Connect with us

International

സിറിയ: അലെപ്പോയില്‍ നിന്ന് കൂട്ടപലായനം

Published

|

Last Updated

വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് കുട്ടിയെ

വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് കുട്ടിയെ “വൈറ്റ്‌ഹെല്‍മെറ്റ്” പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുന്നു

അലെപ്പോ: വിമതരുടെ ശക്തി പ്രദേശമായ വടക്കന്‍ സിറിയയിലെ അലെപ്പോയില്‍ നിന്ന് കൂട്ടപലായനം. 72 മണിക്കൂറിനിടെ 20,000 പേര്‍ പാലയനം ചെയ്തതായി റെഡ് ക്രോസ് വക്താക്കള്‍ അറിയിച്ചു. കാല്‍നടയായി ആക്രമണങ്ങള്‍ നിറഞ്ഞ വഴികളിലൂടെയാണ് ജനങ്ങള്‍ കൂട്ടമായും ഒറ്റക്കും സുരക്ഷിത ഇടങ്ങള്‍ തേടി പോകുന്നത്.

വിമതരുടെ ശക്തി കേന്ദ്രങ്ങളിലേക്ക് സൈന്യം ആക്രമണം അഴിച്ചുവിട്ടതോടെ ഇവിടെ നിന്ന് സര്‍ക്കാര്‍ നിയന്ത്രണ മേഖലയിലേക്ക് ജനങ്ങള്‍ കൂട്ടത്തോടെ ഒഴുകുകയാണ്. കിഴക്കന്‍ അലെപ്പോയില്‍ നിന്ന് പടിഞ്ഞാറന്‍ മേഖലയിലേക്കാണ് ജനങ്ങളുടെ പലായനം നടക്കുന്നത്. ഗതാഗത സൗകര്യം പൂര്‍ണമായും നിലച്ച ഇവിടെ ജനങ്ങള്‍ക്ക് കാല്‍നടയാണ് ഏക മാര്‍ഗം. സിറിയയിലെ ഏറ്റവും വലിയ നഗരമായിരുന്ന അലെപ്പോയില്‍ രണ്ടര ലക്ഷത്തോളം പേര്‍ ഇപ്പോഴും കുടിങ്ങിക്കിടക്കുകയാണെന്നാണ് യു എന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
വിമത പ്രക്ഷോഭം രൂക്ഷമായതോടെ അലെപ്പോയില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയായിരുന്നു. പ്രക്ഷോഭത്തിന്റെ മറവില്‍ ഇസിലും അലെപ്പോയില്‍ ശക്തിപ്രാപിച്ചത് ജനജീവിതത്തെ ദുസ്സഹമാക്കി. വിമതരില്‍ നിന്ന് ശക്തമായ ഇടപെടല്‍ നടത്തി അലെപ്പോ നഗരത്തെ മോചിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സിറിയന്‍ സൈന്യം.
വിമത കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് സിറിയയുടെ വ്യോമ, കരസേന നീങ്ങിയതോടെ വിമതര്‍ പൂര്‍ണമായും ആശങ്കയിലായിട്ടുണ്ട്.

റഷ്യയുടെ പിന്തുണയുള്ള സിറിയ അലെപ്പോയിലെ സൈനിക മുന്നേറ്റത്തില്‍ വിജയം കാണുമെന്നാണ് സൂചന. വിമതരുടെ നിയന്ത്രണത്തില്‍ നിന്ന് അല്‍ ഹൈദരിയ, അല്‍ സഖൗര്‍, അല്‍ ഇന്‍സാറത്, അല്‍ ശൈഖ് കേദര്‍, ജബല്‍ ബദ്‌റോ, അല്‍ ഹാല്‍ക് എന്നി നഗരങ്ങള്‍ സൈന്യം തിരിച്ചുപിടിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു.
അലെപ്പോയില്‍ സിറിയന്‍ സൈന്യം മുന്നറ്റം നടത്തിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ഫ്രാന്‍സ് രംഗത്തെത്തി. അലെപ്പോയില്‍ മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടക്കുന്നതെന്നും ഏറ്റുമുട്ടലില്‍ യു എന്‍ ഇടപെടണമെന്നും ഫ്രാന്‍സ് ആവശ്യപ്പെട്ടു. ഫ്രാന്‍സിന് പിന്നാലെ സൈന്യത്തിനെതിരെ ആരോപണവുമായി മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വിമതരുടെ ആക്രമണം നടക്കുമ്പോള്‍ നിശ്ശബ്ദരാകുന്നവര്‍ ഔദ്യോഗിക സൈന്യം മുന്നേറുമ്പോള്‍ മുറവിളി കൂട്ടുന്നുണ്ടെന്നാണ് പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ അനുകൂലികളുടെ ആരോപണം.

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെ സിറിയന്‍ സൈന്യം വിമത ആക്രമണം ശക്തമാക്കിയിട്ടുണ്ട്. റഷ്യയുമായി മികച്ച സൗഹൃദം പുലര്‍ത്തുന്ന ട്രംപ് സിറിയന്‍ വിഷയത്തില്‍ ഇടപെടുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സൈനിക ആക്രമണം ശക്തമായത്.

 

Latest