കറുത്തപൊന്ന് തിളങ്ങി; പൊന്ന് മങ്ങി

Posted on: December 5, 2016 3:12 pm | Last updated: December 5, 2016 at 3:12 pm

pepper_2675355fകൊച്ചി: ആഭ്യന്തര വാങ്ങലുകാര്‍ കുരുമുളക് സംഭിച്ചത് ഉത്പന്നത്തിന് നേട്ടമായി. അന്താരാഷ്ട്ര റബ്ബര്‍ വിപണിയിലെ ചാഞ്ചാട്ടം ഇന്ത്യന്‍ മാര്‍ക്കറ്റിലും പ്രതിഫലിച്ചു. വെളിച്ചെണ്ണ, കൊപ്ര വിലകള്‍ വീണ്ടും വര്‍ധിച്ചു. കേരളത്തില്‍ സ്വര്‍ണ വില താഴ്ന്നു.
കുരുമുളകിന് ക്ഷാമം നേരിട്ടതോടെ വില ഉയര്‍ത്തിയും ലഭ്യത ഉറപ്പാക്കാന്‍ ആഭ്യന്തര വാങ്ങലുകാര്‍ ഉത്സാഹിച്ചു. ഹൈറേഞ്ച് ചരക്ക് വരവ് കുറവാണ്. അതേ സമയം തെക്കന്‍ കേരളത്തില്‍ മുപ്പ് കുറഞ്ഞ കുരുമുളക് വിളവെടുപ്പിന് സജ്ജമായി. പിന്നിട്ടവാരം മൂഡല്‍ നിലനിന്നതിനാല്‍ ഉല്‍പാദകര്‍ വിളവെടുപ്പില്‍ നിന്ന് അല്‍പ്പം പിന്‍തിരിഞ്ഞു.

കയറ്റുമതിക്ക് അനുയോജ്യമായ ഗാര്‍ബിള്‍ഡ് മുളകിന് വിദേശ അന്വേഷണങ്ങളില്ല. ഇത്മുലം കയറ്റുമതിക്കാര്‍ ചരക്ക് സംഭരണത്തില്‍ നിന്ന് വിട്ടു നിന്നു. അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വിപണിയില്‍ ഇന്തോനേഷ്യ, വിയറ്റ്‌നാം ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ നിരക്കിലും താഴ്ന്ന വിലക്ക് ഉത്പന്നം വിറ്റഴിക്കുകയാണ്. ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 11,200 ഡോളറാണ്.

ടോക്കോമില്‍ റബ്ബര്‍ ഒന്നര വര്‍ഷത്തെ ഏറ്റവും മികച്ച റേഞ്ചിലേക്ക് നീങ്ങിയത് ഇന്ത്യന്‍ വിപണിക്കും നേട്ടമായി. ജപ്പാനിലെ നിക്ഷേപകര്‍ ഉയര്‍ന്ന നിലവാരത്തില്‍ ലാഭമെടുപ്പിന് നീക്കം നടത്തിയത് റബ്ബര്‍ വിലയില്‍ സാങ്കേതിക തിരുത്തല്‍ സൃഷ്ടിച്ചു. ക്രൂഡ് ഓയില്‍ ഉല്‍പാദനം കുറക്കാനുള്ള ഒപ്പെക്ക് തീരുമാനം ആഗോള റബര്‍ വിപണിക്ക് നേട്ടമാവും. ടോക്കോമില്‍ കിലോ 240 യെന്നിന് നിന്ന് 230 യെന്നിലേക്ക് താഴ്ന്നു. 2015 ജൂണിന് ശേഷം ആദ്യമായാണ് ടോക്കോമില്‍ റബ്ബര്‍ വില കിലോ 243 യെന്‍ വരെ ഉയരുന്നത്.
രാജ്യാന്തര വിപണിയിലെ ഉണര്‍വ് കണ്ട് ഇന്ത്യന്‍ വ്യവസായികള്‍ നാലാം ഗ്രേഡിനെ 13,100 രൂപ വരെ ഉയര്‍ത്തിയെങ്കിലും വാരാന്ത്യം നിരക്ക് 12,800 രൂപയിലാണ്.
ലേലത്തിനുള്ള പുതിയ ഏലക്ക വരവ് ചുരുങ്ങിയത് വിലക്കയറ്റത്തിന് വേഗത പകര്‍ന്നു. പുതു വത്സരാഘോഷ വേളയിലെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് ഇറക്കുമതിക്കാര്‍ ചരക്ക് ശേഖരിച്ചു. വലിപ്പം കൂടിയ ഇനങ്ങളില്‍ കയറ്റുമതിക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെ വില 1578 രൂപ വര കയറി.
നാളികേരോത്പന്നങ്ങളുടെ നിരക്ക് ഉയര്‍ന്നു. മാസാരംഭമായതിനാല്‍ പ്രദേശിക ഡിമാണ്ട് എണ്ണ വില ഉയര്‍ത്തി. കൊപ്രയുടെ നീക്കം കുറഞ്ഞതും വിപണിക്ക് ചുടുപകര്‍ന്നു. കൊച്ചിയില്‍ വെളിച്ചെണ്ണ വില 10,1000 രൂപയില്‍ നിന്ന് 10,200ലേക്ക് കയറി.
സ്വര്‍ണ വില താഴ്ന്നു. സ്വര്‍ണ വില പവന് 21,920 രൂപയില്‍ നിന്ന് 21,600 രൂപയായി. ലണ്ടനില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണം 1178 ഡോളര്‍.