ആവശ്യപ്പെട്ട പണം കിട്ടിയില്ല; കടുത്ത പ്രതിസന്ധിയെന്ന് ധനമന്ത്രി

Posted on: December 1, 2016 3:49 pm | Last updated: December 2, 2016 at 10:32 am

thomas isac

തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും നല്‍കാന്‍ ലഭ്യമാക്കാമെന്ന് ഉറപ്പ് നല്‍കിയ തുക റിസര്‍വ് ബാങ്ക് നല്‍കിയില്ലെന്നും ആവശ്യപ്പെട്ട പണം പൂര്‍ണമായി എത്തിയില്ലെങ്കില്‍ സ്ഥതി ഗുരുതരമാകുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

സര്‍ക്കാരിന് റിസര്‍വ് ബാങ്ക് നല്‍കാമെന്ന് ഏറ്റിരുന്ന 1,000 കോടി രൂപയില്‍ ലഭിച്ചത് 500 കോടി മാത്രമാണ്്. ശമ്പളവിതരണം പ്രതിസന്ധിയിലായ വിവരം അറിയിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഗ്രാമീണ മേഖലകളിലെ 42 ട്രഷറികളില്‍ പണമെത്തിയില്ല. രാവിലെ 11 വരെ 153 കോടി ചോദിച്ചിടത്ത് 75 കോടി മാത്രമാണ് ലഭിച്ചത്. പല ട്രഷറികളിലും ആളുകള്‍ക്ക് നല്‍കിയത് നീക്കിയിരിപ്പ് തുകയാണ്. നഗരങ്ങളിലെ ട്രഷറികളില്‍ മാത്രമാണ് പണം ലഭ്യമായിരിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

അതേസമയം അഞ്ഞൂറ്, ആയിരം രൂപ കറന്‍സി അസാധുവാക്കിയതിന് ശേഷമുള്ള ആദ്യ ശമ്പള-പെന്‍ഷന്‍ ദിനമായ ഇന്ന് സംസ്ഥാനത്തെ ട്രഷറികളിലും പ്രധാനപ്പെട്ട ബാങ്കുകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. കൊച്ചി തിരുവനന്തപുരം നഗരപ്രദേശളില്‍ ശമ്പളവിതരണം വലിയതോതില്‍ ബാധിച്ചില്ല.

ശമ്പളം വാങ്ങുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുത്താണ് ശമ്പളം വാങ്ങാന്‍ ബാങ്കുകളിലെത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുത്ത് ശമ്പളം വാങ്ങാന്‍ ബാങ്കുകളിലെത്തിയതോടെ സെക്രട്ടേറിയറ്റിലെ ഉള്‍പ്പെടെ പ്രധാനപ്പെട്ട ഓഫീസുകളില്‍ ഇന്ന് ഹാജര്‍ നില കുറവായിരുന്നു. ബാങ്കുകളില്‍ എത്തിയ പണം തീര്‍ന്നു പോകുമോയെന്ന ആശങ്കയാണ് പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അവധിയെടുക്കാന്‍ പ്രേരിപ്പിച്ചത്.