Connect with us

Editorial

ഒപെക് നീക്കത്തില്‍ ആശയും ആശങ്കയും

Published

|

Last Updated

ഗള്‍ഫ് മേഖലക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും പ്രതീക്ഷയേകുന്നതാണ് എണ്ണ ഉത്പാദനം വെട്ടിക്കുറക്കാനുള്ള ഉത്പാദക, കയറ്റുമതി രാജ്യങ്ങളുടെ (ഒപെക്) തീരുമാനം. ഇപ്പോഴത്തെ പ്രതിദിന ഉത്പാദനമായ 33.64 ലക്ഷം ബാരലില്‍ നിന്ന് 32.5 ലക്ഷം ബാരലായി കുറക്കാനാണ് ബുധനാഴ്ച വിയന്നയില്‍ ചേര്‍ന്ന പന്ത്രണ്ടംഗ ഒപെക് രാജ്യങ്ങള്‍ ഒപ്പ് വെച്ച കരാറിലെ വ്യവസ്ഥ. ഇതു സംബന്ധിച്ച ചര്‍ച്ച ആരംഭിച്ചു മാസങ്ങളായെങ്കിലും സഊദിയും ഇറാനും തമ്മിലുള്ള ഭിന്നതയും ഒപെക് ഉത്പാദനം കുറക്കുന്നതോടെ മറ്റു ഉത്പാദന രാജ്യങ്ങള്‍ കൂടുതല്‍ ഉത്പാദിപ്പിക്കുകയും ഇതുവഴി ഗള്‍ഫ് രാജ്യങ്ങളുടെ വിപണി നഷ്ടമാവുകയും ചെയ്യുമെന്ന ചില രാഷ്ട്രങ്ങളുടെ ആശങ്കയുമാണ് കരാറിന് ഇത്രയും താമസം വരുത്തിയത്. 2008ന് ശേഷം ആദ്യമായാണ് ഒപെക് അസംസ്‌കൃത എണ്ണ ഉത്പാദനത്തില്‍ വെട്ടിക്കുറവ് വരുത്തുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ ലഭ്യത കുറയുന്നതോടെ വില ഉയരുകയും വില സ്ഥിരത കൈവരികയും ചെയ്യുമെന്നാണ് ഒപെകിന്റെ വിലയിരുത്തല്‍. ഇത് സാമ്പത്തിക പ്രതിസന്ധിയിലായ ഗള്‍ഫ് മേഖലയില്‍ പുത്തനുണര്‍വ് സംജാതമാകുകയും നിശ്ചലാവസ്ഥയിലായ വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകുകയും ചെയ്യും. ഒപെക് ഉത്പാദനം കുറക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയതോടെ തന്നെ അന്താരാഷ്ട്ര വിപണിയില്‍ പ്രതിഫലനം കണ്ടുതുടങ്ങിയിരുന്നു.

അമേരിക്ക ആഭ്യന്തര എണ്ണ ഉത്പാദനം വര്‍ധിപ്പിച്ചതും ആഗോളതലത്തില്‍ സമ്പദ്‌വ്യവസ്ഥയിലെ മന്ദീഭാവവുമാണ് എണ്ണ വില കൂപ്പുകുത്താന്‍ ഇടയാക്കിയത്. ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന നാലാമത്തെ രാജ്യമായ ഇറാനെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പ്രഖ്യാപിച്ചിരുന്ന ഉപരോധം നീക്കിയതിനെ തുടര്‍ന്ന് അവര്‍ ഉത്പാദനം ഇരട്ടിയാക്കിയതും ലിബിയയില്‍ നിന്നും നൈജീരിയയില്‍ നിന്നും അസംസ്‌കൃത എണ്ണ ലോകവിപണിയിലെത്തിയതും ഇതിന് ആക്കം കൂട്ടുകയും ചെയ്തു. ഒന്നര വര്‍ഷം മുമ്പ് ബാരലിന് 115 ഡോളറുണ്ടായിരുന്ന ക്രൂഡ് ഓയിലിന്റെ വില ഈ വര്‍ഷാദ്യം 30 ഡോളറില്‍ താഴെ എത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ വരുമാനത്തില്‍ ഇത് 60 ശതമാനത്തോളം കുറവ് വരുത്തി. എണ്ണ മുഖ്യവരുമാന മാര്‍ഗമായ ഗള്‍ഫ് രാജ്യങ്ങളെയും അവരെ ആശ്രയിച്ചുകഴിയുന്ന പ്രവാസികളെയും വിലയിടിവ് കടുത്ത പ്രതിസന്ധിയിലാക്കി. ഉത്പാദനത്തിലെ വെട്ടിക്കുറവ് വില 60 ഡോളറിലെത്തിക്കുമെന്നാണ് ഒപെക് രാഷ്ട്രങ്ങളുടെ പ്രതീക്ഷ.

എണ്ണ വിലയിടിവ് സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങില്‍ നിന്ന് ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാരാണ് തൊഴില്‍ നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങേണ്ടിവന്നത്. മലയാളികളാണ് ഗണ്യമായൊരു വിഭാഗം. നിര്‍മാണ മേഖലയിലെ സ്തംഭനവും വ്യാപാര മേഖലയിലെ മന്ദീഭാവവുമാണ് പ്രധാനമായും വിദേശികള്‍ക്ക് ആഘാതമായത്. അവിദഗ്ധരായ വിദേശികളായിരുന്നു ഈ മേഖലയില്‍ ഏറെയും തൊഴിലെടുത്തിരുന്നത്. പുതിയ നികുതികള്‍ ചുമത്തിയും സബ്‌സിഡികളും ശമ്പളവും വെട്ടിക്കുറച്ചും എണ്ണയേതര വരുമാനം വര്‍ധിപ്പിക്കാനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ നീക്കങ്ങള്‍ അവശേഷിക്കുന്ന വിദേശികളുടെ ജീവിതവും ദുസ്സഹമാക്കി. കുടുംബ സമേതം താമസിച്ചിരുന്ന പലരും കുടുംബങ്ങളെ നാട്ടിലേക്ക് തിരിച്ചയക്കുകയുണ്ടായി. യു എ ഇയില്‍ നിന്ന് മാത്രം അര ലക്ഷത്തോളം ഇന്ത്യന്‍ കുടുംബങ്ങള്‍ക്കാണ് തൊഴില്‍ നിഷ്ടമായത്. ഇത് സംസ്ഥാനത്ത് നിര്‍മാണ മേഖലയിലെ തൊഴിലവസരങ്ങളും വന്‍തോതില്‍ കുറക്കുകയും ചെയ്തു. ഒട്ടേറെ വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ബേങ്കുകളിലെ വിദേശ നാണ്യനിക്ഷേപത്തില്‍ 30 ശതമാനത്തിന്റെ ഇടിവുണ്ടായി. ഇത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് കനത്ത ആഘാതമേല്‍പിച്ചു. ഒപെക് തീരുമാനത്തെ തികഞ്ഞ പ്രതീക്ഷയോടെയാണ് പ്രവാസി ഇന്ത്യ നോക്കിക്കാണുന്നത്.

അതേസമയം, ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയിലെ വാണിജ്യ, വാവസായിക മേഖലക്ക് ഇത് വിപരീത ഫലമുളവാക്കും. അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയിടിവ് ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ പലപ്പോഴും കാണാത്ത ഭാവം നടിക്കാറുണ്ടെങ്കിലും നേരിയ വര്‍ധന അനുഭവപ്പെട്ടാല്‍ ഉടനടി വില വര്‍ധിപ്പിക്കുന്നതില്‍ അവര്‍ അതീവ ജാഗ്രത പുലര്‍ത്താറുണ്ട്. സാമ്പത്തിക മേഖലക്ക് ഇത് ആഘാതമേല്‍പിക്കുകയും പണപ്പെരുപ്പത്തിന്റെ നിരക്ക് ഉയര്‍ത്തുകയും ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. കുടുംബ ബജറ്റുകള്‍ ഇതോടെ താളം തെറ്റും. എങ്കിലും ഒപെക് തീരുമാനം എണ്ണ വില 60 ഡോളറിലെത്തുക്കുമെന്നതിലപ്പുറം ഒരു കുതിച്ചു ചാട്ടം പ്രതീക്ഷിക്കുന്നില്ലെന്നത് ആശ്വാസകരമാണ്. വരുംവരായ്കകള്‍ വിലയിരുത്തുമ്പോള്‍ ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇതുണ്ടാക്കുന്ന നേട്ടങ്ങള്‍ക്കും അത് രാജ്യത്തിന്റെ സമ്പദ്ഘടനക്ക് സൃഷ്ടിക്കുന്ന ഉണര്‍വിനുമാണ് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്.

Latest