കാര്‍ഷിക മേഖലയെ പ്രത്യേക സോണുകളാക്കി സംരക്ഷിക്കും: മന്ത്രി

Posted on: December 6, 2016 8:30 am | Last updated: December 6, 2016 at 2:01 am
SHARE

sunilkumarതിരുവനന്തപുരം: കാര്‍ഷിക മേഖലയെ പ്രത്യേക സോണുകളായി പ്രഖ്യാപിച്ച് പരിരക്ഷ നല്‍കുമെന്നും മണ്ണ് സംരക്ഷണത്തിന് ശാസ്ത്രീയ രീതികള്‍ അവലംബിക്കുമെന്നും കൃഷി, മണ്ണു സംരക്ഷണ മന്ത്രി വി എസ് സുനില്‍കുമാര്‍. ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ണിനെ വിസ്മരിച്ചുകൊണ്ട് സ്വീകരിക്കുന്ന അശാസ്ത്രീയ സമീപനം ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. വയനാട്ടിലും കുട്ടനാട്ടിലും ഉള്‍പ്പെടെ ഇതിന്റെ പ്രതിഫലനങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലുള്‍പ്പെടെ നാം ശാസ്ത്രീയമായ രീതികള്‍ പുലര്‍ത്തണമെന്ന് വിരല്‍ചൂണ്ടുന്ന പഠനങ്ങളാണ് ഇതുസംബന്ധിച്ച് വന്നിട്ടുള്ളത്.
മണ്ണും ജലവും പരിസ്ഥിതിയും സംരക്ഷിക്കാന്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള ഇടപെടലിനാണ് ഹരിത കേരളം മിഷന്‍ ആരംഭിക്കുന്നത്. ജലസ്രോതസ്സുകളെ മലീമസമാക്കാതെ സംരക്ഷിക്കാന്‍ കഴിയണം. ജലസമൃദ്ധിയില്‍ അഹങ്കരിക്കാതെ നാം അത് സംരക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. മഴ കുറഞ്ഞപ്പോഴെങ്കിലും ജലത്തിന്റെ വില നാം മനസിലാക്കണം.വികസനപ്രവര്‍ത്തനങ്ങള്‍ മണ്ണില്‍ നിന്നുകൊണ്ട്, പ്രകൃതിയെയും ജലത്തെയും സംരക്ഷിച്ചുകൊണ്ടായിരിക്കണം. മണ്ണും ജലവും സംരക്ഷിക്കാന്‍ നിയമം മാത്രം പോര, പൊതു അവബോധവും വളരണം. അഞ്ച്‌കൊല്ലം കൊണ്ട് കേരളത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു. സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണവും തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. കെ മുരളീധരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്തുതല മണ്ണ് ഭൂവിഭവ റിപ്പോര്‍ട്ടുകളുടെ പ്രകാശനവും, ഉപന്യാസ, ചിത്രരചനാ മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.മേയര്‍ വി കെ പ്രശാന്ത് ലോക മണ്ണ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here