മാധ്യമങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് അവരെന്നാണ് ഒരു സര്‍വേ നടത്തുക?

കഴിഞ്ഞ മൂന്ന് ആഴ്ചക്കാലമായി രാജ്യത്തുടനീളം സാധാരണ ജനജീവിതം സ്തംഭിച്ചിട്ടും മാധ്യമങ്ങള്‍ തിരിഞ്ഞുനോക്കാത്ത ഒരു ജനതയായി ഇന്ത്യയിലെ സാധാരണക്കാര്‍ മാറുന്നതെങ്ങനെയാണ്? മോദിയുടെ മണ്ടന്‍ പരിഷ്‌കാരം രാജ്യത്ത് സാമൂഹിക സംഘര്‍ഷം സൃഷ്ടിക്കുമെന്നും സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് അത് രാജ്യത്തെ നയിക്കുമെന്നും നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് പോളിസി മുന്നറിയിപ്പ് നല്‍കിയിട്ട് പോലും രാജ്യത്തെ പ്രമുഖ ചാനലുകളും പത്രങ്ങളും ആരെയാണ് കാത്തുനില്‍ക്കുന്നത്? മാധ്യമ സാന്ദ്രത ഏറെയുള്ള ഒരു രാജ്യത്ത്, നീണ്ട വരിയില്‍ നിന്ന് വിയര്‍ക്കുന്ന സാധാരണക്കാരന്‍ ഒരു വാര്‍ത്തയേ അല്ലാതിരിക്കുകയും നോട്ടിനുള്ള നെട്ടോട്ടത്തിനിടയില്‍ ഇതിനകം ജീവന്‍ നഷ്ടപ്പെട്ട ആളുകളുടെ വേദനക്ക് പത്രങ്ങളിലും ചാനലുകളിലും ഇടമില്ലാതായിപ്പോകുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? നോട്ട് പിന്‍വലിച്ച ശേഷം സാധാരണക്കാര്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അന്വേഷിക്കുന്ന മാധ്യമങ്ങളെക്കാള്‍ കൂടുതല്‍ മോദിക്ക് സ്തുതി പാടുന്ന മാധ്യമങ്ങള്‍ എണ്ണത്തില്‍ കൂടുന്നത് ആശങ്കയുണര്‍ത്തുന്ന വസ്തുതയല്ലേ?
Posted on: November 26, 2016 6:00 am | Last updated: November 25, 2016 at 11:22 pm

Recession falling Rupee currency sign hitting fresh low, investor escape

അടുത്ത തവണ നിങ്ങള്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമ്പോള്‍ കുടുംബമുള്ള ഒരാളെ തിരഞ്ഞെടുക്കണം. അയാള്‍ക്ക് മാത്രമേ, കുടുംബത്തിന്റെയും ഗൃഹനാഥന്റെയും വേദന മനസ്സിലാക്കാന്‍ കഴിയൂ. നിങ്ങളെ മുതലെടുക്കുന്ന ഒരു വിഡ്ഢിയെ ഒരു കാരണവശാലും ഇനി നിങ്ങള്‍ തിരഞ്ഞെടുക്കരുത്
– അരുണ്‍ ഷൂരി
ഇന്ന് നടന്ന ഒരു സംഭവം വാര്‍ത്തയാകണമെങ്കില്‍ ആ സംഭവത്തിന് ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കണം എന്ന് ജേണലിസം വിദ്യാര്‍ഥികള്‍ പഠിക്കാറുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മാനുഷിക താത്പര്യം. പൊതുനന്മയുള്ള, മാനുഷിക താത്പര്യം ഉള്‍ക്കൊണള്ളുന്ന ഏതൊരു സംഭവവും വാര്‍ത്തയാക്കി മാറ്റാം. ഈ അടിസ്ഥാന യോഗ്യതയുള്ളതെന്തും പത്രപ്രവര്‍ത്ത കര്‍ക്ക് വാര്‍ത്തയാണ് എന്നിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വെച്ച സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ പൊറുതിമുട്ടിയ പൊതുജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് ക്യാമറ തിരിക്കാന്‍ ആര്‍ക്കാണ് ഭയം? കഴിഞ്ഞ മൂന്ന് ആഴ്ചക്കാലമായി രാജ്യത്തുടനീളം സാധാരണ ജനജീവിതം സ്തംഭിച്ചിട്ടും മാധ്യമങ്ങള്‍ തിരിഞ്ഞുനോക്കാത്ത ഒരു ജനതയായി ഇന്ത്യയിലെ സാധാരണക്കാര്‍ മാറുന്നതെങ്ങനെയാണ്? മോദിയുടെ മണ്ടന്‍ പരിഷ്‌കാരം രാജ്യത്ത് സാമൂഹിക സംഘര്‍ഷം സൃഷ്ടിക്കുമെന്നും സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് അത് രാജ്യത്തെ നയിക്കുമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് പോളിസി മുന്നറിയിപ്പ് നല്‍കിയിട്ട് പോലും രാജ്യത്തെ പ്രമുഖ ചാനലുകളും പത്രങ്ങളും ആരെയാണ് കാത്തുനില്‍ക്കുന്നത്? മാധ്യമ സാന്ദ്രത ഏറെയുള്ള ഒരു രാജ്യത്ത്, നീണ്ട വരിയില്‍ നിന്ന് വിയര്‍ക്കുന്ന സാധാരണക്കാരന്‍ ഒരു വാര്‍ത്തയേ അല്ലാതിരിക്കുകയും നോട്ടിനുള്ള നെട്ടോട്ടത്തിനിടയില്‍ ഇതിനകം ജീവന്‍ നഷ്ടപ്പെട്ട ആളുകളുടെ വേദനക്ക് പത്രങ്ങളിലും ചാനലുകളിലും ഇടമില്ലാതായിപ്പോകുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? നോട്ട് പിന്‍വലിച്ച ശേഷം ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അന്വേഷിക്കുന്ന മാധ്യമങ്ങളെക്കാള്‍ കൂടുതല്‍ മോദിക്ക് സ്തുതി പാടുന്ന മാധ്യമങ്ങള്‍ എണ്ണത്തില്‍ കൂടുന്നത് ആശങ്കയുണര്‍ത്തുന്ന വസ്തുതയല്ലേ?

അധ്വാനിച്ചു സമ്പാദിച്ച പണം സ്വന്തം അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥ ലോകത്ത് മറ്റൊരു രാജ്യത്തും ഉണ്ടായിട്ടില്ല എന്നാണ് സാമ്പത്തിക വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിംഗ് പാര്‍ലിമെന്റില്‍ പറഞ്ഞത്. രാജ്യം സ്വതന്ത്രമായ ശേഷം സാമ്പത്തിക അരാചകത്വം ഇത്രമേല്‍ ജനജീവിതത്തെ അട്ടിമറിച്ച സമയം ഉണ്ടായിട്ടില്ല. ഇന്ത്യ ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന പ്രത്യേക അവസ്ഥ നേരില്‍ കാണാന്‍ പോലും മാധ്യമങ്ങള്‍ അനുവദിക്കുന്നില്ല എന്നത് അതിലേറെ ഭയാനകമാണ്. സോഷ്യല്‍ മീഡിയ ഇത്ര വ്യാപകമാല്ലാത്ത ഒരു കാലത്തായിരുന്നു ഇത്തരമൊരു സാമ്പത്തിക അടിയന്തിരാവസ്ഥ ഉണ്ടായിരുന്നതെങ്കില്‍, രാജ്യത്തിന്റെ ചിത്രം മറ്റൊന്നായേനെ. നീണ്ട വരിയും ബേങ്കിന് മുന്‍പിലുള്ള ലാത്തിച്ചാര്‍ജുമെല്ലാം നഗരങ്ങളിലെയോ സമാനമായ സൗകര്യങ്ങളുള്ള പ്രദേശങ്ങളിലെയോ ചിത്രങ്ങള്‍ മാത്രമാണ്. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്ന, ജനസംഖ്യയുടെ 69 ശതമാനം വരുന്ന 833 മില്യന്‍ ഗ്രാമീണരും എങ്ങനെയാണ് ജീവിക്കുന്നതെന്ന് പോലും നമുക്ക് എവിടെ നിന്നും അറിയാന്‍ മാര്‍ഗ മില്ല. വര്‍ഷത്തിലൊരിക്കല്‍ മാത്രം ബേങ്ക് നേരില്‍ കാണുന്ന, മാസം ആയിരത്തില്‍ താഴെ മാത്രം വരുമാനമുള്ള ഈ ഗ്രാമീണ കുടുംബങ്ങളെ ഒരു ബേങ്കിന് മുന്‍പിലുള്ള വരിയിലും കാണാന്‍ കഴിയില്ല. എന്നിട്ടും രാജ്യത്തെ പ്രമുഖ വാര്‍ത്താ ചാനലുകളും പത്രങ്ങളും വിളിച്ചുപറയുന്നു, മോദിയുടെ നീക്കം പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണെന്ന്. അടുത്ത കൊയ്ത്തുകാലത്തെക്കുറിച്ചു സ്വപ്‌നം കാണാനുള്ള ഇന്ത്യന്‍ കര്‍ഷകന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടതായി പ്രമുഖ ഗ്രാമീണ – വികസന പത്രപ്രവര്‍ത്തകന്‍ പി സായ്‌നാഥ് എഴുതി. ഒരു രാത്രി കൊണ്ട്, തന്റെ കുടുംബം സ്വരുക്കൂട്ടി വെച്ചതെല്ലാം വെറുതെയായി എന്ന് തിരിച്ചറിയുന്ന ഒരു കര്‍ഷകന്റെ വേദനക്ക് കാഴ്ച്ചക്കാരില്ലാത്തതിനാല്‍ ചാനലുകളെല്ലാം കൃത്യമായ അകലം പാലിക്കുന്നു. ഈ വീഴ്ചയില്‍ ബി ജെ പിയുടെ ഇമേജ് വീണ്ടെടുക്കാനുള്ള മാര്‍ഗങ്ങളാണ് രാജ്യത്തെ പ്രമുഖപത്രമായ ഹിന്ദുസ്ഥാന്‍ ടൈംസ് കഴിഞ്ഞ ദിവസം എഡിറ്റോറിയല്‍ പേജില്‍ വിശദീകരിച്ചത്. ആസന്നമായിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ നോട്ട് പിന്‍വലിക്കല്‍ വോട്ടാക്കി മാറ്റാന്‍ കഴിയും എന്നുവരെ ഈ പത്രം എഴുതിക്കളഞ്ഞു. മോദിയേക്കാള്‍ തൊലിക്കട്ടിയാണ് ചില പത്രങ്ങള്‍ക്കുള്ളത് എന്ന് വ്യക്തം. രണ്ടാഴ്ചയായി ടൈംസ് ഓഫ് ഇന്ത്യയും ശ്രമം നടത്തുന്നത്, ഒരിക്കലും നടക്കാന്‍ പോകുന്നില്ല എന്ന് രാജ്യത്തെ ബഹുപൂരിപക്ഷം സാധാരണക്കാരും വിശ്വസിക്കുന്ന, കള്ളപ്പണക്കാരെ പിടിക്കാനായി എന്ന് വിശ്വസിപ്പിക്കാനാണ്. ആസന്നമായിരിക്കുന്ന സാമ്പത്തികദുരന്തം സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണിക്കാന്‍ ടൈംസ് നൗ, സീ ന്യൂസ് തുടങ്ങിയ ബി ജെ പി പ്രൊമോട്ടര്‍ ചാനലുകള്‍ തയ്യാറായതേയില്ല. നീണ്ട ക്യൂവിന് മുന്‍പില്‍ നിന്ന് തത്‌സമയദൃശ്യങ്ങള്‍ കാണിച്ചുകൊണ്ട്, ഇന്ത്യന്‍ ജനത രാജ്യത്തിന് വേണ്ടി കാത്തുനില്‍ക്കാന്‍ തയ്യാറാണ് എന്ന് വിളിച്ചുകൂവുന്ന പത്രപ്രവര്‍ത്തകര്‍ ഉണ്ട് എന്നല്ല അവരാണ് കൂടുതല്‍ എന്നത് തന്നെയാണ് ഈ സാമ്പത്തിക അരക്ഷിതാവസ്ഥക്കാലത്തെ ഭീതിപ്പെടുത്തുന്ന യാഥാര്‍ഥ്യം .

അവസാനം ചില നട്ടെല്ലുള്ള വിദേശമാധ്യമങ്ങള്‍ തന്നെ നേരിട്ട് വരേണ്ടിവന്നു, ഇന്ത്യയുടെ നിലവിലുള്ള അവസ്ഥ പകര്‍ത്താനും ജനങ്ങളിലെക്കെത്തിക്കാനും. ഡല്‍ഹിയിലെ കൊണാട്ട്‌പ്ലേസിലെ എസ് ബി ഐ ശാഖക്ക് മുന്‍പില്‍ കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ഫൂട്ടേജ് കാണിച്ചുകൊണ്ടാണ് അല്‍ജസീറ ചാനല്‍ ഇന്ത്യ ചെന്നുപെട്ടിരിക്കുന്ന അതിഭയാനകമായ സാമ്പത്തിക ദുരന്തത്തിന്റെല വാര്‍ത്ത ആരംഭിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങള്‍ ഒപ്പിയെടുക്കാനും അല്‍ജസീറ കാണിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇന്ത്യ നേരിടുന്ന അരക്ഷിതാവസ്ഥയുടെ കഥ പറയാനും ഈ ചാനല്‍ സമയം അനുവദിച്ചു. ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ നേരിട്ട് പകര്‍ത്തി, ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇടം നല്‍കി ന്യൂയോര്‍ക്ക് ടൈംസ്, ഇന്‍ഡിപെന്‍ഡ്ന്റ് പത്രങ്ങള്‍ ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പിഴവ് എന്ന് എഡിറ്റോറിയല്‍ എഴുതി. ഇന്ത്യന്‍ രൂപക്ക് കൈവന്ന മൂല്യച്യുതി ബി ബിസി സധീരം വിളിച്ചുപറഞ്ഞു. എന്നിട്ട് പോലും ലോകമാധ്യമങ്ങള്‍ മോദിയെ പ്രശംസിക്കുകയാണെന്ന് പറയാന്‍ രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ്, ഹിന്ദി ചാനലുകള്‍ മത്സരിച്ചു. അപ്പോള്‍ പിന്നെ ഇനിയും ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ വിശ്വസിക്കണം എന്ന് എങ്ങനെയാണ് പ്രേക്ഷകരോട്, വായനക്കാരോട് ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍ക്ക് പറയാന്‍ കഴിയുക?

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട ഒടുവിലെ തമാശ കഴിഞ്ഞ ദിവസം പുറത്തുവന്നു. രാജ്യത്തെ തൊണ്ണൂറ്റി രണ്ട് ശതമാനം പേരും മോദി മുന്നോട്ടുവെച്ച സാമ്പത്തിക അരക്ഷിതാവസ്ഥയെ അനുകൂലിക്കുന്നു എന്ന് മോദി തന്നെ അവതരിപ്പിച്ച മൊബൈല്‍ അപ്ലിക്കേഷന്‍ സര്‍വേ. എന്നാല്‍ ആപ്പ് വഴിയുള്ള സര്‍വേയില്‍ വിയോജിപ്പ് അറിയിക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ആപ്പില്‍ വിയോജിപ്പ് അറിയിക്കാനുള്ള ഓപ്ഷന്‍ ഇല്ലാതെ എങ്ങനെ നോട്ട് നിരോധ തീരുമാനത്തെ ജനം അനുകൂലിക്കുന്നുവെന്ന് പറയാനാകുമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നവമാധ്യമങ്ങളില്‍ രോഷം അറിയിച്ച് രംഗത്തെത്തിയ ആളുകള്‍ തന്നെ അതിന് സാക്ഷ്യം. സര്‍വേ ഫലം തങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ ആക്കാനാണ് വിയോജിപ്പ് ഓപ്ഷന്‍ ഒഴിവാക്കിയതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.
പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് മോദി പുറത്തുവിട്ട സര്‍വേ ഫലത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വരികയുണ്ടായി. കെട്ടിച്ചമച്ച ചോദ്യങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയ ഉത്തരങ്ങളുമാണ് സര്‍വേ ഫലം വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സ്വയം പടച്ചുണ്ടാക്കിയ സര്‍വേയുമായി മോദി സര്‍ക്കാര്‍ വീണ്ടും മുന്നിലെത്തിയിരിക്കുന്നു, മോദി ഭക്തരാണ് ഇതിന് പിന്നില്‍, ഇത്തരം ജാലവിദ്യയുമായി ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജെ വാല പറഞ്ഞു. നോട്ടുകള്‍ പിന്‍വലിച്ചത് മൂലമുണ്ടായ സാധാരണക്കാരുടെ വിലാപങ്ങള്‍ ആര് കേള്‍ക്കാനാണ്, വിയോജിക്കാന്‍ അവസരമില്ലാത്ത വാചകക്കസര്‍ത്തുകള്‍ മാത്രമാണ് മോദിയുടെ സവര്‍വേയിലുണ്ടായിരുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മിനിയാന്നാണ് മോദി സര്‍വേ ഫലം പുറത്തുവിട്ടത്. പണത്തേയല്ല ജനത്തെ തന്നെയാണ് മോദി മൂല്യമില്ലാതാക്കിയത്, പണത്തിനായി വരി നിന്ന് മരിച്ചവരുടെ കുടുംബങ്ങളോട് മാപ്പുപറയാന്‍ ഇതുവരെ സര്‍ക്കാാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍, ഇതൊന്നും മാധ്യമങ്ങള്‍ക്ക് ബോധിച്ച മട്ടില്ല. അവര്‍ മറുചോദ്യങ്ങളെ തമസ്‌കരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായ സര്‍വേക്കെതിരെ ബി ജെ പി എം പി ശത്രുഘ് നന്‍ സിന്‍ഹയും മുന്നോട്ടുവരികയുണ്ടായി. മോദി നടത്തിയ അഭിപ്രായ സര്‍വേ കെട്ടിച്ചമച്ചതാണെന്ന് ബീഹാറില്‍ നിന്നുള്ള എം പി പറഞ്ഞു. ട്വിറ്ററിലൂടെയാണ് സിന്‍ഹിയുടെ പ്രതികരണം. നോട്ടുനിരോധത്തില്‍ ജനപിന്തുണയറിയാനാണ് മോദി സര്‍വേ നടത്തിയത്. നിക്ഷിപ്ത താത്പര്യങ്ങള്‍ക്കനുസരിച്ച് കെട്ടിച്ചമച്ച കഥകളും സര്‍വേകളും നമുക്ക് ഉപേക്ഷിക്കാം. വിഡ്ഢികളുടെ സ്വര്‍ഗകത്തില്‍ തുടരുന്നതും നമുക്കവസാനിപ്പിക്കാമെന്നാണ് സിന്‍ഹയുടെ വിമര്‍ശനം. വോട്ടു ചെയ്തവരുടെയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരുടെയും വേദന മനസ്സിലാക്കണമെന്നും സിന്‍ഹ പറഞ്ഞു. അമ്മമാരും സഹോദരിമാരും അത്യാവശ്യഘട്ടങ്ങളിലേക്ക് സൂക്ഷിച്ച് വെച്ച സമ്പാദ്യത്തെ കള്ളപ്പണമായി കാണാനാകില്ലെന്നും സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.
പത്രത്തോടൊപ്പം ഒരു സംസ്‌കാരം പ്രചരിപ്പിക്കുന്ന മലയാളത്തിലെ പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത ഇങ്ങനെ: ”ചൊവ്വാഴ്ച രാവിലെ മുതലാണ് സര്‍വേ ആരംഭിച്ചത്. 15 മണിക്കൂറിനുള്ളില്‍ അഞ്ചു ലക്ഷം പേര്‍ സര്‍വേയില്‍ പങ്കെടുത്തു. കള്ളപ്പണത്തിനെതിരായുള്ള സര്‍ക്കാറിന്റെ നീക്കം പ്രയോജനകരമാണെന്നാണ് 90 ശതമാനം പേരും കരുതുന്നത്. അഴിമതിക്കെതിരെ പൊതുവെ സര്‍ക്കാര്‍ നടത്തുന്ന യുദ്ധത്തിന് 92 ശതമാനം പേരും മുഴുവന്‍ മാര്‍ക്കും നല്‍കുന്നു.” മാധ്യമ ധാര്‍മികത എന്ന സങ്കല്‍പം കേട്ടുകേള്‍വിയാകുന്ന ഒരു കാലത്ത് ഇങ്ങനെയൊക്കെയുള്ള വാര്‍ത്തകള്‍ അല്ലാതെ എങ്ങനെ പ്രതീക്ഷിക്കും? ഈ മാധ്യമങ്ങള്‍ക്ക് എങ്ങനെ, ആര് മാര്‍ക്കിടും? എങ്ങനെയാണ് ഈ പാവപ്പെട്ട ജനങ്ങള്‍ മാധ്യമങ്ങളെ വിശ്വാസത്തിലെടുക്കുക?
ലോക്‌സഭ പിരിച്ചുവിട്ട് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ധൈര്യമുണ്ടോ എന്ന് പാര്‍ലി മെന്റില്‍ ഇന്നലെ മായാവതി വെല്ലുവിളി ഉയര്ത്തിയപ്പോഴും നമ്മുടെ പ്രധാനമന്ത്രി മൗനം പാലിച്ചു എന്നതാണ് ഒരു സമാധാനം!