സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം: സംസ്ഥാനങ്ങളുടെ ആവശ്യം ധനമന്ത്രാലയം തള്ളി

Posted on: November 27, 2016 12:06 am | Last updated: November 27, 2016 at 12:06 am

currencyന്യൂഡല്‍ഹി: നോട്ട് നിരോധത്തെ തുടര്‍ന്ന് പണമിടപാടില്‍ നിയന്ത്രണം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്ര ധനകാര്യ മന്ത്രാലയം നിരാകരിച്ചു. കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ച ശമ്പളം നേരിട്ട് പണമായി നല്‍കണമെന്ന ആവശ്യമാണ് ധനമന്ത്രാലയം തള്ളിയത്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്.
അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരം ഇറക്കുന്ന നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് പണ ദൗര്‍ലഭ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ശമ്പളം പണമായി നല്‍കാനാകില്ലെന്നാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം.
അതേസമയം, സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ താത്കാലികമാണെന്നും പ്രശ്‌നപരിഹാരത്തിന് ആവശ്യമായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നബാര്‍ഡ് ചെയര്‍മാന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനു വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. നോട്ട് മാറ്റവുമായി ബന്ധപ്പെട്ട് ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചിരുന്നതായും ഇതുവരെ സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തോടു വിശദീകരിച്ചതായും ജെയ്റ്റ്‌ലി പറഞ്ഞു. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ ആശങ്കകള്‍ അവസാനിക്കുമെന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
കൂടുതല്‍ ഇളവുകള്‍ തേടി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം ജെയ്റ്റ്‌ലിക്ക് കത്തയച്ചിരുന്നു. സംസ്ഥാനത്തെ ആറര ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരില്‍ അഞ്ചര ലക്ഷം പേര്‍ ബേങ്ക് മുഖേനയാണ് ശമ്പളം കൈപ്പറ്റുന്നതെന്നിരിക്കെ ബേങ്കുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ആഴ്ചയില്‍ 24,000 രൂപയായി നിശ്ചയിച്ചത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് തോമസ് ഐസക് കേന്ദ്ര ധനമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശമ്പളത്തിനും പെന്‍ഷനും തുല്യമായ തുക ബേങ്കുകളില്‍ നിന്ന് പിന്‍വലിക്കാനനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
4.50 ലക്ഷം പേര്‍ ട്രഷറി അക്കൗണ്ട് വഴിയും 50,000 പേര്‍ ഡ്രോയല്‍ ആന്‍ഡ് ഡിസ്ബഴ്‌സിംഗ് ഓഫീസര്‍മാര്‍ വഴി നേരിട്ടുമാണ് ശമ്പളം വാങ്ങുന്നത്. ബേങ്കുകളിലൂടെയല്ലാതെ ശമ്പളം പറ്റുന്ന ജീവനക്കാരോട് ബേങ്ക് അക്കൗണ്ട് വിവരം വകുപ്പ് മേധാവികളിലൂടെ ധനകാര്യ വകുപ്പിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്കൗണ്ട് ഇല്ലാത്തവര്‍ ഉടന്‍ തന്നെ ബേങ്ക് അക്കൗണ്ട് എടുത്ത് നമ്പര്‍ അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.