ദുരൂഹതകള്‍ ബാക്കിയാക്കി ഏറ്റുമുട്ടല്‍ വധം

Posted on: November 26, 2016 8:42 am | Last updated: November 25, 2016 at 11:45 pm
നിലമ്പൂര്‍ വനപാതയില്‍ എത്തിച്ച കുപ്പു ദേവരാജന്റെ മൃതദേഹം  ആംബുലന്‍സിലേക്ക് മാറ്റുന്നു
നിലമ്പൂര്‍ വനപാതയില്‍ എത്തിച്ച കുപ്പു ദേവരാജന്റെ മൃതദേഹം
ആംബുലന്‍സിലേക്ക് മാറ്റുന്നു

മലപ്പുറം: കരുളായി വനമേഖലയില്‍ പോലീസിന്റെ വെടിയേറ്റ് രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദൂരൂഹതകള്‍ ബാക്കി. എല്ലാറ്റിലും രഹസ്യസ്വഭാവം സൂക്ഷിച്ച പോലീസ് നടപടിയാണ് സംശയങ്ങള്‍ക്കിടയാക്കുന്നത്. ഏറ്റുമുട്ടലുണ്ടായെന്ന് പോലീസ് പറയുമ്പോഴും കൊല്ലപ്പെട്ട കുപ്പു ദേവരാജന്റെയോ അജിതയുടേയോ പക്കല്‍ നിന്ന് ആയുധങ്ങളൊന്നും കണ്ടെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മാവോയിസ്റ്റ് സംഘം വെടിയുതിര്‍ത്തതോടെ പോലീസ് തിരിച്ച് വെടിവെക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പോലീസ് സംഘത്തില്‍ നിന്ന് ഒരാള്‍ക്ക് പോലും ചെറിയ പരുക്ക് പോലും ഏറ്റിട്ടില്ല. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നു. അക്രമം നടന്നതിന്റെ സൂചനകളും സംഭവ സ്ഥലത്തുണ്ടായിരുന്നില്ല.

ഉണക്കപ്പാറ വനമേഖലയിലുള്ള താത്കാലിക ഷെഡില്‍ മാവോയിസ്റ്റുകള്‍ വിശ്രമിക്കുന്ന സമയത്ത് പോലീസ് വളഞ്ഞ് വെടിവെച്ചതാകാമെന്നാണ് കരുതുന്നത്. ഏറ്റുമുട്ടല്‍ ഉണ്ടാകുമ്പോള്‍ സ്വയംരക്ഷക്കാണ് പോലീസ് സാധാരണ വെടിവെക്കാറുള്ളത്. എന്നാല്‍, ഇതൊന്നും പാലിക്കാതെ മാവോയിസ്റ്റുകള്‍ക്ക് നേരെ പോലീസ് പ്രകോപനമില്ലാതെ വെടിവെച്ചതാണെന്ന സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച അതിരാവിലെ മുതല്‍ പോലീസും തണ്ടര്‍ ബോള്‍ട്ടും വനമേഖലയില്‍ പ്രവേശിച്ചിരുന്നു. സംഭവം പുറത്തറിയുന്നത് ഉച്ചക്ക് ശേഷം മാത്രമാണ്. പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മാത്രമാണ് സംഭവം നേരത്തെ അറിഞ്ഞിരുന്നത്. വെടിവെപ്പിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറാനോ വനത്തിനുള്ളില്‍ പ്രവേശിപ്പിക്കാനോ പോലീസ് തയ്യാറായിരുന്നില്ല.

ഇന്നലെ രാവിലെ ഏഴിന് മൃതദേഹം കിടന്ന സ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ കൊണ്ടുപോകാമെന്ന് ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ ആറരയോടെ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും വനത്തിനുള്ളില്‍ പ്രവേശിപ്പിക്കുന്നത് തടഞ്ഞു. പിന്നീട് വൈകുന്നേരം നാലോടെ വനത്തിലേക്ക് പോകാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയെങ്കിലും സംഭവ സ്ഥലത്തെത്താനായില്ല. മൂന്നര കിലോമീറ്റര്‍ അപ്പുറത്തുള്ള വനപാത വരെ എത്താനേ കഴിഞ്ഞുള്ളൂ. മൃതദേഹങ്ങള്‍ ഉടന്‍ എത്തുമെന്നും വനപാതയില്‍ തങ്ങാനുമായിരുന്നു നിര്‍ദേശം.

അതേസമയം, പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട് സ്വദേശി കുപ്പു ദേവരാജന്‍, കാവേരി എന്ന അജിത എന്നിവരുടെ മൃതദേഹങ്ങളാണ് വന്‍ പോലീസ് സന്നാഹത്തോടെ കൊണ്ടുപോയത്.

സബ് കലക്ടര്‍ ജഅ്ഫര്‍ മാലിക്, നിലമ്പൂര്‍ തഹസില്‍ദാര്‍ പി പി ജയചന്ദ്രന്‍, തമിഴ്‌നാട് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എസ് പി. ഷിബു ചക്രവര്‍ത്തി, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം പുറത്തെത്തിച്ചത്. സംഭവത്തില്‍ മഞ്ചേരി യു എ പി എ സ്‌പെഷ്യല്‍ കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി പോലീസ് സംഘം വനത്തിനുള്ളില്‍ ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്.