ഇസ്‌റാഈലിന് ഫലസ്തീന്റെ സഹായ ഹസ്തം

Posted on: November 25, 2016 11:34 pm | Last updated: November 25, 2016 at 11:34 pm
കാട്ടുതീ നാശം വിതച്ച ഹൈഫയില്‍ കോപ്റ്റര്‍ ഉപയോഗിച്ച് തീയണക്കുന്ന രക്ഷാപ്രവര്‍ത്തകര്‍
കാട്ടുതീ നാശം വിതച്ച ഹൈഫയില്‍ കോപ്റ്റര്‍ ഉപയോഗിച്ച് തീയണക്കുന്ന രക്ഷാപ്രവര്‍ത്തകര്‍

ജറുസലം: ഇസ്‌റാഈലിലെ ഹൈഫയില്‍ വ്യാപക നാശനഷ്ടത്തിനിടയാക്കിയ കാട്ടുതീ അണക്കാന്‍ ജൂത രാഷ്ട്രം എന്നും ശത്രുപക്ഷത്ത് നിര്‍ത്തിയ ഫലസ്തീനില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരും സഹായവും. ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ നാല് അഗ്നിശമന യൂനിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഹൈഫയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

തീ വ്യാപിച്ച സ്ഥലങ്ങളിലേക്ക് ഭക്ഷണം, വൈദ്യ സഹായങ്ങളെത്തിക്കാനുള്ള സംവിധാനങ്ങളും ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം ചെയ്തിരുന്നു.
കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ ഫലസ്തീനുമായി സഹകരിക്കുമെന്ന് ഇസ്‌റാഈല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫലസ്തീന് പുറമെ തുര്‍ക്കി, ജോര്‍ദാന്‍, ഈജിപ്ത് എന്നി രാജ്യങ്ങളോട് ഇസ്‌റാഈല്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രീസ്, സൈപ്രസ്, ക്രൊയേഷ്യ, ഇറ്റലി, റഷ്യ, അമേരിക്ക എന്നി രാജ്യങ്ങളില്‍ നിന്നുള്ള അഗ്നശമന, അത്യാഹിത വിഭാഗങ്ങള്‍ ഇസ്‌റാഈലിലെ പ്രശ്‌നബാധിത പ്രദേശങ്ങളിലെത്തും.

പല രാജ്യങ്ങളും പത്ത് വീധം വിമാനങ്ങള്‍ ഇസ്‌റാഈലിലേക്ക് അയക്കാന്‍ തീരുമാനിച്ചു. അമേരിക്കയുടെ ബോയിംഗ് 747 രക്ഷാപ്രവര്‍ത്തനത്തിനായി ഇസ്‌റാഈലിലെത്തിയിട്ടുണ്ട്.
ഫലസ്തീനെ ഒരുരാജ്യമായി അംഗീകരിക്കാതിരിക്കുകയും ഇവിടുത്തെ സാധാരണക്കാര്‍ക്ക് നേരെ കനത്ത ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇസ്‌റാഈല്‍ ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് വിഭാഗത്തോട് സഹായം അഭ്യര്‍ഥിച്ചത് പരിഹാസത്തിനിടയാക്കിയിട്ടുണ്ട്. എന്നാല്‍, ശത്രുരാജ്യത്തെ പോലും സഹായിക്കാനുള്ള ഫലസ്തീന്‍ സര്‍ക്കാറിന്റെ വിശാല മനസ്സ് ലോക സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി. ഫലസ്തീന്‍ ഡിഫന്‍സ് വിഭാഗത്തിന്റെ തീരുമാനം ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ലക്ഷക്കണക്കിന് ഡോളറിന്റെ നാശനഷ്ടമാണ് കാട്ടുതീ വരുത്തിയത്. ഇസ്‌റാഈലിന്റെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമായ ഹൈഫയിലെ തീപ്പിടിത്തം സമീപ നഗരങ്ങളിലേക്ക് പെടുന്നനെ വ്യാപിച്ചത് രക്ഷാപ്രവര്‍ത്തനം ദുസ്സഹമാക്കി. 60,000 ഓളം പേരെ കാട്ടുതീ ബാധിത പ്രദേശങ്ങളില്‍ നിന്ന് രക്ഷാപ്പെടുത്തിയിട്ടുണ്ട്. വീടുകളും വ്യാപാര സ്ഥാപനങ്ങളുമടക്കം ആയിരക്കണക്കിന് കെട്ടിടങ്ങള്‍ അഗ്നിക്കിരയായി. 30 പേരെ ചെറിയ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടര ലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് ഹൈഫ.