വിദഗ്ധ സമിതി

Published

|

Last Updated

കല്‍പ്പറ്റ: ബത്തേരി ഫോറസ്റ്റ് റേഞ്ചിലെ കല്ലൂരിലും സമീപങ്ങളിലും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായതിനെത്തുടര്‍ന്ന് നവംബര്‍ 22ന് വെടിവച്ച് മയക്കി കുങ്കിയാനകളുടെ സഹായത്തോടെ പന്തിയിലാക്കിയ കൊമ്പനാനയെ എന്തുചെയ്യണമെന്നതില്‍ അഭിപ്രായ ഐക്യത്തിലെത്താതെ വിദഗ്ധ സമിതി. കല്ലൂര്‍ കൊമ്പനെന്ന് വിളിപ്പേരുള്ള 25 വയസ് മതിക്കുന്ന ആനയെ തിരികെ കാട്ടില്‍ വിടുന്നതിനേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. ഹരികുമാര്‍ നിയോഗിച്ച എട്ടംഗ സമിതിയിലാണ് ഭിന്നാഭിപ്രായങ്ങള്‍. ചൊവ്വാഴ്ച വൈകുന്നേരം വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ സ്രാമ്പിയിയില്‍ ചേര്‍ന്ന യോഗത്തിലാണ് സമിതി അംഗങ്ങളുടെ അഭിപ്രായവ്യത്യാസം മറനീക്കിയത്.

കോട്ടയം പ്രോജക്ട് ടൈഗര്‍ ഫീല്‍ഡ് ഡയറക്ടര്‍ ഡോ. അമിത് മല്ലിക്, പറമ്പിക്കുളം പ്രോജക്ട് ടൈഗര്‍ ഫീല്‍ഡ് ഡയറക്ടര്‍ പ്രമോദ് ജി. കൃഷ്ണന്‍, പീച്ചി വനം ഗവേഷണ കേന്ദ്രത്തിലെ മൂന്‍ ശാസ്ത്രജ്ഞന്‍ ഡോ. പി.എസ്. ഈസ, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ്‌കുമാര്‍, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ, പരിസ്ഥിതി പ്രവര്‍ത്തകന്‍ നമശിവായം, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, കോന്നി ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ എന്നിവരടങ്ങുന്നതാണ് വിദഗ്ധ സമിതി. ഇതില്‍ യോഗത്തിനെത്താതിരുന്ന നമശിവായം ടെലിഫോണിലൂടെയാണ അഭിപ്രായം അറിയിച്ചത്.

സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്ക്കായിരിക്കും കൊമ്പനെ നാട്ടാനയാക്കണോ, വനത്തില്‍ വിടണോ എന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തീരുമാനിക്കുക. ആനയെ വയനാടന്‍ വനത്തില്‍ തുറന്നുവിടുന്നത് അനുചിതമാണെന്നതില്‍ സമിതി അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കമില്ല. ആനയെ, അതിനെ പിടിച്ചിടത്തോ സമീപത്തോ വനത്തില്‍ മോചിപ്പിക്കണമെന്ന ശിപാര്‍ശ റിപ്പോര്‍ട്ടിലുണ്ടാകില്ലെന്ന് സമിതി അംഗങ്ങള്‍ പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കുകയും ഉണ്ടായി. ഇതോടെ, കല്ലൂരിലും സമീപങ്ങളുമുള്ള ജനങ്ങളുടെ ആശങ്കക്ക് വിരമമായി. ആനയെ വനത്തില്‍ മോചിപ്പിക്കാന്‍ തീരുമാനമുണ്ടായാല്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കര്‍ഷക കൂട്ടായ്മകള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.
ആനയെ മെരുക്കാതെ വയനാടിനു പുറത്ത് യോജിച്ച വനപ്രദേശത്ത് സ്വതന്ത്രനാക്കണമെന്നാണ് സമിതി യോഗത്തില്‍ എന്‍. ബാദുഷ നിര്‍ദേശിച്ചത്. ഇതേ നിര്‍ദേശമാണ് നമശിവായം ടെലിഫോണിലൂടെ നല്‍കിയതും. ആനയെ പ്രാകൃതമുറകള്‍ പ്രയോഗിക്കാതെ ഭാഗികമായി മെരുക്കി അര്‍ധവന്യമാക്കി മുത്തങ്ങയില്‍ത്തന്നെ സംരക്ഷിക്കുന്നതാണ് ഉചിതമെന്നാണ് സമിതിയിലെ ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍മാര്‍ അഭിപ്രായപ്പെട്ടത്. ആനയെ ജില്ലക്ക് പുറത്ത് വനത്തില്‍ വിടുന്നതിലും നല്ലത് പരിശീലനം നല്‍കി കുങ്കിയാനയാക്കുകയാണെന്ന നിര്‍ദേശവും ഉണ്ട്. ആനയുടെ കാര്യത്തില്‍ അഭിപ്രായ ഐക്യം ഉണ്ടായതിനുശേഷമാണ് സമിതി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. സമിതിയുടെ അടുത്ത യോഗം പിന്നീട് ചേരും.

വയനാട് വന്യജീവി സങ്കേതത്തിലെ പൊന്‍കുഴി സെക്ഷന്‍ പരിധിയില്‍ കല്ലൂര്‍, കല്ലൂര്‍–67, പണപ്പാടി, കാളിച്ചിറ, കരടിമാട്, തേക്കുംപറ്റ പ്രദേശങ്ങളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിലാണ് ആനയെ പിടികൂടാന്‍ നവംബര്‍ 15ന് സംസ്ഥാന വനം മന്ത്രി ഉത്തരവായത്. കല്ലൂരില്‍ അയ്യപ്പനെന്ന കര്‍ഷകരെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും വീടുകള്‍ക്ക് കേടുവരുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ ചെലുത്തിയ സമ്മര്‍ദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വനം മന്ത്രിയുടെ ഉത്തരവ്. ഇതിനു പിന്നാലെ മുത്തങ്ങയില്‍ പന്തിനിര്‍മാണം ഉള്‍പ്പെടെ മുന്നൊരുക്കം നടത്തിയ വനം–വന്യജീവി പാലകര്‍ കല്ലൂര്‍ 67ല്‍നിന്നാണ് 22ന് രാവിലെ ഏഴോടെ ആനയെ വെടിവച്ചു മയക്കിയത്. പിന്നീട് ബന്ധിച്ച് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയാണ് മുത്തങ്ങയിലെത്തിച്ചത്.ആനയെ “മര്യാദക്കാരനാക്കുന്നതിനു” വിദഗ്ധരായ പാപ്പാന്മാര്‍ കഠിന പരിശ്രമത്തിലാണ്. ആരെയും ആക്രമിച്ചു കൊലപ്പെടുത്തിയതായി തെളിഞ്ഞിട്ടില്ലാത്ത കൊമ്പനെ പിടികൂടി പന്തിയിലാക്കിയതിനെതിരെ വന്യജീവി സ്‌നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഒരു വിഭാഗവും രംഗത്തുവന്നിരുന്നു.

 

---- facebook comment plugin here -----

Latest