Connect with us

Kasargod

അപമാനിച്ചുവെന്ന് ആരോപിച്ച് യുവാക്കള്‍ക്ക് നേരെ പോലീസിന്റെ മൂന്നാം മുറ; അഞ്ച് പേര്‍ക്കെതിരെ കേസ്

Published

|

Last Updated

കാസര്‍കോട്: പോലീസ് സ്‌റ്റേഷനില്‍ മൂന്നാം മുറ പാടില്ലെന്ന് മുഖ്യമന്ത്രിയും ആഭ്യന്ത്രര മന്ത്രിയുമായ പിണറായി വിജയന്റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെ പോലീസ് സംഘം നവ വരന്‍ ഉള്‍പ്പടെയുള്ള മൂന്ന് പേരെ ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിനിരയാക്കി. പോലീസ് മര്‍ദനത്തില്‍ ഒരാളുടെ കൈയെല്ല് പൊട്ടി. സാരമായി പരുക്കേറ്റ ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെണ്ടിച്ചാലിലെ അബൂബക്കറിന്റെ മകനും നവ വരനുമായ മുഹമ്മദ് ശംസീര്‍(26), ശംസീറിന്റെ സുഹൃത്തും ബെണ്ടിച്ചാലിലെ മുഹമ്മദ് കുഞ്ഞിയുടെ മകനുമായ ഹംസ മുഹമ്മദ്(28), ശംസീറിന്റെ സഹോദരന്‍ ശക്കീര്‍(24) എന്നിവരാണ് ലോക്കപ്പില്‍ മൂന്നാം മുറക്ക് വിധേയരായത്. മൂന്ന് പേര്‍ക്കും ദേഹമാസകലം പരുക്കേറ്റു. ഇതില്‍ ഹംസ മുഹമ്മദിനാണ് അതിക്രൂരമായ മര്‍ദനമേറ്റത്. ശംസീറിന്റെ കൈയൊടിയുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയോടെ കോളിയടുക്കത്ത് വെച്ച് ശംസീര്‍ ഓടിച്ച കെഎല്‍ 14 ടി 452 നമ്പര്‍ ബൈക്ക് ഹെല്‍മെറ്റില്ലാത്തതിന്റെ പേരില്‍ പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് പോലീസുകാര്‍ പിടികൂടിയിരുന്നു. ഇവരുടെ ബൈക്കില്‍ നമ്പറിന്റെ സ്ഥാനത്ത് സ്റ്റിക്കറൊട്ടിച്ചതിനാല്‍ ബൈക്ക് സ്‌റ്റേഷനിലേക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു. സംഭവം കണ്ട് ആളുകള്‍ കൂടുകയും ചെയ്തു. പിഴ ഈടാക്കി വിട്ടയക്കണമെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞിരുന്നു. ഇതിനിടയില്‍ പോലീസുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് കൂടുതല്‍ പോലീസുകാരെത്തി ബൈക്ക് കസ്റ്റഡിയിലെടുത്ത് രേഖകളുമായി സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു.

ബൈക്കിന്റെ രേഖകളുമായി മൂന്ന് പേരും കാസര്‍കോട് സ്‌റ്റേഷനിലെത്തി സി ഐയെ ആദ്യം കണ്ടു. സി ഐ കണ്‍ട്രോള്‍ റൂമിലെ പോലീസുകാരെ വിളിച്ചുവരുത്തി സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി പിഴയീടാക്കി വിട്ടയക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇവരെ സ്‌റ്റേഷനിലേക്ക് കൊണ്ടു
പോകാതെ പോലീസുകാര്‍ നേരെ തൊട്ടടുത്തുള്ള കണ്‍ട്രോള്‍ റൂമിലേക്കാണ് കൊണ്ടുപോയത്. ഇവിടെ എത്തിച്ച ശേഷമാണ് ഇവര്‍ക്കുനേരെ ക്രൂരമായ മര്‍ദനം അഴിച്ചുവിട്ടത്. ബൈക്ക് പിടികൂടിയ സമയത്ത് ആളുകള്‍ക്ക് മുന്നില്‍ വെച്ച് പോലീസിനെ അപമാനിച്ചുവെന്ന് പറഞ്ഞായിരുന്നു മര്‍ദനം. ഇവരെ അടിച്ചുനിലത്തിട്ട ശേഷം ഷൂസിട്ട കാല് കൊണ്ട് ചവിട്ടുകയും ലാത്തി കൊണ്ട് അടിക്കുകയും ചെയ്തു.

ഇവരുടെ നിലവിളി കേട്ട് സ്‌റ്റേഷനില്‍ നിന്ന് മറ്റു പോലീസുകാര്‍ ഓടിയെത്തിയതോടെയാണ് മര്‍ദനം അവസാനിപ്പിച്ചത്. പിന്നീട് സംഭവം വിവാദമാകുമെന്ന് ബോധ്യമായതോടെ ഇവര്‍ക്കെതിരെ പോലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരെ ബൈക്കിലും കാറിലും എത്തിയവര്‍ ബൈക്കില്‍ നിന്നും വലിച്ച് താഴെയിടുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
യുവാക്കളെ മൂന്നാം മുറക്കിരയാക്കിയ സംഭവത്തില്‍ അഞ്ച് പോലീസുകാര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തു. മര്‍ദനത്തിനിരയായ ഹംസ മുഹമ്മദിന്റെ പരാതിയിലാണ് കേസ്.

---- facebook comment plugin here -----

Latest