ഹരിതകേരളം മിഷന്‍: ജനപങ്കാളിത്തം ഉറപ്പാക്കണം- മുഖ്യമന്ത്രി

Posted on: November 30, 2016 12:15 am | Last updated: November 29, 2016 at 11:56 pm

pinarayiതിരുവനന്തപുരം: ഹരിതകേരളം മിഷന്‍ സാക്ഷരതാ പ്രസ്ഥാനത്തിനുശേഷമുള്ള ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള പരിപാടിയായി മാറുമെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡിസംബര്‍ എട്ടിന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ വലിയ തോതില്‍ ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമായി ഡിസംബര്‍ എട്ട് മാറണം. കേരളം ഹരിതവും ശുചിത്വ പൂര്‍ണവും കൃഷിയില്‍ സ്വയം പര്യാപ്തവുമാകുക എന്നതാണ് മിഷന്റെ ലക്ഷ്യം. ഹരിതകേരളം മിഷന്റെ സംസ്ഥാനതല പ്രവര്‍ത്തനങ്ങളുടെ ആരംഭം കുറിക്കുന്നതുമായി ബന്ധപ്പെട്ട് 14 ജില്ലകളുടെയും ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ കലക്ടര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിതകേരളം മിഷന്‍ ഗവേണിംഗ് ബോഡി അംഗങ്ങള്‍, എം പിമാര്‍, എം എല്‍ എമാര്‍, സ്‌കൂളുകള്‍, കോളേജുകള്‍, ആരാധനാലയങ്ങള്‍, ആശ്രമങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, റോട്ടറി, ലയണ്‍സ് കഌബ്ബുകള്‍ തുടങ്ങി എല്ലാവരെയും ഒരുമിപ്പിച്ചാവണം പങ്കാളിത്തം ഉറപ്പാക്കേണ്ടത്. മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ നാനാ തുറകളിലുള്ള എല്ലാ വ്യക്തിത്വങ്ങളെയും ഉള്‍പ്പെടുത്തണം. പ്രചാരണത്തിനായി നവമാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.