മനുഷ്യത്വരഹിത നിലപാടുകളില്‍ പ്രതിഷേധിച്ച് ആര്‍ എസ് എസ് പ്രചാരകന്‍ സി പി എമ്മില്‍ ചേര്‍ന്നു

Posted on: November 27, 2016 5:09 pm | Last updated: November 27, 2016 at 10:09 pm
SHARE

cpmതിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ എസ് എസിന്റെ പ്രചാരകനും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി പത്മകുമാര്‍ സി പി എമ്മില്‍ ചേര്‍ന്നു. സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനൊപ്പം വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനം പത്മകുമാര്‍ പ്രഖ്യാപിച്ചത്. നാല് ദശാബ്ദത്തിലേറെയായിയുളള സംഘപരിവാര്‍ ബന്ധം ഉപേക്ഷിച്ചാണ് പത്മകുമാര്‍ സിപിഎമ്മിലെത്തുന്നത്.

കരമന മേലാറന്നൂര്‍ സ്വദേശിയായ 52 കാരന്‍ പത്താം വയസ്സിൽ ശാഖയില്‍പോയിത്തുടങ്ങിയതോടെയാണ് ആര്‍ എസ് എസില്‍ ആകൃഷ്ടനായത്. തുടര്‍ന്ന് ആര്‍ എസ് എസ് കൊല്ലം താലൂക്ക് പ്രചാരക്, ചെങ്ങന്നൂര്‍ ജില്ലാ പ്രചാരക്, കെല്ലം ജില്ലാ പ്രചാരക്, കണ്ണൂര്‍ -കാസര്‍കോഡ് ജില്ലകള്‍ ചേര്‍ന്ന വിഭാഗ് പ്രചാരക്, തിരുവനന്തപുരം കൊല്ലം വിഭാഗ് ശാരീരിക് പ്രമുഖ് എന്നീ സ്ഥാനങ്ങള്‍ക്കൊപ്പം ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയായിരിക്കെ അതിന്റെ സംസ്ഥാന സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

ആര്‍ എസ് എസ് ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യത്വ രഹിതമായ നിലപാടുകളും കൊലപാതക രാഷ്ട്രീയവും മാനവീകതയിലേക്ക് മടങ്ങാനുള്ള അടങ്ങാത്ത ആഗ്രഹമാണ് സി പി എമ്മിനൊപ്പം ചേരാന്‍ പ്രേരണയായതെന്ന് പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നില്ല. ആര്‍ എസ് എസ് നേതാക്കളായിരുന്ന ഒ കെ വാസുവും സുധീഷ് മിന്നിയുമെല്ലാം സ്വീകരിച്ച പാതയിലേക്ക് തന്റെ മനസും ഏറെ നാളായി സഞ്ചരിക്കുകയായിരുന്നു. ഒടുവില്‍ നോട്ട് നിരോധന വിഷയത്തില്‍ സംഘപരിവാര്‍ സ്വീകരിച്ച നിലപാട് കൂടിയായപ്പോള്‍ ഇനിയും സഹിക്കാനാവില്ലെന്ന് ഉറപ്പിച്ചാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പത്മകുമാറിനും ആര്‍ എസ് എസ് ബന്ധം വിച്ഛേദിച്ച 150 പേര്‍ക്കും സി പി എം തലസ്ഥാനത്ത് വരും ദിവസം വന്‍ സ്വീകരണം നല്‍കും. പാര്‍ടിയുടെ സംസ്ഥാന നേതാക്കള്‍ സ്വീകരണ സമ്മേളനത്തിനെത്തുമെന്നും ആനാവൂര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി അജയകുമാറും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here