Connect with us

Kerala

ജനകീയ ബോധവത്കരണത്തോടൊപ്പം ഗവേഷണവും പ്രധാനം: മന്ത്രി രവീന്ദ്രനാഥ്‌

Published

|

Last Updated

തിരുവനന്തപുരം: മാരക രോഗമായ എയ്ഡ്‌സിനെ പ്രതിരോധിക്കാനായി ജനകീയ ബോധവത്ക്കരണത്തോടൊപ്പം ഗവേഷണങ്ങളും പ്രധാനമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ.) മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച സംസ്ഥാനതല ലോക എയ്ഡ്‌സ് ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാരക രോഗങ്ങളെ ചെറുക്കാന്‍ കാലത്തിനും മാറ്റത്തിനും അനുസരിച്ച് പ്രകൃതിയുമായി ഇണങ്ങുന്ന തരത്തിലുള്ള ഗവേഷണങ്ങള്‍ അത്യാവശ്യമാണ്. ആ ഗവേഷണങ്ങളിലൂടെ പ്രകൃതിയുമായി ഇണങ്ങുന്ന വിലകുറഞ്ഞ മരുന്നുകള്‍ കണ്ടെത്താനാകും.

ഭയവും വല്ലാത്ത മാനസികാവസ്ഥയും സൃഷ്ടിക്കുന്ന രോഗമാണ് എയ്ഡ്‌സ്. ബോധവത്ക്കരണത്തിലൂടെ ഭയം മാറ്റിയെടുക്കാന്‍ സാധിച്ചുവെങ്കിലും എയ്ഡ്‌സ് രോഗികളോടുള്ള മാനസികാവസ്ഥയ്ക്ക് വലിയ മാറ്റം വന്നിട്ടില്ല. അവരുടെ തെറ്റുകൊണ്ട് മാത്രമല്ല എയ്ഡ്‌സ് രോഗം ബാധിച്ചതെന്ന് മനസിലാക്കുകയും അവരെ മാറ്റി നിര്‍ത്താതെ സമൂഹത്തിന്റെ ഭാഗമായി തന്നെ കാണണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കെ എം എസ് ആര്‍ എ., ഐ എം എ. നമ്മുടെ ആരോഗ്യം വായന ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ ഐ എം എ തിരുവനന്തപുരം ഘടകമാണ് പരിപാടി സംഘടിപ്പിച്ചത്.
ഐ എം എ. സംസ്ഥാന പ്രസിഡന്റ് ഡോ. വി ജി പ്രദീപ് കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ഗോപിനാഥ് മുതുകാട് മുഖ്യ സന്ദേശം നല്‍കി. ഐ എം എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. സി ജോണ്‍ പണിക്കര്‍, വൈസ് പ്രസിഡന്റ് ഡോ. എസ് വാസുദേവന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഐ എം എ സംസ്ഥാന സെക്രട്ടറി ഡോ. സാമുവല്‍ കോശി, ഡബ്ലിയു ഐ എം എ തിരുവനന്തപുരം പ്രസിഡന്റ് ഡോ. കെ ഇ എലിസബത്ത്, സെക്രട്ടറി ഡോ. ജി എസ് വിജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
എയ്ഡ്‌സ് ഇന്ന് നാളെ എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ചയും സംഘടിപ്പിച്ചു. സൈക്യാര്‍ട്രി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. മോഹന്‍ റോയ് മോഡറേറ്ററായ ചര്‍ച്ചയില്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സാറ വര്‍ഗീസ്, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ശാരദാ ദേവി, ഇന്‍ഫീഷ്യസ് ഡിസീസ് അസി. പ്രൊഫ. ഡോ. അരവിന്ദ്, ഡോ. യാമിനി തങ്കച്ചി, സാമൂഹ്യ പ്രവര്‍ത്തക സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു. എയ്ഡ്‌സ് രോഗബാധ തടയുന്നതിനെപ്പറ്റിയും മുന്‍കരുതലുകളെപ്പറ്റിയും എയ്ഡ്‌സ് രോഗികള്‍ സമൂഹത്തില്‍ നേരിടുന്ന വിവേചനത്തെപ്പറ്റിയും മൈക്രോബയോളജി വിഭാഗം അസോ. പ്രൊഫ. ഡോ. സാഹിറ ക്ലാസെടുത്തു.