പൊതുവിദ്യാലയങ്ങളെ ഡിജിറ്റലൈസ് ചെയ്യും: മന്ത്രി ഐസക്

Posted on: December 5, 2016 6:17 am | Last updated: December 5, 2016 at 11:19 am

thomas isaacകൊച്ചി: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഈ മധ്യവേനലവധിക്കാലത്ത് ഡിജിറ്റലൈസ് ചെയ്യുമെന്ന് സംസ്ഥാന ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. എല്ലാ വിദ്യാര്‍ഥികള്‍ക്കും ലാപ്‌ടോപ് നല്‍കും. ക്ലാസ് മുറികളില്‍ എല്‍ സി ഡി പ്രൊജക്ടര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. നവകേരളാ മിഷന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു പി, പ്രൈമറി സ്‌കൂളുകള്‍ക്ക് ലാബുകളടക്കമുള്ള സംവിധാനങ്ങള്‍ അടുത്ത ഘട്ടമായി നല്‍കും. സംസ്ഥാനത്തെ നാല് മണ്ഡലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടക്കുന്നുണ്ട്. ഇതിനുള്ള ഭൗതിക സാഹചര്യം മനേജ്‌മെന്റ് ഉണ്ടാക്കണം. അതിനായി ജനങ്ങള്‍, പി ടി എ എന്നിവര്‍ സഹകരിക്കണം. അതുവഴി സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ മതനിരപേക്ഷ, പുരോഗമന, ജനാധിപത്യ ബോധം സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് പൊതുവിദ്യാഭ്യാസമാണ്.
സാമ്പത്തിക രംഗത്തെ പുരോഗതിക്കൊപ്പം കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗവും ശക്തിപ്പെടുത്തണം. എന്തു വിലകൊടുത്തും പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കും. സര്‍ക്കാറിന്റെ ദൗത്യങ്ങളിലൊന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണം. ഇതിന് ചെലവ് എത്രയെന്നത് പ്രശ്‌നമല്ല.- അദ്ദേഹം പറഞ്ഞു.