Connect with us

National

ആയിരം കോടികള്‍ അക്കൗണ്ടില്‍; ഞെട്ടല്‍ മാറും മുമ്പേ അപ്രത്യക്ഷമായി

Published

|

Last Updated

ചണ്ഡീഗഢ്: തന്റെ ജന്‍ധന്‍ അക്കൗണ്ടില്‍ 98,05,95,12,231 കോടി രൂപ നിക്ഷേപിക്കപ്പെട്ടുവെന്ന വിവരം അറിഞ്ഞ് എന്ത് ചെയ്യണമെന്നറിയാതെ ഞെട്ടിയിരിക്കുകയായിരുന്നു പഞ്ചാബിലെ സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവര്‍. പക്ഷേ, അങ്കലാപ്പ് മാറും മുമ്പ് തന്നെ ഞെട്ടലിന് ശമനവുമുണ്ടായി. അക്കൗണ്ടില്‍ നിന്ന് അത്രയും തുക തൊട്ടടുത്ത ദിവസം അപ്രത്യക്ഷമായി.

നോട്ട് അസാധുവാക്കുന്നതിന് മുമ്പ് ഈ മാസം നാലിനാണ്, ടാക്‌സി ഡ്രൈവറായ ബല്‍വീന്ദര്‍ സിംഗിന്റെ സ്റ്റേറ്റ് ബേങ്ക് ഓഫ് പട്യാലയില്‍ നിന്നെടുത്ത ജന്‍ധന്‍ അക്കൗണ്ടിലേക്ക് ഇത്രയും തുക ഒഴുകിയെത്തിയത്. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ നിരവധി തവണ ബേങ്കിലെത്തിയെങ്കിലും അധികൃതര്‍ വിശദീകരണമൊന്നും നല്‍കാതെ അവഗണിക്കുകയായിരുന്നുവെന്ന് ബല്‍വീന്ദര്‍ സിംഗ് പറയുന്നു. മാത്രമല്ല, തന്റെ പാസ് ബുക്ക് വാങ്ങി പുതിയത് മാറ്റി നല്‍കുകയും ചെയ്തു. കോടികളുടെ ഇടപാട് ഇതില്‍ രേഖപ്പെടുത്തുകയും ചെയ്തില്ല. തന്റെ അക്കൗണ്ടില്‍ യഥാര്‍ഥത്തില്‍ 3,000 ത്തോളം രൂപയേ ഉണ്ടായിരുന്നുള്ളൂ. ഇക്കാര്യം രേഖപ്പെടുത്താന്‍ പോലും ബേങ്ക് മാനേജര്‍ രവീന്ദര്‍ കുമാര്‍ തയ്യാറായില്ലെന്നും ബല്‍വീന്ദര്‍ പറഞ്ഞു.
അതേസമയം, തുകയുടെ സ്ഥാനത്ത് 11 അക്ക അക്കൗണ്ട് നമ്പര്‍ ചേര്‍ത്തതാണ് വിചിത്രമായ ഈ സംഭവത്തിന് പിന്നില്‍ ഉണ്ടായതെന്ന് ലീഡ് ബേങ്ക് മാനേജര്‍ സന്ദീപ് ഗാര്‍ഗ് വിശദീകരിച്ചു. അസിസ്റ്റന്റ് മാനേജര്‍ക്ക് സംഭവിച്ച ഈ പിഴവ് തൊട്ടടുത്ത ദിവസം തന്നെ തിരുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest