Connect with us

National

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപന രാത്രി വിറ്റഴിക്കപ്പെട്ടത് 15 ടണ്‍ സ്വര്‍ണം

Published

|

Last Updated

മുംബൈ: കഴിഞ്ഞ മാസം എട്ടിന് പ്രധാനമന്ത്രി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച ശേഷം ആ രാത്രിയില്‍ രാജ്യത്തെ ജ്വല്ലറികളില്‍ നിന്ന് വിറ്റഴിക്കപ്പെട്ടത് 15 ടണ്‍ സ്വര്‍ണം. ഏതാണ്ട് 5,000 കോടി രൂപയുടെ സ്വര്‍ണമാണിതെന്നും ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ (ഐ ബി ജെ എ) ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത പറഞ്ഞു.

രാജ്യത്താകമാനം 2,500 ജ്വല്ലറികളാണ് ഐ ബി ജെ എയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നവംബര്‍ എട്ടിന് രാത്രി എട്ട് മുതല്‍ ഒമ്പതിന് പുലര്‍ച്ചെ മൂന്ന് വരെ നടന്ന കച്ചവടമാണിത്. ഇതില്‍ തന്നെ പകുതിയും നടന്നത് ഡല്‍ഹി, ഉത്തര്‍ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലാണ്. രാജ്യത്തൊട്ടാകെയുള്ള ആറ് ലക്ഷത്തോളം വരുന്ന ജ്വല്ലറികളില്‍ കേവലം ആയിരത്തോളം മാത്രമേ നോട്ട് അസാധുവാക്കലിന് ശേഷമുള്ള ആ രാത്രിയില്‍ 500, 1000 രൂപയുടെ പഴയ നോട്ടുകള്‍ സ്വീകരിച്ചിട്ടുള്ളുവെന്നും മേത്ത അവകാശപ്പെട്ടു.
സാധാരണ ഒരു മാസത്തില്‍ നടക്കാറുള്ള സ്വര്‍ണ വ്യാപാരത്തിന്റെ അഞ്ചില്‍ ഒന്നാണ് ഒറ്റ ദിവസത്തില്‍ ഉണ്ടായത്. രാജ്യത്ത് ഒരു വര്‍ഷം എതാണ്ട് 800 ടണ്‍ സ്വര്‍ണമാണ് വിറ്റഴിക്കപ്പെടുന്നത്. എന്നാല്‍, ഈ വര്‍ഷം അതില്‍ കുറവ് വന്ന് 500 ടണ്‍ സ്വര്‍ണം മാത്രമാണ് വില്‍പ്പന നടത്താന്‍ കഴിഞ്ഞത്. നോട്ട് അസാധുവാക്കല്‍ അടക്കം ഇതിന് കാരണമായിട്ടുണ്ടെന്നും സുരേന്ദ്ര മേത്ത പറഞ്ഞു.
നവംബര്‍ ഏഴിനും 11നും ഇടയില്‍ നടന്ന സ്വര്‍ണ വ്യാപാരത്തിന്റെ കണക്കുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് രാജ്യത്തെ 650 ജ്വല്ലറികള്‍ക്ക് കേന്ദ്ര എക്‌സൈസ് ഇന്റലിജന്‍സിന്റെ ഭോപ്പാല്‍ യൂനിറ്റ് നോട്ടീസ് അയച്ചിട്ടുണ്ട്.