അലെപ്പോയില്‍ നിന്ന് വിമതര്‍ പിന്‍വാങ്ങുന്നു

Posted on: December 8, 2016 12:11 am | Last updated: December 8, 2016 at 12:11 am
അലെപ്പോയില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹം പുറത്തെടുക്കുന്ന വൈറ്റ് ഹെല്‍മെറ്റ്‌സ് പ്രവര്‍ത്തകര്‍

അലെപ്പോ: സിറിയന്‍ വിമതരുടെ ശക്തിപ്രദേശമായ പഴയ അലെപ്പോയിലെ സൈനിക മുന്നേറ്റം പൂര്‍ണ വിജയത്തിലേക്ക്. ഇവിടെ നിന്ന് വിമതര്‍ കൂട്ടത്തോടെ പിന്‍വാങ്ങി തുടങ്ങി. റഷ്യന്‍ വ്യോമസേനയുടെ പിന്തുണയുള്ള സിറിയന്‍ സൈന്യം കിഴക്കന്‍ അലെപ്പോയില്‍ നടത്തുന്ന വിമതര്‍ക്കെതിരായ ഓപറേഷന്‍ കൂടുതല്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.

അഞ്ച് വര്‍ഷം മുമ്പ് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം തൊട്ട് വിമതര്‍ കൈയ്യടക്കിയ പ്രദേശങ്ങളില്‍ നിന്നാണ് വിമത സൈനികര്‍ പലായനം ചെയ്യുന്നത്. അലെപ്പോയിലെ പുരാതന നഗരമായ പഴയ അലെപ്പോ പൂര്‍ണമായും തിരിച്ചുപിടിച്ചതായി സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു. അതിനിടെ, അലെപ്പോയില്‍ നിന്ന് സാധാരണക്കാര്‍ക്ക് സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ അഞ്ച് ദിവസത്തെ സാവകാശം സൈന്യം നല്‍കിയിട്ടുണ്ട്.
അതേസമയം, വിമതര്‍ കൈയ്യടക്കിയ പ്രദേശങ്ങളില്‍ പതിനായിരക്കണക്കിന് സാധാരണക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണ വസ്തുക്കളും ചികിത്സയും ലഭിക്കാതെ പതിനായിരങ്ങള്‍ വലയുന്നുണ്ടെന്നും ആക്രമണ ഭീതിയില്‍ വീടിന് പുറത്തിറങ്ങാന്‍ പോലും ഭയക്കുന്നവരാണ് ഇത്തരം സ്ഥലങ്ങളിലെ ജനങ്ങളെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

റഷ്യയുമായി ചേര്‍ന്ന് സിറിയയില്‍ ഇടപെടല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിന് മുന്നോടിയായി വിമതരെ പൂര്‍ണമായും തുരത്താനാണ് സിറിയ പദ്ധതിയിടുന്നത്. അതിനിടെ, ദമസ്‌കസിന് സമീപം ഇസ്‌റാഈല്‍ വ്യോമസേന ആക്രമണം നടത്തിയതായി സിറിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും വന്‍ തീപിടിത്തമാണ് ഇതേതുടര്‍ന്നുണ്ടായത്.