അവസാനിക്കില്ല, അനസിന്റെ കായിക മോഹങ്ങള്‍

Posted on: December 5, 2016 6:42 am | Last updated: December 5, 2016 at 10:46 am
സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹഡില്‍സില്‍ മുഹമ്മദ് അനസ് സ്വര്‍ണം നേടുന്നു
സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹഡില്‍സില്‍ മുഹമ്മദ് അനസ് സ്വര്‍ണം നേടുന്നു

തേഞ്ഞിപ്പലം: കായിക രംഗത്ത് തന്റെ കരിയര്‍ അവസാനിച്ചുവെന്ന് കരുതിയ മുഹമ്മദ് അനസ് ട്രാക്ക് വിട്ടത് സ്വര്‍ണമണിഞ്ഞ്. അപ്രതീക്ഷിതമായി ലഭിച്ച വിജയത്തിന് നന്ദി പറയാന്‍ നിരവധി പേരുണ്ട് അവന്റെ മുന്നില്‍. കഴിഞ്ഞ ആഗസ്റ്റില്‍ കാലിന് ഗ്രോയിന്‍ വലിവ് ബാധിച്ചതോടെയാണ് അനസ് ആശുപത്രി കിടക്കയിലായത്. രണ്ടര മാസം ചികിത്സയില്‍ കഴിയുമ്പോഴും ഏത് വിധേനയും ട്രാക്കിലേക്ക് മടങ്ങിയെത്തണമെന്ന അതിയായ മോഹമായിരുന്നു മനസ് നിറയെ.

തൃശൂരിലെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനസ് ഡോക്ടര്‍മാരോട് ഇടക്കിടെ തന്റെ കായിക മോഹം തുറന്ന് പറഞ്ഞു. ഡോക്ടര്‍മാര്‍ അനസിന് ആത്മവിശ്വാസം പകര്‍ന്ന് മികച്ച ചികിത്സയും പരിചരണവുമായി കൂടെ നിന്നതോടെ വീണ്ടും പ്രതീക്ഷയുടെ നാമ്പുകള്‍ തളിര്‍ത്ത് തുടങ്ങി. ഇതിനിടെ അമേച്വര്‍ അത്‌ലറ്റിക് മീറ്റും ഇന്റര്‍ ക്ലബ് മത്സരങ്ങളുമെല്ലാം നഷ്ടമാകുകയും ചെയ്തു. പതിയെ ട്രാക്കിലേക്ക് തിരിച്ചെത്തിയ അനസ് ഇന്നലെ സംസ്ഥാന കായികോത്സവത്തില്‍ സീനിയര്‍ വിഭാഗത്തിന്റെ നാനൂറ് മീറ്റര്‍ ഹര്‍ഡില്‍ എതിരാളികളെ പിന്നിലാക്കി മുന്നേറുമ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് അസുഖ ബാധിതനായി കഴിഞ്ഞിരുന്ന ഒരാളുടെ പ്രകടനമാണിതെന്ന് ഒരാളും കരുതിയിരുന്നില്ല.
പിതാവ് ഹനീഫയും പരിശീലനകനുമെല്ലാം എല്ലാ പ്രോത്സാഹനവും നല്‍കിയതോടെ മത്സരത്തില്‍ അനസ് സ്വര്‍ണത്തിലേക്കുള്ള കടമ്പകള്‍ മറികടന്ന് അതിവേഗം കുതിച്ചെത്തി. 54.04 സെക്കന്‍ഡില്‍ ഓടിയെത്തി ഒന്നാം സ്ഥാനക്കാരനായത് വിശ്വസിക്കാന്‍ പെട്ടെന്ന് അവനും സാധ്യമായില്ല. അപ്രതീക്ഷിതമാണെന്നാണ് അനസ് വിജയത്തെ കുറിച്ച് പ്രതികരിച്ചത്. പാലക്കാട് കെ എച്ച് എസ് കുമരംപുത്തൂരിലെ പ്ലസ് ടു വിദ്യാര്‍ഥിയായ അനസിന്റെ അവസാന സ്‌കൂള്‍ മീറ്റാണിത്. അഞ്ച് തവണ സംസ്ഥാന സ്‌കൂള്‍ മേളയില്‍ പങ്കെടുത്ത അനസിനിത് രണ്ടാമത്തെ സ്വര്‍ണമാണ്. 2014 ല്‍ നാനൂറ് മീറ്ററിലായിരുന്നു ആദ്യ സ്വര്‍ണം. കഴിഞ്ഞ വര്‍ഷം ഹര്‍ഡില്‍സില്‍ രണ്ടാം സ്ഥാനമായിരുന്നു. ഇന്ന് നടക്കുന്ന റിലേയില്‍ കൂടി പങ്കെടുക്കുന്നുണ്ട്. ഒറ്റപ്പാലം കണ്ണിയമ്പുറം കള്ളിയത്ത് മുഹമ്മദ് ഹനീഫയുടെയും ആശയുടെയും മകനാണ്.