Connect with us

Articles

പ്രാന്തവത്കൃതര്‍ ക്രിമിനലുകളാകുന്ന നാട്

Published

|

Last Updated

“”ഇന്ത്യയിലെ ഹിന്ദുക്കള്‍ നല്ല മനസ്സുള്ളവരും നിഷ്‌കളങ്കരുമാണ്. എന്നാല്‍ ഈ കാര്യം എനിക്ക് ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ച് പറയാന്‍ കഴിയില്ല.””
(മൊറാര്‍ജി ദേശായി, 1964ല്‍ നാഷണല്‍ ഡമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ പറഞ്ഞത്)
“”മുസ്‌ലിംകള്‍ എവിടെയുണ്ടോ അവിടെയൊന്നും അവര്‍ മറ്റുള്ളവരുമായി ഇടപഴകി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരല്ല. സമാധാനത്തോടെ ജീവിക്കുന്നതിനു പകരം അവര്‍ സ്വന്തം മതത്തിന്റെ ആശയങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനും അന്യരില്‍ ഭീതിയും ഭീകരതയും സൃഷ്ടിക്കാനുമേ ശ്രമിച്ചിട്ടുള്ളൂ.””

(പ്രധാനമന്ത്രിയായിരുന്ന അടല്‍ ബീഹാരി വാജ്‌പേയ് 2002ല്‍ പനാജിയിലെ ഒരു പൊതുയോഗത്തില്‍ പറഞ്ഞത്).
മുസ്‌ലിം സമൂഹത്തെക്കുറിച്ച് ഇന്ത്യയിലെ രണ്ട് നേതാക്കള്‍ വ്യത്യസ്ത കാലഘട്ടങ്ങളിലായി പറഞ്ഞ വാക്കുകളാണിത്. ഇത് പൊതുസമൂഹത്തിന്റേ ഒരു വീക്ഷണമല്ലെങ്കിലും ലോക മുസ്‌ലിം സമുദായത്തെ എങ്ങനെയൊക്കെ സമൂഹ മധ്യത്തില്‍ അപമതിക്കാന്‍ കഴിയും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. നാളിന്നേവരെ ഈ വിമര്‍ശങ്ങള്‍ക്ക് അറുതി വന്നിട്ടില്ല എന്നു മാത്രമല്ല, അത് പൂര്‍വാധികം ശക്തിയായി അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അമേരിക്കയിലെ നിയുക്ത പ്രസിഡണ്ട് ട്രംപ് മുസ്‌ലിം വിരോധത്തിന്റെ പേരില്‍കൂടി കുപ്രസിദ്ധനാണ്. അമേരിക്കയില്‍ കുടിയേറിയിട്ടുള്ള മുസ്‌ലിംകളെ ആട്ടിയോടിക്കുമെന്നും ശേഷം അമേരിക്കന്‍ സമൂഹത്തെ ഒരു ഭീകരവിരുദ്ധ ക്ലീന്‍ സമൂഹമായി പുനഃസൃഷ്ടിക്കുമെന്നും അദ്ദേഹം പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇന്ന് ഇന്ത്യയുടെ സ്ഥിതിയും മറിച്ചല്ല. ഒരു ബഹുസ്വര സമൂഹമെന്ന നിലയില്‍ ഇന്ത്യയെ നോക്കിക്കാണാതെ, ഏകാധിപത്യ ഹിന്ദു രാഷ്ട്രമാക്കി ജനമനസ്സിനെ എങ്ങനെ പരിവര്‍ത്തിപ്പിക്കാം എന്നതാണ് മോദിയുടെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ മത പ്രത്യയ ശാസ്ത്രത്തെ പിന്താങ്ങുന്നവരുടെയും ആലോചന. ഇന്ത്യന്‍ സമൂഹത്തിന്റെ നിര്‍മിതിയെ എതിര്‍ക്കുന്നവര്‍ മുസ്‌ലിംകളും കമ്യൂണിസ്റ്റുകാരുമാണെന്ന് വിചാരധാര പോലെയുള്ള അവരുടെ സൈദ്ധാന്തിക പ്രസിദ്ധീകരണങ്ങള്‍ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്തു മതവും അവരുടെ ശത്രുതാ പട്ടികയില്‍ വരുന്നുണ്ട്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നീതിപീഠത്തിന്റെയും പോലീസ് സേനയുടെയും വേട്ടയാടലിന് ഇരയായിക്കൊണ്ടിരിക്കുന്നവരാണ് ഇന്ത്യയിലെ ദലിത് സമൂഹവും മുസ്‌ലിംകളും. ഇവിടെയുള്ള മാവോവാദികള്‍ക്ക് സഹായവും സഹകരണവും നല്‍കുന്നവരാണ് ആദിവാസി-ദലിദ് സമൂഹമെന്ന ആരോപണമുന്നയിച്ചാണ് പലപ്പോഴും ഭരണകൂടം അവരെ വേട്ടയാടുന്നതും ജയിലിലടക്കുന്നതും. പലരുടെയും മീതെ യു എ പി എ എന്ന കരിനിയമം ചുമത്തുന്നതുകൊണ്ട് വിചാരണ കൂടാതെ വര്‍ഷങ്ങളോളം അവര്‍ക്ക് ജയിലറയ്ക്കുള്ളില്‍ ജീവിതം ഹോമിക്കേണ്ടതായി വരുന്നു. മുസ്‌ലിംകളെ മാവോവാദികളുടെ പിന്തുണക്കാര്‍ എന്ന കുറ്റം ചുമത്തിയല്ല, മറിച്ച് ഇന്ത്യയില്‍ അരാജകത്വവും, ഭീകരതയും സൃഷ്ടിക്കുന്നവര്‍ എന്ന കുറ്റമാരോപിച്ചാണ് വേട്ടയാടുന്നത്. ഇന്ത്യന്‍ ജയിലുകള്‍ നല്‍കുന്ന ചിത്രം കൃത്യമാണ്. 2015-ല്‍ നാഷനല്‍ ക്രൈം റിക്കാര്‍ഡ് ബ്യൂറോ (എന്‍ സി ആര്‍ ബി) കാണിക്കുന്നത്, ഇന്ത്യയിലെ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് കുറ്റവിചാരണ നേരിടുന്ന മുസ്‌ലിം യുവത്വം വളരെയേറെ ഉണ്ടെന്നതാണ്. ഇന്ത്യയിലെ അരികുവത്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിനേക്കാളും ഉയര്‍ന്ന നിരക്കാണിത്. മൊത്തം ജനസംഖ്യയുടെ 39.5 ശതമാനം വരുന്ന ആദിവാസി- ദലിത്- മുസ്‌ലിം ജനസംഖ്യയില്‍ മുസ്‌ലിം വിചാരണ തടവുകാരുടെ വര്‍ത്തമാന സ്ഥിതി ഏറെ പരിതാപകരമാണ്.

ഇത് കാണിക്കുന്നത് തീര്‍ത്തും കയ്പുറ്റ ഒരു യാഥാര്‍ഥ്യത്തിലേക്കാണ്. ഒരു പ്രാന്തവത്കൃത സമൂഹം എങ്ങനെയാണ് ഏറ്റവും വലിയ ക്രിമിനല്‍ സമൂഹമായി ചിത്രീകരിക്കപ്പെടുന്നതിന്റെ യാഥാര്‍ഥ്യം. ഇന്ത്യന്‍ മുസ്‌ലിംകളുടെ വര്‍ത്തമാന ജീവിതാവസ്ഥ സച്ചാര്‍ കമ്മിറ്റി തന്നെ വെളിപ്പെടുത്തുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാകും. കേരളമൊഴികെയുള്ള ഒരു സംസ്ഥാനവും മുസ്‌ലിം വിരുദ്ധ പോരാട്ടത്തിന് പിറകിലല്ല എന്നതിന്റെ തെളിവ് ഈ സംസ്ഥാനങ്ങളിലെ ജയിലുകള്‍ സന്ദര്‍ശിച്ചാല്‍ വ്യക്തമാകും. എന്‍ സി ആര്‍ ബി തന്നെ ഇത് അവരുടെ കണക്കുകളില്‍ വ്യക്തമാക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളിലെ മുസ്‌ലിം ജനസംഖ്യയുടെ കണക്കെടുത്ത് അതില്‍ ജയില്‍വാസികളായവരുടെ കണക്കുമായി തുലനം ചെയ്താണ് അവര്‍ ഞെട്ടിക്കുന്ന ഈ വസ്തുത വെളിവാക്കിയിരിക്കുന്നത്. മഹാരാഷ്ട്ര തന്നെ ഒരു ഉദാഹരണമായെടുക്കാം. ഇവിടെ മൊത്തം ജനസംഖ്യയുടെ 11.5 ശതമാനം മുസ്‌ലിംകളാണ്. എന്നാല്‍ ജയിലില്‍ കഴിയുന്ന കുറ്റവാളികളില്‍ 20 ശതമാനം മുസ്‌ലിംകളായി തീര്‍ന്നിരിക്കുന്നു. ബംഗാള്‍, ഉത്തര്‍പ്രദേശം, ബീഹാര്‍, ഗുജറാത്ത് എന്നിവയും ഈ കാര്യത്തില്‍ വ്യത്യസ്തമല്ല. ആന്ധ്രപ്രദേശ് വിഭജിക്കുന്നതിനു മുമ്പ് ആ സംസ്ഥാനത്തിലെ മുസ്‌ലിം ജനസംഖ്യ ആനുപാതികമായി 10 ശതമാനം മാത്രമായിരുന്നു. പക്ഷേ, അവിടുത്തെ ജയിലറകളില്‍ വിചാരണ തടവുകാരായി ജീവിതം തള്ളിനീക്കുന്ന മുസ്‌ലിം യുവാക്കളുടെ എണ്ണത്തില്‍ ഭീമമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ 22 ശതമാനവും, തമിഴ്‌നാട്ടില്‍ 17 ശതമാനവും പേര്‍ ഇങ്ങനെ വിചാരണ തടവുകാരായി കഴിയുന്നു. ഇവരുടെയെല്ലാം പേരില്‍ ചുമത്തപ്പെട്ട കേസുകള്‍ ഭീകരതയുടേതാണ്. നിസ്സാര കാര്യത്തിന് പിടിക്കപ്പെടുന്നവരാണെങ്കില്‍ പോലും മുസ്‌ലിം നാമധാരിയാണെങ്കില്‍ കരിനിയമം ചുമത്തുക എന്ന രീതിയാണ് നിലനില്‍ക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഏറ്റവം ശക്തമായി ഇടപ്പെട്ടുകൊണ്ടിരിക്കുന്ന പലകേസുകളും ഇതിലുണ്ട്. കര്‍ണാടകയുടെ ജയിലില്‍ തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ഹോമിക്കേണ്ടിവന്ന അബ്ദുല്‍ നാസര്‍ മഅ്ദനി നമ്മുടെ മുന്നില്‍ ജീവിക്കുന്ന ഒരു ഇര തന്നെ. എപ്പോള്‍, എങ്ങനെ എന്നൊന്നും ചോദിക്കാന്‍ കഴിയാത്തവിധം കുറ്റവാളികളാക്കപ്പെടുന്നവരാണ് പലരും എന്നര്‍ഥം.

എങ്ങനെയാണ് ഇന്ത്യന്‍ സമൂഹം വ്യാജ ഏറ്റുമുട്ടലിന്റെ ഒരു വേദിയായി മാറിയതെന്നും ഈ ഏറ്റുമുട്ടലുകളില്‍ ഇരയാക്കപ്പെടുന്നവര്‍ എങ്ങനെ മുസ്‌ലിം യുവത്വങ്ങളായി മാറുന്നതെന്നും നമ്മുടെ ആലോചനാവൃത്തത്തില്‍ വരേണ്ട ഒന്നാണ്. എട്ട് സിമി പ്രവര്‍ത്തകരെ ഭോപ്പാലില്‍ പോലീസ് വെടിവെച്ചു കൊന്നത് അവര്‍ മാരകായുധങ്ങളുമായി പോലീസിനെ ആക്രമിച്ചു എന്ന് പറഞ്ഞുകൊണ്ടായിരുന്നു. സിമി എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നവരെയെല്ലാം ചോദ്യം ചെയ്യല്‍ കൂടാതെ തന്നെ കരിനിയമമായ യു എ പി എ ചുമത്തി ജയിലിലടക്കുന്ന കിരാത വാഴ്ച നടന്ന രാജ്യമാണിത്. 2001-ല്‍ സിമിയെ നിരോധിച്ചത് ഇന്നും തുടരുന്ന ഒരു സാഹചര്യത്തില്‍ ഭരണകൂടത്തിന് ന്യായങ്ങള്‍ നിരത്താന്‍ കഴിഞ്ഞെന്നു വന്നേക്കാം. പുതിയ കാലത്ത് ഈ സംഘടന എത്രമാത്രം പ്രതിലോമകരമാണെന്ന് ഭരണകൂടമിന്നും പൊതുസമൂഹത്തില്‍ ചര്‍ച്ചക്ക് കൊണ്ടുവന്നിട്ടില്ല. ദൈവത്തെ പ്രകീര്‍ത്തിക്കുന്ന സാഹിത്യമോ, ന്യൂസ്‌പേപ്പര്‍ കട്ടിംഗോ കൈയിലുണ്ടെങ്കില്‍ നിങ്ങളെ ഒരു ഭീകരവാദിയായി ചിത്രീകരിക്കാന്‍ എളുപ്പമാണ് ഇന്ത്യയിലിന്ന്. യു എ പി എ നിയമപ്രകാരം ഒരു സംഘടന നിരോധിച്ചു കഴിഞ്ഞാല്‍ രണ്ട് വര്‍ഷത്തിനു ശേഷം അതില്‍ പുനഃരാലോചന നടത്താന്‍ സര്‍ക്കാറിന് അധികാരമുണ്ട്. 2000-ല്‍ ഗീതാ മിറ്റല്‍ ചീഫ് ജസ്റ്റിസായി കമ്മീഷന്‍ നിയമിക്കുകയും, ആ കമ്മീഷന്‍ സിമിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സര്‍ക്കാറിനു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടും നിരോധം പുനഃപരിശോധിക്കാന്‍ ഒരു ഭരണകൂടവും തയ്യാറായില്ല എന്നു മാത്രമല്ല, തുടര്‍ന്നുവന്ന മോദി സര്‍ക്കാര്‍ സിമിയെ കൂടുതല്‍ സംശയത്തോടെ നിരീക്ഷിക്കാനും അവര്‍ക്കെതിരെ പുതിയ വാദങ്ങള്‍ ഉന്നയിക്കാനുമാണ് ശ്രദ്ധ ഊന്നിയത്. ചുരുക്കത്തില്‍ ഇന്ത്യയിലെ വിദ്യാസമ്പന്നരായ മുസ്‌ലിം യുവാക്കളെ കരിമ്പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഒരു സംഘടന അവര്‍ക്ക് ആവശ്യമായി വന്നിരിക്കുകയാണ്. സിമിയാണത്. ഒടുവില്‍ ജെ എന്‍ യു സര്‍വകലാശാലയില്‍ നിന്ന് കാണാതായ നജീബ് അഹമ്മദ് എന്ന വിദ്യാര്‍ഥി സിമിയുടെ സജീവ പ്രവര്‍ത്തകനാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ നിലപാടെടുത്തുകൂടായ്കയില്ല.

1993-ല്‍ ലണ്ടന്‍ നഗരത്തില്‍ വെച്ച് മൃഗീയമായി കൊല്ലപ്പെട്ട സ്റ്റീഫന്‍ ലോറന്‍സിനെ ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്ന്. വംശീയതയുടെ പേരിലായി ഒരു കൊല. സുഹൃത്തുമൊത്ത് വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് ആറോ ഏഴോ പേര്‍ ചേര്‍ന്ന് ഈ യുവാവിനെ കൊലപ്പെടുത്തിയത്. പക്ഷേ, കേസ് ലണ്ടന്‍ പോലീസ് മുസ്‌ലിം ഭീകരതയുടെ എക്കൗണ്ടിലാണ് ആദ്യമേ ചേര്‍ത്തത്. ഏതൊരു കൊലപാതകവും ലോകത്ത് നടത്തപ്പെടുമ്പോള്‍ മുന്‍-പിന്‍ ആലോചിക്കാതെഅവയുടെ പിതൃത്വം മുസ്‌ലിംകളുടെ പേരില്‍ കെട്ടിവെക്കാനുള്ള ഭരണകൂടങ്ങളുടെ ത്വരയുടെ ഭാഗം തന്നെയായിരുന്നു അതും. പിന്നീടാണ് കേസ് വംശീയതയുടെ എക്കൗണ്ടിലേക്ക് ചേര്‍ക്കപ്പെടുന്നത്. അതിനിടയില്‍ ലണ്ടനില്‍ വേട്ടയാടപ്പെട്ട മുസ്‌ലിംകളുടെ കഷ്ടനഷ്ടങ്ങള്‍ക്ക് ആരും ചെവി കൊടുത്തില്ല. അതിന്റെ അപമാന ഭാരം പേറി കുറെക്കാലം അവരും ജീവിച്ചു എന്നുമാത്രം. ലോകത്ത് ആഭ്യന്തര കലാപങ്ങള്‍ അരങ്ങേറുകയും അഭയാര്‍ഥി പ്രവാഹം കൊടുമ്പിരി കൊള്ളുകയും ചെയ്ത പുതിയ കാലത്ത് ഏറ്റവും എളുപ്പത്തിലും വേഗത്തിലും ഇരയാക്കപ്പെടാന്‍ പാകത്തില്‍ രൂപപ്പെട്ട ഒന്നായിരിക്കുന്നു മുസ്‌ലിം ലോകം. അതിന്റെ തിക്തഫലം മുതലാളിത്ത സമൂഹമെന്നോ സോഷ്യലിസ്റ്റ് സമൂഹമെന്നോ ഏകാധിപത്യ സമൂഹമെന്നോ ഭേദമില്ലാതെ തുടരുകയാണിന്ന്. മുഹമ്മദ് അഖ്‌ലാഖെന്ന മനുഷ്യനെ ഗോമാംസം സൂക്ഷിച്ചു എന്ന പേരില്‍ കൊല ചെയ്തപ്പോള്‍ നാം കണ്ടതാണത്. ഒരു കൊലയാളി ഈയിടെ രോഗബാധിതനായി മരിച്ചപ്പോള്‍ അയാളുടെ മൃതദേഹത്തില്‍ ദേശീയ പതാക പുതപ്പിച്ച് ആദരിക്കുകയാണ് ഭരണകൂടം ചെയ്തതെന്നതും മറക്കരുത്. ദേശീയതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ക്ക് ഈ ചെയ്തി അത്രകണ്ട് ബോധിച്ചിരിക്കണം. വേട്ടയാടുന്നവര്‍ ദേശീയ വാദികളും ഇരകളാക്കപ്പെടുന്ന മുസ്‌ലിംകള്‍ ഭീകരവാദികളുമാകുന്ന ഒരു സമൂഹം ഇന്ത്യന്‍ ജനാധിപത്യ നൈതികതയെയാണ് വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത് എന്ന് ദേശസ്‌നേഹികള്‍ക്ക് എന്നും പാഠമായിരിക്കേണ്ടതാണ്.

 

---- facebook comment plugin here -----

Latest