Connect with us

Kerala

പീസ് സ്‌കൂളിലെ വിവാദ പാഠപുസ്തകം: എം എം അക്ബറിനെ പ്രതി ചേര്‍ത്തേക്കും

Published

|

Last Updated

കൊച്ചി: പീസ് സ്‌കൂളില്‍ വിവാദ പാഠപുസ്തകം പഠിപ്പിച്ച കേസില്‍ പീസ് ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എം എം അക്ബറിനെ പ്രതി ചേര്‍ത്തേക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി പാഠപുസ്തകത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ കേസില്‍ അക്ബറിനെ ചോദ്യം ചെയ്യും. വിവാദ പാഠഭാഗം ഉള്‍പ്പെടുന്ന പുസ്തകം വാങ്ങി വിതരണം ചെയ്തത് പീസ് ഫൗണ്ടേഷനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തിലാണിത്. ഫൗണ്ടേഷന് കീഴിലുള്ള 12 സ്‌കൂളുകളില്‍ ഈ പുസ്തകം വിതരണം ചെയ്തിട്ടുണ്ട്.

അതേസമയം, സ്‌കൂള്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റാഷിദിനെ ഐ എസ് റിക്രൂട്ട്മെന്റ് കേസില്‍ എന്‍ ഐ എയും പോലീസും തിരയുന്നുണ്ട്. അഫ്ഗാനിസ്ഥാനിലുണ്ടെന്ന് കരുതുന്ന അബ്ദുല്‍ റാഷിദ് ഈ പുസ്തകത്തിന്റെ തിരഞ്ഞെടുപ്പില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇക്കാര്യം ബോധ്യപ്പെട്ടാല്‍ ഇയാളെ കൂടി പ്രതി ചേര്‍ക്കും.

പുസ്തകം പ്രസിദ്ധീകരിക്കുന്ന ചുമതല വഹിച്ചിരുന്ന മുംബൈ ബുറൂജ് റിയലൈസേഷന്‍ എന്ന പ്രസാധകരുടെ സെക്രട്ടറി, എഡിറ്റര്‍, ഡിസൈനര്‍ എന്നിവരെ കഴിഞ്ഞ ദിവസം കൊച്ചി അസിസ്റ്റന്‍ഡ് കമ്മീഷണറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും ഡിസംബര്‍ ഒമ്പത് വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു കൊണ്ട് കളമശ്ശേരി കുന്നുംപുറം ഒന്നാം ക്ലാസ്സ് ജൂഡിഷ്യല്‍ മജിട്രേട്ട് കോടതി ഉത്തരവിട്ടു. ഇവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുമെന്നാണ് അറിയുന്നത്.