Connect with us

Articles

കറന്‍സി പ്രതിസന്ധി: രാജ്യം പൊട്ടിത്തെറിയിലേക്കോ?

Published

|

Last Updated

കറന്‍സി നിരോധനം 23-ാം ദിവസം പിന്നിടുമ്പോള്‍ രാജ്യത്തിന്റെ വിദൂര ഭൂപ്രദേശങ്ങളില്‍ നിന്നു ഈ പ്രതിസന്ധി സൃഷ്ടിക്കുന്ന ആത്മഹത്യാ മരണങ്ങളുടെയും സംഘര്‍ഷങ്ങളുടെയും വാര്‍ത്തകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. 72-ഓളം പേര്‍ക്കാണ് കറന്‍സി നിരോധം സൃഷ്ടിച്ച അരക്ഷിതാവസ്ഥയില്‍ ജീവന്‍ നഷ്ടപ്പെടുത്തേണ്ടിവന്നത്. കൃഷിയും വ്യവസായവും അപരിഹാര്യമായ പ്രതിസന്ധിയിലാണ്. സമ്പദ്ഘടന അക്ഷരാര്‍ഥത്തില്‍ മുരടിപ്പിലേക്ക് നീങ്ങുന്നു. നോട്ടു ക്ഷാമം നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ജനജീവിതത്തെ വഴിമുട്ടിച്ചിരിക്കുകയാണ്.
ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെ ബേങ്കു ശാഖകളില്‍ പ്രതിദിനം ശരാശരി 150 കോടി രൂപ വരെ ആവശ്യമായിരുന്നിടത്ത് ഇപ്പോള്‍ 80 കോടി മുതല്‍ 100 കോടി രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. നഗരങ്ങളിലെ ബേങ്കുകളിലെത്തുന്ന പണം ഒരു മണിക്കൂര്‍ കൊണ്ട് ഇല്ലാതാകുന്നു.‘ഭൂരിപക്ഷം ബേങ്കുകള്‍ക്കും എ ടി എമ്മുകളില്‍ നിറക്കാന്‍ പോലും പണമില്ലാത്ത സ്ഥിതിയാണ്. കര്‍ണാടകയില്‍ നിന്നും യുപിയില്‍ നിന്നും ബിഹാറില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ പണമില്ലാത്ത ബേങ്കുകള്‍ക്കു മുമ്പില്‍ രോഷാകുലരായ ജനങ്ങള്‍ ബേങ്കുകള്‍ ബലമായി അടപ്പിക്കുന്നുവെന്നാണ്. രാജ്യത്തിന്റെ ഉത്പാദന മേഖല വലിയ പ്രതിസന്ധിയിലേക്ക് ആഴ്ന്നിറങ്ങുകയാണെന്ന് പല വിദഗ്ധരും നിരീക്ഷിക്കുന്നു. ഇത് സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കാണ് രാജ്യത്തെ എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബജറ്റ് പൂര്‍വ ചര്‍ച്ചക്കായി ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയെ കണ്ട ഇന്ത്യന്‍ വ്യവസായങ്ങളുടെ തലവന്മാര്‍ കറന്‍സി നിരോധനം സൃഷ്ടിച്ച ഗുരുതരാവസ്ഥയെക്കുറിച്ച് വലിയ ഉത്കണ്ഠയാണ് അറിയിച്ചത്. സമ്പദ്ഘടന പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് തള്ളിവിടപ്പെടുകയാണെന്നാണ് അവര്‍ ധനമന്ത്രിയെ ധരിപ്പിച്ചത്. രാജ്യത്ത് ഉപയോഗത്തിലുള്ള 86.5 ശതമാനം കറന്‍സിയും അസാധുവാക്കിയതു വഴി ജനങ്ങളുടെ വാങ്ങല്‍ശേഷി ഇടിഞ്ഞിരിക്കുന്നു. മാര്‍ക്കറ്റുകളില്‍ പണമില്ലാത്തതുകൊണ്ട് വ്യാപാരങ്ങളൊന്നും നടക്കുന്നില്ല. വിപണിയില്‍ ഉത്പന്നങ്ങളുടെ ചോദന 30 ശതമാനത്തിലേറെ കുറഞ്ഞുകഴിഞ്ഞു. ഇത് ജി ഡി പിയില്‍ രണ്ട് ശതമാനത്തിലേറെ വളര്‍ച്ചാക്കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്.

വിളവെടുക്കുന്ന കര്‍ഷകര്‍ ഉത്പന്നം വില്‍ക്കാനാവാതെ വലയുകയാണ്. കോലാറിലെ തക്കാളി കൃഷിക്കാരനും യു പിയിലെ ഉരുളക്കിഴങ്ങ് കൃഷിക്കാരനും മഹാരാഷ്ട്രയിലെ ഉള്ളി കൃഷിക്കാരനും കറന്‍സി നിരോധനത്തിന്റെ ഫലമായി ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. വിളവിറക്കാന്‍ പണമില്ലാതെ ഇന്ത്യയുടെ വിശാല ‘ഭൂപ്രദേശങ്ങളില്‍ കൃഷിക്കാര്‍ കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയുണ്ട്. ഇത് കാര്‍ഷിക പ്രതിസന്ധിയിലേക്കും അചിന്തനീയമായ‘ഭക്ഷ്യ ക്ഷാമത്തിലേക്കുമാണ് രാജ്യത്തെ എത്തിക്കുക.
നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്‍പിന്‍ ആലോചനയില്ലാതെ നടപ്പാക്കിയ കറന്‍സി നിരോധം അപരിഹാര്യമായ സാമൂഹിക പ്രശ്‌നങ്ങള്‍ ഒന്നിനുപിറകെ ഒന്നായി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. നവംബര്‍ എട്ടിന് മൂന്ന് ദിവസങ്ങള്‍കൊണ്ട് പകരം നോട്ടുകള്‍ ബേങ്കുകളില്‍ എത്തിക്കുമെന്നും സമ്പദ്ഘടനയെ ക്രമീകരിക്കുമെന്നും അവകാശവാദം മുഴക്കിയ പ്രധാനമന്ത്രി ഇപ്പോള്‍ പാര്‍ലമെന്റിനകത്ത് മൗനം പാലിക്കുകയാണ്. കേരളത്തില്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കറന്‍സി ദൗര്‍ലഭ്യതയും ബേങ്ക് നിയന്ത്രണവും സര്‍ക്കാര്‍ ജീവനക്കാരെ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്.

നിരോധിക്കപ്പെട്ട 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ക്ക് തത്തുല്യമായ കറന്‍സികള്‍ അച്ചടിക്കാന്‍ ഏറ്റവും ചുരുങ്ങിയത് ആറ് മാസം എങ്കിലും വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുതന്നെ മൂന്ന് സെക്യൂരിറ്റി പ്രസ്സുകളുടെയും പൂര്‍ണശേഷി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍. മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷുഭിതരായ ജനങ്ങള്‍ ബേങ്കുകള്‍ അടിച്ചുപൊളിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. മധേ്യന്ത്യയിലും വടക്കേ ഇന്ത്യയിലും ബേങ്കുകള്‍ക്കുമുന്നില്‍ സംഘര്‍ഷം പതിവായിരിക്കുന്നു. കേരളത്തില്‍ പലയിടങ്ങളിലും ജനങ്ങള്‍ ബേങ്കുകള്‍ ഉപരോധിച്ചുതുടങ്ങിയിരിക്കുന്നു.

റിസര്‍വ് ബാങ്ക് ആവശ്യമായ പണം ബാങ്കുകളിലെത്തിക്കാത്തതാണ് അനുവദിച്ച തുകപോലും ബേങ്കുകളില്‍ നിന്ന് ജനങ്ങള്‍ക്ക് പിന്‍വലിക്കാനാവാത്ത അവസ്ഥ സൃഷ്ടിച്ചത്. ബേങ്കുകള്‍ക്കു മുമ്പില്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് 24,000 രൂപക്കു പകരം 5,000 രൂപ വാങ്ങി മടങ്ങേണ്ടി വരുന്ന അവസ്ഥയാണ് ജനങ്ങളെ രോഷാകുലരാക്കുന്നത്. ആവശ്യമായ പണം ബേങ്കുകളിലും എ ടി എം കൗണ്ടറുകളിലുമെത്താതെ ഈ അവസ്ഥക്ക് പരിഹാരമുണ്ടാക്കാനാകില്ല. കേരളത്തിലെ എല്ലാ ബേങ്കുശാഖകളിലുമായി റിസര്‍വ് ബേങ്ക് ഇന്നലെവരെയായി എത്തിച്ചത് വെറും 200 കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ്.

പല ബേങ്കുകളിലും ആവശ്യമായ കറന്‍സി എത്താതായ സാഹചര്യമാണ് ബേങ്കുകള്‍ക്കു നേരെ പ്രതിഷേധമുയരുന്ന സാഹചര്യം ഉണ്ടാക്കിയത്. മലപ്പുറത്തും കോഴിക്കോട് ജില്ലയിലുമുള്‍പ്പെടെ നിരവധി ബേങ്കുകള്‍ക്കു നേരെ നാട്ടുകാരുടെ പ്രതിഷേധം സംഘര്‍ഷങ്ങളായി മാറിയിരിക്കുന്നു. പല ബേങ്ക് മാനേജര്‍മാരും സംരക്ഷണത്തിനായി പോലീസിനെ വിളിച്ചിരിക്കുകയാണ്.
ഒന്നാം തീയതിയായതോടെ രാജ്യത്തെ കോടിക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരും തൊഴിലാളികളും കടുത്ത ആശങ്കയിലായിരിക്കുകയാണ്. ബേങ്കുകളിലും എ ടി എമ്മുകളിലും ആവശ്യത്തിന് പണമില്ലാത്ത സാഹചര്യത്തില്‍ എങ്ങനെയവര്‍ തങ്ങളുടെ അക്കൗണ്ടുകളില്‍ വരുന്ന ശമ്പളം പിന്‍വലിക്കും. ഈ ശമ്പളദിവസങ്ങളില്‍ എ ടി എമ്മുകളിലെയും ബേങ്കുകളുടെയും മുന്നിലെ തിരക്ക് പതിന്മടങ്ങാകുമെന്നുറപ്പ്. കറന്‍സി നിരോധം 23 ദിവസം പിന്നിട്ടിട്ടും ആവശ്യമായ കറന്‍സിയുടെ 40 ശതമാനം പോലും ബേങ്കുകളിലെത്തിക്കാന്‍ റിസര്‍വ് ബേങ്കിനായിട്ടില്ല. 14 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് അസാധുവാക്കിയത്. ഇത് പ്രചാരത്തിലുള്ള കറന്‍സിയുടെ 86 ശതമാനം ആണ്. ഇപ്പോള്‍ ബേങ്കുകളില്‍ ഔദേ്യാഗിക കണക്കുകളനുസരിച്ച് ഈ 14 ലക്ഷം കോടിയില്‍ ഒന്‍പത് ലക്ഷം കോടി തിരിച്ചെത്തിയിട്ടുണ്ട്. ഇതിനു പകരമായി രണ്ടര ലക്ഷം കോടി രൂപയുടെ കറന്‍സി മാത്രമാണ് പുതിയ 500, 2000 രൂപാ നോട്ടുകളായി ആര്‍ ബി ഐ ബേങ്കുകളിലെത്തിച്ചത്. പണ ദാരിദ്ര്യവും അതുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയും പൊട്ടിത്തെറിയിലേക്ക് രാജ്യത്തെ നയിച്ചേക്കുമെന്നാണ് പല സാമൂഹിക ശാസ്ത്രജ്ഞരും ആശങ്കപ്പെടുന്നത്.

 

Latest