Connect with us

Kerala

നിലമ്പൂര്‍: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ പി സി സി

Published

|

Last Updated

തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍ തല, ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ സത്യം കണ്ടെത്താന്‍ അപര്യാപ്തമാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പോലീസ് നടപടിയെക്കുറിച്ച് ദുരൂഹതകളും സംശയങ്ങളും ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യത്തില്‍ പോലീസിന്റെ തന്നെ മറ്റൊരു വിഭാഗമായ ക്രൈംബ്രാഞ്ച് ഇക്കാര്യം അന്വേഷിച്ചാല്‍ അതിനു വിശ്വാസ്യത ഉണ്ടാകില്ല. അതുപോലെ സര്‍ക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനായ സബ് കലക്ടര്‍ നടത്തുന്ന മജിസ്റ്റീരിയല്‍ എന്‍ക്വയറി നിഷ്പക്ഷമാകുമെന്ന് സ്വാഭാവികമായി ജനങ്ങള്‍ കരുതില്ല.

അതുകൊണ്ട് ഈ സംഭവത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നിലയില്‍ നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ അന്വേഷണം അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയോ ലഭ്യമല്ലെങ്കില്‍ റിട്ടയര്‍ഡ് ഹൈക്കോടതി ജഡ്ജിയെയോ അന്വേഷണ കമ്മീഷനായി വരുന്നതാണ് ഉചിതം. ആയതിനാല്‍ ഇക്കാര്യത്തില്‍ വിശ്വാസയോഗ്യമായ നിലയില്‍ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരുന്നതിന് ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.