‘ഇന്ത്യയില്‍ നോട്ട് അസാധുവാക്കല്‍ ബേങ്കിടപാടുകളെ ബാധിച്ചിട്ടില്ല; എന്‍ ആര്‍ ഐ നിക്ഷേപത്തിന് നികുതിയില്ല’

Posted on: December 5, 2016 4:30 pm | Last updated: December 10, 2016 at 5:07 pm
എസ് ബി ഐ,  എസ് ബി ടി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ (ഇടത്തുനിന്ന്) അജിത് കുമാര്‍ ടി പി, പി കെ മി്രശ, ശന്തനു മുഖര്‍ജി, സി.ആര്‍. ശശികുമാര്‍, ടി വി എസ് രമണറാവു, ശേഖര്‍ ഗോപാല്‍, എം രവി എന്നിവര്‍
എസ് ബി ഐ, എസ് ബി ടി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ (ഇടത്തുനിന്ന്) അജിത് കുമാര്‍ ടി പി, പി കെ മി്രശ, ശന്തനു മുഖര്‍ജി, സി.ആര്‍. ശശികുമാര്‍, ടി വി എസ് രമണറാവു, ശേഖര്‍ ഗോപാല്‍, എം രവി എന്നിവര്‍

ദുബൈ: നോട്ട് അസാധുവാക്കല്‍ ബേങ്ക് ഇടപാടുകളെ ബാധിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ പ്രമുഖ ബേങ്ക് മേധാവികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആളുകള്‍ക്ക് പണം പിന്‍വലിക്കലിന് യാതൊരു തടസവും ഇല്ല. എ ടി എമ്മുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നുവെന്നും എസ് ബി ടി മാനേജിംഗ് ഡയറക്ടര്‍ സി ആര്‍ ശശികുമാര്‍ പറഞ്ഞു. കോഴിക്കോട്ട് നോട്ട് ദൗര്‍ലഭ്യത്തെതുടര്‍ന്ന് രണ്ടു ബ്രാഞ്ചുകള്‍ പൂട്ടിയതും മറ്റും ചൂണ്ടിക്കാട്ടിയപ്പോള്‍, അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നായിരുന്നു മറുപടി. സ്റ്റേറ്റ് ബേങ്കുകള്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകള്‍ ദൂരീകരിക്കാനാണ് പ്രമുഖ സ്റ്റേറ്റ് ബേങ്ക് മേധാവികള്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. സ്റ്റേറ്റ് ബേങ്ക് ഹൈദരാബാദ് എം ഡി ശന്തനു മുഖര്‍ജി, എസ് ബി ഐ ജനറല്‍ മാനേജര്‍ പി കെ മിശ്ര ടി, എസ് ബി ടി മേഖല പ്രതിനിധി അജിത്കുമാര്‍, സിറ്റി ബേങ്ക് മാനേജര്‍ എം രവി, ബേങ്ക് ഉദ്യോഗസ്ഥരായ ശേഖര്‍ ഗോപാല്‍, ടി വി എസ് രമണ റാവു തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍ ആര്‍ ഐക്കാരുടെ നിക്ഷേപത്തിന് നികുതി വരുമെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളാണ് നടത്തിയത്. തങ്ങള്‍ക്ക് വിവരമില്ല.

സ്റ്റേറ്റ് ബേങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് വരുന്ന എന്‍ ആര്‍ ഐ ഉപേഭാക്താക്കളുമായി നേരിട്ട് സംവദിക്കാനാണ് ദുബൈയില്‍ എത്തിയിരിക്കുന്നത്.
ദുബൈയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന പ്രതിനിധികാര്യാലയം വഴിയും വിവിധ ജി സി സി രാജ്യങ്ങളില്‍ നിയോഗിക്കപ്പെട്ട റിലേഷന്‍ഷിപ്പ് മാനേജര്‍മാര്‍ വഴിയും ഇരു ബേങ്കുകളുടെയും മെച്ചപ്പെട്ട സേവനം പ്രവാസികള്‍ക്ക് നിലവില്‍ ലഭ്യമാവുന്നുണ്ട്.

ഉപേഭാക്താക്കള്‍ക്കിടയില്‍ ലയനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നേക്കാവുന്ന സംശയങ്ങളും ആശങ്കകളും
ദൂരികരിക്കാന്‍ ഇരുബേങ്കുകളും വിപുലമായ ഉപഭോക്തൃ സമ്പര്‍ക്ക പരിപാടികളാണ് നടത്തിവരുന്നത്. മസ്‌കത്തിലും ഷാര്‍ജയിലും അബുദാബിയിലും ദുബൈയിലും ഇതിനകം നടന്നു. സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേജര്‍ ഉള്‍പെടെയുള്ള ഉന്നതതല സംഘം പങ്കെടുത്തു.
ഇന്ത്യയിലെ ഏറ്റവും വലിയ ബേങ്കിന്റെ ഭാഗമാവുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ അക്കമിട്ടു നിരത്തിയാണ് ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് ഓരോ യോഗങ്ങളിലും ബന്ധപ്പെട്ടവര്‍ മറുപടി നല്‍കുന്നത്.
ഇന്ത്യയില്‍ ഈയടുത്തായി നടപ്പിലാക്കിയ കറന്‍സി നിരോധത്തിന്റെ പശ്ചാതലത്തില്‍ പ്രവാസികളുടെ കൈയിലുള്ള നോട്ടുകള്‍ സംബന്ധിച്ച് ഉയര്‍ന്ന ആശങ്കകള്‍ക്കും ബന്ധപ്പെട്ടവര്‍ വിവിധ യോഗങ്ങളില്‍ മറുപടി നല്‍കി. ഈ വിഷയം റിസര്‍വ് ബേങ്കിന്റെ പരിഗണനയിലാണെന്നും ഇതുമായി ബന്ധപ്പെട്ട പുരോഗതികള്‍ അപ്പപ്പോള്‍ പ്രവാസികളെ അറിയിക്കുമെന്നും ഇവര്‍ പറഞ്ഞു.