ചേരി ചേരായ്മയില്‍ അടിയുറച്ച് ഇന്ത്യന്‍ സൗഹൃദം

Posted on: November 27, 2016 12:34 am | Last updated: November 27, 2016 at 12:34 am

castro-and-nehruന്യൂഡല്‍ഹി: ഇന്ത്യയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു കാസ്‌ട്രോ. ചേരി ചേരാ നയത്തിന്റെ ഭാഗമായിരുന്നു പശ്ചാത്തലത്തിലാണ് ഈ ബന്ധം വളര്‍ന്ന് ദൃഢമായത്. നെഹ്‌റു- ഗാന്ധി കുടുംബവുമായി ഊഷ്മളമായ ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായുള്ള ബന്ധം സഹോദര തുല്യമായിരുന്നു. 1983ല്‍ ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടിക്ക് കാസ്‌ട്രോ ന്യൂഡല്‍ഹിയില്‍ എത്തിയിരുന്നു. അന്ന് വിജ്ഞാന്‍ ഭവനില്‍ തിങ്ങിനിറഞ്ഞത് നാമില്‍ ഉള്‍പ്പെട്ടതും അല്ലാത്തതുമായ 100 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളായിരുന്നു. സമ്മേളന അധ്യക്ഷ സ്ഥാനം ഇന്ദിരാഗാന്ധിക്ക് സമ്മാനിക്കുന്ന ഘട്ടത്തില്‍ ഫിദല്‍ പറഞ്ഞ വാക്കുകള്‍ ചരിത്രഭാഗമാണ്. എന്റെ പ്രിയ സഹോദരിക്ക് അധ്യക്ഷസ്ഥാനം കൈമാറുമ്പോള്‍ ഞാന്‍ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നായിരുന്നു ആ വാക്കുകള്‍.
നാമിന്റെ തൊട്ടു മുമ്പത്തെ ഉച്ചകോടി ക്യൂബന്‍ തലസ്ഥാനത്തായിരുന്നു. ക്യൂബക്ക് ഇന്ത്യ എക്കാലത്തും സഹായഹസ്തം നീട്ടിയിട്ടുണ്ട്. ക്യൂബന്‍ ഡോക്ടര്‍മാരുടെ സേവനം നിരവധി ദുരന്ത മുഖത്ത് ഇന്ത്യക്ക് തുണയാകുകയും ചെയ്തു. ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയോട് കാസ്‌ട്രോക്ക് സവിശേഷമായ ബഹുമാനമുണ്ടായിരുന്നു.