സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് പാര്‍ക്ക് ഗ്യൂന്‍

Posted on: November 30, 2016 5:59 am | Last updated: November 30, 2016 at 12:00 am
പാര്‍ലിമെന്റില്‍ സംസാരിക്കുന്നതിനിടെ വിതുമ്പുന്ന പാര്‍ക്ക് ഗ്യൂന്‍
പാര്‍ലിമെന്റില്‍ സംസാരിക്കുന്നതിനിടെ വിതുമ്പുന്ന പാര്‍ക്ക് ഗ്യൂന്‍

സിയോള്‍: സ്ഥാനമൊഴിയാന്‍ താന്‍ തയ്യാറാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്് ഗ്യൂന്‍ ഹെ. പ്രസിഡന്റിന്റെ രാജിക്കായുള്ള മുറവിളിക്കിടെയാണ് അധികാരമൊഴിയാന്‍ സന്നദ്ധമാണെന്ന് പാര്‍ലിമെന്റിനെ അറിയിക്കുമെന്ന് അവര്‍ വ്യക്തമാക്കിയത്. ദീര്‍ഘകാല സുഹൃത്ത് രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നതില്‍ സ്വാധീനം ചെലുത്തിയെന്നും സ്വന്തം നേട്ടത്തിനായി പ്രവര്‍ത്തിച്ചുവെന്നുമുള്ള ആരോപണത്തെത്തുടര്‍ന്നാണ് പാര്‍ക് രാജിവെക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്.

പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കുന്നതടക്കമുള്ള തന്റെ ഭാവി സംബന്ധിച്ച എല്ലാ കാര്യങ്ങളും താന്‍ പാര്‍ലിമെന്റിന് വിടുകയാണെന്ന് പാര്‍ക് പറഞ്ഞു. പാര്‍കിനെ ഇംപീച്ച് ചെയ്യേണ്ടുതുണ്ടോയെന്നത് സംബന്ധിച്ച് വെള്ളിയാഴ്ച പാര്‍ലിമെന്റില്‍ ചര്‍ച്ച നടക്കും. ഇംപീച്ച്‌മെന്റ് നടപടിക്ക് മുമ്പായി അഭിമാനത്തോടെ പാര്‍ക് രാജിവെക്കണമെന്ന് ഭരണകക്ഷിയിലെ തന്നെ ചിലര്‍ പറഞ്ഞു. അതേസമയം പ്രസിഡന്റ് ഇംപീച്ച്‌മെന്റ് നടപടികളില്‍നിന്നും രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.
രാഷ്ട്രീയ പ്രതിസന്ധിക്കിടയാക്കിയ സംഭവങ്ങളുടെ പേരില്‍ രണ്ട് തവണ പാര്‍ക് മാപ്പ് പറഞ്ഞിരുന്നുവെങ്കിലും രാജിവെക്കാന്‍ തയ്യാറായിരുന്നില്ല.