Connect with us

Editors Pick

വിപ്ലവ ചരിത്രത്തിന്റെ ചുവന്ന ഏട്

Published

|

Last Updated

ഹവാന സര്‍വകലാശാലയില്‍ നിയമം പഠിക്കുമ്പോഴാണ് ഫിദല്‍ കാസ്‌ട്രോ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തില്‍ ആകൃഷ്ടനാകുന്നത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും കൊളംബിയയിലും നടന്ന സായുധ വിപ്ലവത്തില്‍ പങ്കെടുത്ത ആവേശം, ക്യൂബയിലെ ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സ്ഥാപിത സര്‍ക്കാറിനെ പുറത്താക്കണമെന്ന ആഗ്രഹം അദ്ദേഹത്തില്‍ ശക്തമാക്കി. എന്നാല്‍, മൊന്‍കാട ബാരക്‌സ് ആക്രമണം എന്നറിയപ്പെടുന്ന പരാജിത വിപ്ലവശ്രമത്തിന് ശേഷം ഫിദല്‍ ജയിലിലായി.
മോചിതനായശേഷം സഹോദരനായ റൗള്‍ കാസ്‌ട്രോയോടൊപ്പം മെക്‌സിക്കോയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. അവിടെ വെച്ചാണ് റൗള്‍ കാസ്‌ട്രോയുടെ സുഹൃത്ത് വഴി ഫിദല്‍ കാസ്‌ട്രോ, ചെ ഗുവേരയെ പരിചയപ്പെടുന്നത്. ഇത് വലിയ ആവേശമാണ് അദ്ദേഹത്തില്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് ക്യൂബന്‍ വിപ്ലവം തൊട്ട് അദ്ദേഹത്തിന്റെ മരണം വരെയുള്ളത് വിപ്ലവത്തിന്റെ ചുവന്ന ചരിത്രം.
1959 ജനുവരി ഒന്ന്: ഏകാധിപതി ബാറ്റിസ്റ്റയെ സായുധ വിപ്ലവത്തിലൂടെ പുറത്താക്കി ക്യൂബയുടെ അധികാരം ഫിദല്‍ കാസ്‌ട്രോ പിടിച്ചെടുക്കുന്നു.
1960 ജൂണ്‍: ക്യൂബയില്‍ യു എസ് നിയന്ത്രണത്തിലുണ്ടായിരുന്ന എണ്ണശുദ്ധീകരണ ശാലകളെല്ലാം ദേശസാത്കരിക്കുന്നു. അമേരിക്കന്‍ വ്യാപാരങ്ങള്‍ക്കും രാജ്യത്ത് ഷട്ടറിട്ടു.
1960 ഒക്‌ടോബര്‍: ഭക്ഷണവും മരുന്നും ഒഴികെയുള്ള സാധനങ്ങള്‍ ക്യൂബയിലേക്ക് കയറ്റിയയക്കുന്നത് വാഷിംഗ്ടണ്‍ നിരോധിച്ചു.
1961 ഏപ്രില്‍ 16: ക്യൂബയെ സ്ഥിതിസമത്വ രാഷ്ട്രമായി കാസ്‌ട്രോ പ്രഖ്യാപിക്കുന്നു.
1961 ഏപ്രില്‍ 17: അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സി ഐ എയുടെ നേതൃത്വത്തില്‍ നടത്തിയ മിന്നലാക്രമണം (ബേ ഓഫ് പിഗ്‌സ്) മൂന്ന് ദിവസം നീണ്ട പ്രത്യാക്രമണത്തിലൂടെ കാസ്‌ട്രോയുടെ ക്യൂബന്‍ വിപ്ലവ സായുധ സേന പരാജയപ്പെടുത്തുന്നു.
1962 ഫെബ്രുവരി ഏഴ്: ക്യൂബയില്‍ നിന്നുള്ള ഇറക്കുമതിക്ക് യു എസില്‍ സമ്പൂര്‍ണ നിരോധം.
1962 ഒക്‌ടോബര്‍: ക്യൂബയില്‍ നിന്ന് എല്ലാ ആണവ മിസൈലുകളും നീക്കുമെന്ന് സോവിയറ്റ് യൂനിയന്റെ പ്രഖ്യാപനം. ക്യൂബക്ക് നേരെ ആക്രമണമുണ്ടാകില്ലെന്ന് യു എസ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ സ്വകാര്യ സമ്മതം.
1968 മാര്‍ച്ച്: രാജ്യത്തെ എല്ലാ സ്വകാര്യ സംരംഭങ്ങളും കാസ്‌ട്രോ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു.
1980 ഏപ്രില്‍: ആര്‍ക്ക് വേണമെങ്കിലും രാജ്യം വിട്ടുപോകാമെന്ന് കാസ്‌ട്രോയുടെ പ്രഖ്യാപനം. മാരിയല്‍ ബോട്ട്‌ലിഫ്റ്റ് എന്നറിയപ്പെടുന്ന ഈ സംഭവത്തോടെ ക്യൂബയിലെ മാരിയല്‍ തുറമുഖത്ത് നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് അമേരിക്കയിലേക്ക് പലായനം ചെയ്തത്.
1991 ഡിസംബര്‍: സോവിയറ്റ് യൂനിയന്റെ തകര്‍ച്ച ക്യൂബന്‍ സാമ്പത്തിക മേഖലയില്‍ പ്രതികൂല ചലനമുണ്ടാക്കുന്നു.
2003 മാര്‍ച്ച് 18: സര്‍ക്കാറിന്റെ വിമര്‍ശകരായ 75 പേരെ കാസ്‌ട്രോ ജയിലിലടക്കുന്നു.
2006 ജൂലൈ 31: രാജ്യഭരണാധികാരം താത്കാലികമായി സഹോദരന്‍ റൗള്‍ കാസ്‌ട്രോക്ക് കൈമാറുന്നുവെന്ന് ഫിദലിന്റെ പ്രഖ്യാപനം.
2008 ഫെബ്രുവരി 19: ക്യൂബന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഫിദല്‍ കാസ്‌ട്രോയുടെ രാജി.
2010 ജൂലൈ: നീണ്ട കാലത്തിന് ശേഷം കാസ്‌ട്രോ ചാനല്‍ അഭിമുഖത്തില്‍ പ്രത്യക്ഷപ്പെടുന്നു.
2011 ഏപ്രില്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി പദം സഹോദരന്‍ റൗളിന് വിട്ട് നല്‍കി അവസാന ഔദ്യോഗിക സ്ഥാനം കൂടി കാസ്‌ട്രോ ഉപേക്ഷിക്കുന്നു.
2016 ഏപ്രില്‍ 19: ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏഴാം കോണ്‍ഗ്രസില്‍ ഫിദല്‍ കാസ്‌ട്രോയുടെ വിടവാങ്ങല്‍ പ്രസംഗം: “എല്ലാവരെയും പോലെ നമുക്കും ആ സമയം വന്നുചേരും. എന്നാല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് എന്ന ആശയം അവശേഷിക്കുക തന്നെ ചെയ്യും.”
2016 നവംബര്‍ 25: വിപ്ലവ സൂര്യന്‍ അസ്തമിച്ചു.