Connect with us

Editorial

ജി എസ് ടിയും നികുതി വീതംവെപ്പും

Published

|

Last Updated

ജി എസ് ടി (ചരക്ക് സേവന നികുതി) സംവിധാനത്തില്‍ നികുതി പിരിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഭിന്നത അഞ്ചാമത് ജി എസ് ടി കൗണ്‍സിലിലും പരിഹരിക്കാനായില്ല. സേവന നികുതിയും ഒന്നര കോടിയില്‍ താഴെ വരുമാനമുള്ളവരുടെ നികുതിയും പിരിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നാണ് കേരളം, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഡല്‍ഹി, ആന്ധ്ര, തുടങ്ങി ബി ജെ പി ഇതര സര്‍ക്കാറുകള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ കേന്ദ്രം വിസമ്മതിച്ചു.

നികുതി വീതംവെപ്പ് ബില്‍ പാസായ ശേഷം തീരുമാനിക്കാമെന്ന നിര്‍ദേശം കേന്ദ്രം മുന്നോട്ട് വെച്ചെങ്കിലും സംസ്ഥാനങ്ങള്‍ക്ക് സമ്മതമായിരുന്നില്ല. നികുതി പിരിക്കുന്നതില്‍ സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് വൈദഗ്ധ്യം പോരെന്നായിരുന്നു കേന്ദ്ര നിയമകാര്യ മന്ത്രിയുടെ വാദം. ജി എസ് ടി ബില്‍ പാര്‍ലിമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. പാര്‍ലിമെന്റ് സമ്മേളനം 16-ാം തീയതി അവസാനിക്കാനിരിക്കെ 11,12 തീയതികളില്‍ വീണ്ടും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഏത് വിധേനയും ഈ സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. അടുത്ത കൗണ്‍സിലിലും യോജിപ്പിലെത്തിയില്ലെങ്കില്‍ ബില്‍ ഈ സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയാതെ വരും. ജി എസ് ടി കൗണ്‍സിലില്‍ ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ കരട് ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കാനാകൂ. അതേസമയം നികുതിഘടനയില്‍ വരുത്തിയ ഭരണഘടനാ ഭേദഗതി പ്രകാരം നിലവിലെ പരോക്ഷ നികുതി സമ്പ്രദായം ഒരു വര്‍ഷത്തില്‍ കൂടുതല്‍ തുടരാനും കഴിയില്ല.

നേരത്തെ പാര്‍ട്ടി എതിര്‍പ്പ് പോലും അവഗണിച്ചു ജി എസ് ടിയെ അനുകൂലിച്ച ഡോ.തോമസ് ഐസക്കും പശ്ചിമബംഗാള്‍ ധനമന്ത്രി അമിത് മിത്രയുമാണ് യോഗത്തില്‍ കേന്ദ്ര നിലപാടിനോട് കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. കേന്ദ്രത്തിന്റെ നോട്ട് റദ്ദാക്കല്‍ നടപടി സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ ഭീമമായ നഷ്ടമുണ്ടാക്കിയ പശ്ചാത്തലത്തില്‍ ബില്‍ അവതരണം പരമാവധി വൈകിപ്പിക്കുകയാണ് ബി ജെ പി ഇതര സംസ്ഥാന സര്‍ക്കാറുകളുടെ ശ്രമമെന്നാണ് വിലയിരുത്തുന്നത്. ഉത്പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കാണ് ബില്‍ കൊണ്ട് കൂടുതല്‍ നഷ്ടം. മഹാരാഷ്ട്രക്ക് 14,000 കോടിയുടെയും ഗുജറാത്തിന് 11,000 കോടിയുടെയും തമിഴ്‌നാടിന് 9270 കോടിയുടെയും നഷ്ടമുണ്ടാകുമെന്നാണ് അവരുടെ വാദം. ജി എസ് ടി നടപ്പാക്കുക വഴി സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം പരിഹരിക്കാമെന്ന വ്യവസ്ഥയിലാണ് ഈ സംസ്ഥാനങ്ങള്‍ തത്വത്തില്‍ ബില്ലിനെ അനുകൂലിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി നികുതി വരുമാനം ഓരോ സംസ്ഥാനത്തിന്റെയും അടിസ്ഥാന വരുമാനമായി കണക്കാക്കിയാകും നഷ്ടപരിഹാരം.

2000ത്തില്‍ വാജ്‌പേയ് സര്‍ക്കാറിന്റെ ഭരണ കാലത്ത് തുടങ്ങിയതാണ് ചരക്ക് സേവന നികുതി ഏകീകരിക്കാനുള്ള നീക്കം. സംസ്ഥാനങ്ങളുടെ വിയോജിപ്പും അഭിപ്രായഭിന്നതകളും ചര്‍ച്ചകളുമായി അത് നീണ്ടുപോവുകയായിരുന്നു. നികുതി ഏകീകരണം ഫെഡറല്‍ സംവിധാനത്തിനും സംസ്ഥാനങ്ങള്‍ക്ക് അവരുടെ ആവശ്യത്തിന് അനുസൃതമായി നികുതി പിരിക്കാന്‍ അവകാശമുണ്ടെന്ന ഭരണഘടനാ ശില്‍പ്പികളുടെ കാഴ്ചപ്പാടിനും എതിരാണെന്നും ചൂണ്ടിക്കാട്ടി ബില്ലിനെ എതിര്‍ത്തവരില്‍ അന്ന് ഇടതുപക്ഷ വിഭാഗങ്ങള്‍ തന്നെ മുന്‍പന്തിയിലുണ്ടായിരുന്നു. ഇത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന് മുമ്പില്‍ കൈനീട്ടി നില്‍ക്കേണ്ട ഗതികേട് സൃഷ്ടിക്കുമെന്നായിരുന്നു എതിര്‍ത്തവരുടെ ആശങ്ക. ബില്ലിന്റെ ആദ്യ കരട് കോപ്പിയില്‍ കേന്ദ്രം ചില വിട്ടുവീഴ്ചകള്‍ നല്‍കിയ ശേഷമാണ് നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നവര്‍ ബില്ലിനെ അനുകൂലിക്കാന്‍ മുന്നോട്ട് വന്നത്. നടപ്പ് സമ്മേളനത്തില്‍ അംഗീകാരം നല്‍കി അടുത്ത ഏപ്രില്‍ ഒന്ന് മുതല്‍ നികുതി പരിഷ്‌കരണം നടപ്പില്‍ വരുത്തണമെന്നാണ് കേന്ദ്രത്തിന്റെ തീരുമാനമെങ്കിലും നോട്ട് റദ്ദാക്കലുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ പുതിയ സാഹചര്യത്തില്‍ ഇത് ഏറെ ശ്രമകരമാണ്.

നികുതി പിരിവിന്റെ കാര്യത്തിലൊഴികെ, ഏറെയും സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും ഉപഭോഗ സംസ്ഥാനമെന്ന നിലയില്‍ ജി എസ് ടി നിയമം കേരളത്തിന് ഗുണകരവുമായിരിക്കെ ബില്‍ അവതരണം നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളെ കേരളം പിന്തുണക്കുന്നത് ശരിയല്ലെന്നാണ് ഭരണമുന്നണിയില്‍ തന്നെ ചിലരുടെ വീക്ഷണം. ഉയര്‍ന്ന ജി എസ് ടി നിരക്ക് വഴി കേരളത്തിന് നികുതി പിരിവില്‍ 20 ശതമാനമെങ്കിലും വളര്‍ച്ച നേടാനാകുമെന്നും അതുവഴി സാമ്പത്തിക പ്രതിസന്ധി മറികടക്കാമെന്നും നേരത്തെ തോമസ് ഐസക്ക് അഭിപ്രായപ്പെട്ടതുമാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിന്റെ പാതക്ക് പകരം അനുനയത്തിന്റെ മാര്‍ഗം സ്വീകിരിക്കുകയാണ് വേണ്ടതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.