നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: ക്രൈംബ്രാഞ്ച് അന്വേഷിക്കും

Posted on: November 26, 2016 10:27 pm | Last updated: November 27, 2016 at 4:46 pm

നിലമ്പൂര്‍ വനപാതയില്‍ എത്തിച്ച കുപ്പു ദേവരാജന്റെ മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റുന്നു

തിരുവനന്തപുരം/ കോഴിക്കോട്: നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ടയെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡി ജി പി ഉത്തരവിട്ടു. ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യയക്കാണ് അന്വേഷണച്ചുമതല. നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകള്‍ മരിച്ചത് ഏറ്റുമുട്ടലിലൂടെയല്ലെന്ന സംശയം ബലപ്പെടുന്ന സാഹചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. നിലമ്പൂരിലേത് ഏറ്റുമുട്ടലാണെന്ന് ഉറപ്പിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ വ്യക്തമാക്കിയ ദിവസം തന്നെയാണ് വിഷയത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഡി ജി പി പ്രഖ്യാപിച്ചതെന്ന് ശ്രദ്ധേയമാണ്. സംസ്ഥാനങ്ങള്‍ ഇത്തരം ഏറ്റുമുട്ടലുകള്‍ നടത്തുന്നതിനെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്ന സുപ്രീം കോടതി മാനദണ്ഡമനുസരിച്ചാണ് അന്വേഷണമെന്ന് ഡി ജി പി വ്യക്തമാക്കി.
നിലമ്പൂരില്‍ എടക്കരക്ക് സമീപം കരുളായി വനമേഖലയില്‍ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നായിരുന്നു പോലിസ് ഭാഷ്യം. എന്നാല്‍, വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നും പോലിസ് ഏകപക്ഷീയമായി വെടിവച്ചുകൊല്ലുകയുമായിരുന്നുവെന്നുമുള്ള തെളിവുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് അന്വേഷണത്തിന് ഡി ജി പി ഉത്തരവിട്ടത്. നിലമ്പൂരിലുണ്ടായ മാവോയിസ്റ്റ് വേട്ടയെ രൂക്ഷമായി വിമര്‍ശിച്ചും സമഗ്രാന്വേഷണം ആവശ്യപ്പെട്ടും സി പി ഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും സംഭവസ്ഥലത്ത് നിന്ന് തിടുക്കത്തില്‍ പോലീസ് മൃതദേഹങ്ങള്‍ മാറ്റിയത് സംശയം ജനിപ്പിക്കുന്നതാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപണം ഉന്നയിച്ചിരുന്നു.
ഇതിനിടെ തിരുവനന്തപുരത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. സെക്രട്ടേറിയറ്റിനടുത്ത് സ്‌പെന്‍സര്‍ ജംഗ്ഷനില്‍ കോഫീ ഹൗസിന്റെ ടോയ്‌ലറ്റിലാണ് മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ കണ്ടത്. നിലമ്പൂര്‍ സംഭവത്തിന് തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് പോസ്റ്റര്‍.
അതേസമയം, മാവോയിസ്റ്റുകളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് തിങ്കളാഴ്ച വരെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചു. സി പി ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗവും പശ്ചിമഘട്ട സ്‌പെഷ്യല്‍ സോണല്‍ സെക്രട്ടറിയുമായ തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി കുപ്പു ദേവരാജ്, തമിഴ്‌നാട് സ്വദേശിനി കാവേരി എന്ന അജിത എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ആര്‍ സോനു, ഡോ. രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഡോ. കൃഷ്ണകുമാര്‍, ഡോ. പ്രജിത്ത്, ഡോ. ജെ ആര്‍ നിഷ എന്നിവരുള്‍പ്പെടുന്ന സംഘമാണ് മൃതദേഹ പരിശോധന നടത്തിയത്. കുപ്പു ദേവരാജിന്റെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് പരിസരത്ത് എത്തിയിരുന്നു. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ മൃതദേഹ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് ഇവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു.
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നില്‍ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു. മൃതദേഹങ്ങള്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും തീവ്ര നിലപാട് സ്വീകരിക്കുന്ന ചില സംഘടനകളുടെയും നേതൃത്വത്തിലുള്ള പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറുന്ന ഘട്ടത്തിലേക്ക് നീങ്ങിയതോടെ മോര്‍ച്ചറി പരിസരത്ത് നിന്ന് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ 29 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മുദ്രാവാക്യം വിളിച്ച് മോര്‍ച്ചറിക്ക് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച ഗ്രോ വാസു ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. നടക്കാവ് പോലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് രണ്ട് മണിക്കൂറിന് ശേഷം വിട്ടയച്ചു. അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗ്രോ വാസുവിനെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോരാട്ടം പ്രവര്‍ത്തകനായ എം എന്‍ രാവുണ്ണിയെ കസ്റ്റഡിയിലെടുത്ത ശേഷം മാനന്തവാടി പോലീസിന് കൈമാറി. മെഡിക്കല്‍ കോളജിന് മുന്നിലുള്ള പ്രതിഷേധത്തിന്റെ പേരിലല്ലെന്നും മറിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് മാനന്തവാടിയില്‍ പോസ്റ്ററുകള്‍ പതിച്ച കേസുമായി ബന്ധപ്പെട്ടാണ് രാവുണ്ണിയുടെ അറസ്റ്റെന്നും പോലീസ് പറഞ്ഞു.
നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് കുപ്പു ദേവരാജിന്റെ സഹോദരന്‍ ബാബു ദേവരാജ്, ആര്‍ എം പി ഐ നേതാവ് കെ കെ രമ, ഗ്രോ വാസു തുടങ്ങിയവര്‍ ആരോപിച്ചു. നടന്നത് ഏറ്റുമുട്ടല്‍ തന്നെയാണെന്നും പ്രത്യാക്രമണത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നുമാണ് പോലീസിന്റെ വാദം. നിലമ്പൂര്‍ വനമേഖലയിലെ അഞ്ച് ടെന്റുകളില്‍ നിന്ന് ഒരു പിസ്റ്റളും ഡിറ്റണേറ്ററുകളുമൊഴികെ മറ്റ് ആയുധങ്ങളൊന്നും ലഭിച്ചില്ലെന്നിരിക്കെ, ആയുധങ്ങളുമായി ക്യാമ്പിലുണ്ടായിരുന്ന മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടെന്നാണ് പോലീസ് പറയുന്നത്.